Advertisment

തിരൂരില്‍ ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി ; ശരീരത്തില്‍ മുറിവേറ്റതിന്റെയോ ക്ഷതമേറ്റതിന്റെയോ ലക്ഷണങ്ങളില്ല ; വിഷം ഉള്ളില്‍ ചെന്ന ലക്ഷണങ്ങളുമില്ല ; ചിരിച്ചു കളിച്ചു നടന്ന കുഞ്ഞ് മരിച്ചുവീണതില്‍ സംശയം ഉണര്‍ന്നത് അജ്ഞാതന്റെ ഫോണ്‍വിളിയോടെ..; ആശുപത്രികളില്‍ നിന്നും ലഭിക്കുന്നത് കുഞ്ഞുങ്ങള്‍ മരിച്ചത് ജനിതക പ്രശ്‌നങ്ങള്‍ കാരണമെന്ന സംശയം ശരിവയ്ക്കുന്ന തെളിവുകള്‍..?

New Update

മലപ്പുറം : ഒരേ കുടുംബത്തിലെ 6 കുട്ടികൾ മരിച്ച സംഭവം പുറംലോകം അറിഞ്ഞത് പൊലീസിനു ലഭിച്ച അജ്‌ഞാത ഫോൺ സന്ദേശത്തിലൂടെ. തിരൂർ പൊലീസ് അന്വേഷണം തുടങ്ങിയതോടെ കൂടുതൽ വിളികൾ പൊലീസിനെത്തേടിയെത്തി. ധൃതിയിൽ മൃതദേഹം അടക്കാൻ ശ്രമിക്കുന്നെന്നു ചൂണ്ടിക്കാട്ടി മാധ്യമങ്ങൾക്കും ഫോണിലൂടെ വിവരം ലഭിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്.

Advertisment

വീട്ടുകാരെയും ബന്ധുക്കളെയും കണ്ടെത്തിയ പൊലീസ്, ബന്ധുവിനെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്‌റ്റർ ചെയ്‌തു. മുൻപ് നടന്ന 5 മരണങ്ങളും പൊലീസ് അറിഞ്ഞിരുന്നില്ല.

publive-image

നേരത്തെ മരിച്ച ഒരു കുട്ടിയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയതായി ബന്ധുക്കൾ പറഞ്ഞെങ്കിലും അത് അസുഖം കണ്ടെത്താനുള്ള പരിശോധനയുടെ രേഖകൾ മാത്രമാണെന്നാണ് സൂചന. ജനിതക പ്രശ്‌നവും അപസ്‌മാരവുമാണ് മരണകാരണമെന്നാണ് ആദ്യം ലഭിച്ച സൂചനകൾ. എന്നാൽ, പൂർണ ആരോഗ്യമുള്ള കുട്ടികൾ അപ്രതീക്ഷിതമായി കുഴഞ്ഞുവീണു മരിച്ചതിൽ ഏറെ ആശങ്കയുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്.

ഇന്നലെ മരിച്ച മൂന്നുമാസം പ്രായമായ കുട്ടിയുടെ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. പ്രാഥമിക പരിശോധനകളിൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണു കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകൾ അടച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.

തിരൂർ കോരങ്ങത്ത് പള്ളിയിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് നടത്തിയ ഇൻക്വസ്റ്റിലും പോസ്റ്റുമോർട്ടത്തിലുമാണ് കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന പ്രാഥമിക വിലയിരുത്തൽ. ശരീരത്തിൽ മുറിവേറ്റതിന്റേയോ ക്ഷതമേറ്റതിന്റേയോ ലക്ഷണങ്ങളില്ല. വിഷം ഉള്ളിൽ ചെന്ന ലക്ഷണങ്ങളും കണ്ടെത്താനായില്ല.

ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്കയച്ചു. കുട്ടികൾ മരിച്ചത് ജനിതക പ്രശ്നങ്ങൾ കാരണമാണെന്ന ബന്ധുക്കളുടെ ഉറപ്പ് ശരിവയ്ക്കുന്ന തരത്തിലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽനിന്നും ലഭിച്ച വിവരമെന്നാണ് സൂചന.

മൂന്നാമത്തെ കുട്ടിയുടെ ആരോഗ്യ റിപ്പോർട്ടുകളാണ് പരിശോധനയ്ക്കായി എറണാകുളത്തേക്കും പിന്നീട് ഹൈദരാബാദിലേക്കും അയച്ചിരുന്നത്. തിരൂർ ജില്ലാ ആശുപത്രിയിലാണ് ഇന്നലെ മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. ആറ് കുട്ടികളിൽ മൂന്നാമത്തെ പെൺകുട്ടി നാലരവയസിലും മറ്റു കുരുന്നുകൾ ഒരു വയസ് തികയും മുൻപെയുമാണു മരിച്ചത്.

കുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ടെങ്കിൽ നിജസ്‌ഥിതി പുറത്തു വരണമെന്നാണ് തന്റെയും ആഗ്രഹമെന്നും അതിനുള്ള ശ്രമങ്ങൾക്ക് എല്ലാ സഹകരണവും നൽകുമെന്നും പിതാവ് പറഞ്ഞു. ഇന്നലെ രാവിലെ കബറടക്കിയ മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം വൈകിട്ട് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുന്നതിന് കണ്ണീരണിഞ്ഞ് പിതാവും സാക്ഷിയായി.

ഒന്നിനു പിറകെ ഒന്നായി പിഞ്ചോമനകൾ മരിക്കുന്നതിന്റെ കാരണം കണ്ടെത്താൻ ഒട്ടേറെ ശ്രമങ്ങൾ നടത്തി. മൂന്നാമത്തെ കുട്ടിക്ക് ചെറിയ അസുഖം വന്നതോടെ എറണാകുളത്തുള്ള ആശുപത്രിയിൽ എത്തിച്ച് വിദഗ്‌ധ പരിശോധന നടത്തി. പിന്നീട് ഹൈദരാബാദിലും ന്യൂഡൽഹിയിലുമുള്ള ലാബുകളിൽ സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചെങ്കിലും ഡോക്‌ടർമാർക്ക് ഒന്നും കണ്ടെത്താനായില്ല.

കുട്ടികൾ ഓരോരുത്തരായി മരണത്തിനു കീഴടങ്ങുകയായിരുന്നു. രാവിലെ ചിരിച്ചുകളിച്ചിരുന്ന കുട്ടിയാണ് തങ്ങളെ ഞെട്ടിച്ച് മരിച്ചുവീണതെന്ന് പിതാവ് പറഞ്ഞു. കുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരാൻ എല്ലാ സഹകരണങ്ങളും നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.

 

Advertisment