മുകളില്‍ നില്‍ക്കുന്ന ഒരാള്‍ എല്ലാം കാണുന്നുണ്ടായിരുന്നു!; തിരുവല്ലയിലെ മിന്നും താരമായി സുപ്രിയ; സംഭവം ഇങ്ങനെ…

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Friday, July 10, 2020

കൊച്ചി; ആ സല്‍പ്രവൃത്തി ചെയ്യുമ്പോള്‍ സുപ്രിയ അറിഞ്ഞിരുന്നില്ല എല്ലാം മുകളില്‍ നിന്നൊരാള്‍ കാണുന്നുണ്ടെന്ന്. ആ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത ദൃശ്യം അവളെ ഇന്ന് തിരുവല്ലയുടെ പ്രിയങ്കരിയാക്കി.

ഇന്നലെ സോഷ്യൽ മീഡിയയിലെ താരം ഒരു സെയിൽസ് ​ഗേളായിരുന്നു. തിരുവല്ല ജോളി സിൽക്‌സിലെ ജീവനക്കാരിയായ സുപ്രിയ. കാഴ്ചയില്ലാത്ത വയോധികനെ ബസിൽ കയറ്റാൻ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി മലയാളികളുടെ മനസ് കീഴടക്കിയിരിക്കുകയാണ് അവർ. ബസ് നിർത്തിച്ച് റോഡിൽ നിന്നിരുന്ന വയോധികനെ കൈപിടിച്ച് ബസിൽ കയറ്റുന്ന സുപ്രിയയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ചൊവ്വാഴ്ച ആറരയോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തിരുവല്ല കുരിശുകവലയിൽ റോഡിൽ തപ്പിത്തടഞ്ഞുനിൽക്കുന്ന വയോധികനെ സുപ്രിയ കാണുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾക്കിടയിൽ എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നത് കാഴ്ചയില്ലാത്ത ആളാണെന്ന് മനസിലാക്കിയതോടെ വേ​ഗം പോയി കൈയിൽ പിടിച്ചു.

എവിടെപ്പോകാനെന്ന് ചോദിച്ചപ്പോൾ മഞ്ഞാടിയിലേക്കുള്ള ബസ് കിട്ടുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. കൈപിടിച്ച് റോഡരികിലേക്ക് നയിക്കുന്നതിനിടെ തിരുവല്ല ഡിപ്പോയിലേക്കുള്ള കെഎസ്ആർടിസി ബസ് വരുന്നതുകണ്ട് കൈകാണിച്ചു. അല്പം നീക്കി നിർത്തിയ ബസിനടുത്തേക്ക് സുപ്രീയ ആദ്യം ഓടി കണ്ടക്ടറോട് കാര്യം പറഞ്ഞു. തിരികെ ഓടിവന്ന് വയോധികന്റെ കൈപിടിച്ച് ബസിനകത്ത് എത്തിച്ചു.

എന്നാൽ തന്റെ സൽപ്രവൃത്തി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നുപോലും സുപ്രിയ ചിന്തിച്ചിരുന്നില്ല. എന്നാൽ ഇതെല്ലാം ക്യാമറയിലാക്കിക്കൊണ്ട്  തൊട്ടടുത്ത കെട്ടിടത്തിലെ നാലാം നിലയിൽ ഒരാളുണ്ടായിരുന്നു. കുരിശുകവല ആറ്റിൻകര ഇലക്‌ട്രോണിക്സിലെ സെയിൽസ്‌മാൻ ജോഷ്വാ അത്തിമൂട്ടിൽ പകർത്തിയ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തന്റെ സുഹൃത്തുക്കൾക്ക് വിഡിയോ പങ്കുവെച്ചതോടെയാണ് ദൃശ്യങ്ങൾ ലോകം കണ്ടത്.

കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ എസ്. സുനിൽകുമാറും കണ്ടക്ടർ പി.ഡി. റെമോൾഡുമുണ്ടായിരുന്ന ബസിലാണ് വയോധികനെ കയറ്റിയത്. കൈപിടിച്ച് ബസിൽ കയറ്റിയ ഇവർ ഇദ്ദേഹത്തെ തിരുവല്ലയിൽനിന്ന് അദ്ദേഹത്തെ പത്തനംതിട്ട ബസിൽ കയറ്റിവിട്ടു.

×