തിരുവമ്പാടി: പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്‌സ് കാട്മൂടി നശിക്കുന്നു. സ്റ്റേഷനുപിറകിൽ രണ്ട് ഏക്കറയോളം വരുന്ന ഭൂമിയിലെ ഡസൻകണക്കിന് ക്വാർട്ടേഴ്‌സുകളാണ് അനാഥമായി കിടക്കുന്നത്. ആൾപെരുമാറ്റം ഇല്ലാതായതോടെ ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ് ഇവിടം. പതിറ്റാണ്ടിലേറേയായി ക്വാർട്ടേഴ്‌സുകളത്രയും ഉപയോഗ ശൂന്യമായിക്കിടക്കാൻ തുടങ്ങിയിട്ട്.
പത്തോളം കെട്ടിടങ്ങളാണുള്ളത്. കാലപ്പഴക്കംചെന്ന് ജീർണാവസ്ഥയിലാണ് കെട്ടിടങ്ങൾ എല്ലാംതന്നെ. കോൺക്രീറ്റുകളും ചുമരുകളും ദ്രവിച്ചു വിണ്ടുകീറിയിരിക്കുകയാണ്. ക്വാർട്ടേഴ്‌സ് വളപ്പിലെ ജല സംഭരണിയും ഉപയോഗശൂന്യമായി നശിക്കുകയാണ്. പദ്ധതിയുടെ കിണർ മണ്ണുമൂടി നികന്നു.
ജല സംഭരണി ദ്രവിച്ച് പലഭാഗങ്ങളിലും കമ്പിയും സിമന്റും വേർപെട്ട നിലയിലാണ്. ടാങ്കിനോടുചേർന്ന് വൻമരം വളർന്നുപന്തലിച്ച് തൂണുകളിൽ കെട്ടിപ്പിണഞ്ഞുകിടക്കുന്നത് ദുരന്തഭീഷണിയും ഉയർത്തുന്നു.
നിരവധി വീടുകൾക്ക് സമീപമായാണ് ജലസംഭരണിയുള്ളത്. ദ്രവിച്ച ടാങ്ക് ഇളകിവീണാൽ വൻ ദുരന്തമായിരിക്കും ക്ഷണിച്ചുവരുത്തുക. ക്വാർട്ടേഴ്‌സ് വളപ്പിലാകെ കാട്മൂടികിടക്കുന്നത് പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ആവാസകേന്ദ്രമാക്കിമാറ്റിയിട്ടുണ്ട്. കാട് ഉടൻ വെട്ടിത്തെളിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
അതേസമയം ഇതുസംബന്ധിച്ച് നാട്ടുകാരിൽനിന്ന് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിപ്രകാരം അടുത്തിടെ കാട് വെട്ടിത്തെളിച്ചിരുന്നെങ്കിലും കാട് വീണ്ടും വളരുകയാണുണ്ടായത്.