കുടുംബത്തോട് പിണങ്ങി ലോഡ്ജ് മുറിയില്‍ താമസം; ഒപ്പം താമസിച്ച കൂട്ടുകാരനെ കമ്പിവടിയ്ക്ക് തലക്കടിച്ചു കൊന്നു; പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടത് കിലോമീറ്ററുകളോളം നടന്ന്; സംഭവം ഇങ്ങനെ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, June 1, 2020

ബാലരാമപുരം : ഒപ്പം മുറിയിൽ താമസിച്ചിരുന്ന സുഹൃത്തിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് മാരകമായി പരുക്കേൽപ്പിച്ച ശേഷം സതികുമാർ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത് കിലോമീറ്ററുകളോളം നടന്ന്. ഇന്നലെ വൈകിട്ടോടെ വിഴിഞ്ഞം ഹാർബറിന് സമീപം എട്ട് കിലോമീറ്ററോളം അകലെ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്ന് പൊലീസിന്റെ പ്രത്യേക സ്ക്വാഡാണു ഇയാളെ പിടികൂടിയത്.

സംഭവം അറിഞ്ഞതുമുതൽ ഇയാൾക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. രണ്ടുപേർ വീതം അടങ്ങുന്ന സംഘം പല സ്ഥലങ്ങളും അരിച്ചുപെറുക്കുകയായിരുന്നു. ശ്യാം മരിച്ച വിവരം തനിക്കറിയില്ലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

ശ്യാമാണ് തന്നെ ആദ്യം കമ്പി കൊണ്ട് അടിച്ചത്. അത് തിരികെ പിടിച്ചുവാങ്ങി അടിക്കുകയായിരുന്നുവെന്നും പിന്നെ ഒന്നും തനിക്കറിയില്ലെന്നും ഇയാൾ പറഞ്ഞു. വിളപ്പിൽശാല സ്വദേശിയാണ് സതീഷ് കുമാർ. കല്യാണം കഴിച്ച് മുക്കോലയിൽ താമസിച്ചുവരികയായിരുന്നു. അതിനിടെയാണ് കുടുംബവുമായി പിണങ്ങി ലോഡ്ജിലേക്ക് താമസം മാറിയത്.

മരിച്ച ശ്യാമും വീട്ടിൽ നിന്ന് പിണങ്ങി ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. മൃതദേഹം കോവിഡ് പരിശോധനാ ഫലത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. ഫലം നെഗറ്റീവാണെങ്കിൽ മാത്രമേ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാനാവൂ. അതിനുശേഷമാവും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക. അതുവരെ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.

×