ഭർതൃ ഗൃഹത്തിൽ നടന്ന മകളുടെ മരണം കൊലപാതകം ; ഒരിക്കൽ തുണി ഇസ്തിരി ഇടുന്നതിനിടയിൽ ഇസ്തിരിപ്പെട്ടി ദേഹത്തു വച്ച് മകളെ പൊള്ളിച്ചിരുന്നു ; ജോലിക്കായി കോച്ചിങ് ക്ലാസിൽ പോകാൻ പോലും ഭർത്താവിന്റെ വീട്ടുകാർ അനുവദിച്ചിരുന്നില്ല ; പൊലീസുകാരന്റെ ഭാര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മാതാവ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, November 16, 2019

നെയ്യാറ്റിൻകര : ഭർതൃ ഗൃഹത്തിൽ നടന്ന മകളുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യയാക്കി കേസ് ഒതുക്കാനുള്ള ശ്രമം തടഞ്ഞ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കഴിഞ്ഞ 5ന് പെരുമ്പഴുതൂർ പുന്നക്കാട് പുതുവൽ പുത്തൻ വീട്ടിൽ പൊലീസുകാരനായ എസ്. വി.സുരേഷ്കുമാറിന്റെ ഭാര്യ എ.ആർ.അഞ്ജു(25) മരിച്ച സംഭവത്തിലാണ് മാതാവ് അനിത മുഖ്യമന്ത്രിയ സമീപിച്ചത്.

2016 നവംബർ 11നായിരുന്നു ബാലരാമപുരം പരുത്തിച്ചക്കോണം ഏആർ ഹൗസിൽ രാധാകൃഷ്ണന്റെ മകൾ ബിടെക് ബിരുദധാരി അഞ്ജുവും സുരേഷ്കുമാറുമായുള്ള വിവാഹം. ഭർത്താവ് സുരേഷ്കുമാറിനും അയാളുടെ രക്ഷിതാക്കൾക്കും ഒപ്പമായിരുന്നു താമസം.

തുടക്കം മുതൽ ഭർത്താവും വീട്ടുകാരും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിരുന്നുവെന്ന് മകൾ പറഞ്ഞിരുന്നതായി അനിത പരാതിയിൽ വ്യക്തമാക്കുന്നു. ഒരിക്കൽ തുണി ഇസ്തിരി ഇടുന്നതിനിടയിൽ ഇസ്തിരിപ്പെട്ടി ദേഹത്തു വച്ച് പൊള്ളിച്ച സംഭവമുണ്ടായി.

ജോലിക്കായി കോച്ചിങ് ക്ലാസിൽ പോകാൻപോലും ഭർത്താവിന്റെ വീട്ടുകാർ അനുവദിച്ചിരുന്നില്ലെന്നും അനിത കുറ്റപ്പെടുത്തുന്നു. കെഎപി പാലക്കാട് ബറ്റാലിയനിലെ കോൺസ്റ്റബിളായ സുരേഷ്കുമാർ ഡപ്യൂട്ടേഷനിൽ അടുത്തിടയായി നിയമസഭാ സമുച്ചയത്തിൽ വാച്ച് ആൻഡ് വാർഡ് വിഭാഗത്തിലാണ്.

ആ സ്വാധീനത്തിൽ, പൊലീസ് എടുത്ത മൊഴിയിൽ പോലും കൃത്രിമം നടന്നുവെന്നും ലോക്കൽ പൊലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും അതിനാലാണ് അന്വഷണം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറണെന്ന് അഭ്യർഥിക്കുന്നതെന്നും പരാതിയിൽ പറയുന്നു

×