Advertisment

ഗ്രാഫിക് ഡിസൈനറുടെ ഗ്രേപ് ഡിസൈനിംഗ് ! അയർക്കുന്നത്തായാലും ഇംഗ്ലണ്ടിലായാലും കൃഷിയും ഉദ്യാനവും ജെയ്‌സൻ ജോസഫിന് ഹോബിതന്നെ. പ്രവാസിയായ ഉദ്യാനപാലകന്‍ !!

author-image
സുഭാഷ് ടി ആര്‍
Updated On
New Update

എന്തെങ്കിലും ഹോബികൾ ഇല്ലാത്തവർ ഉണ്ടാകുമോ ? വായന, സിനിമ, ക്രിക്കറ്റ് , ഫുട്ബോൾ , ഡ്രൈവിംഗ്, കൃഷി, മീൻവളർത്തൽ തുടങ്ങി ഏതെങ്കിലുമൊക്കെ അഭിരുചികൾ കൂടെ കൊണ്ടുനടക്കുന്നവരാണ് നമ്മളിൽ പലരും. ഗ്രാഫിക് ഡിസൈനറായിരുന്ന ഒരു യുവാവിന് കൃഷിയോട് ഹോബി തോന്നിയാൽ, അത് കോട്ടയം അയർക്കുന്നത്തുള്ള ചാത്തിമറ്റത്തിലെ ജെയ്‌സൻ ജോസഫിന്റെ വീട്ടിലേക്ക് ചെന്നാലറിയാം എങ്ങനെയിരിക്കുമെന്ന്.

Advertisment

യു കെയില്‍ പ്രവാസിയായിരുന്ന ഈ യുവാവിന്‍റെ കഠിനാധ്വാനവും പ്രയത്നവും മണ്ണിനോടും പ്രകൃതിയോടുമുള്ള സ്നേഹവും പ്രവാസികള്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും മാതൃകയാണ്.

publive-image


കൃഷിയോട് ജെയ്‌സന്‌ പണ്ടേ ഉണ്ടായിരുന്ന കമ്പം ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോൾ ചാത്തിമറ്റം റബ്ബർ നഴ്‌സറിയായി കൂടകളിൽ കിളിർത്തു. റബ്ബർ വിലയിലെ ഏങ്ങിവലിച്ചിലുകൾ നാളെകളിൽ അഴുകിയ ചിരട്ടപ്പാലിൻ്റെ ദുർഗന്ധമായിരിക്കുമെന്ന് മനസ്സിലാക്കിയപ്പോൾ റബ്ബർ നഴ്‌സറിയുടെ ചില്ലു പറിച്ച്, ചിരട്ട കമിഴ്ത്തി വീട്ടിലേക്ക് പോന്നു. ഇതിനോടകം ഡിഗ്രിയും, ഗ്രാഫിക് ഡിസൈനിങ്ങും, പി.ജി.ഡി.സി.എ യും പാസായിരുന്നു


പഠനത്തിനുശേഷം തൊഴിൽ സംരംഭകനായി. മോപ്പുകളും, ചൂലുകളും നിർമ്മിച്ചുകൊണ്ട് ജെയ്‌സ് ഇൻഡസ്ട്രീസ് എന്ന ജെയ്‌സ‌ന്‍റെ സ്ഥാപനം ഇന്നത്തെ സ്വച്ഛ് ഭാരതിനും മുന്‍പെ മാലിന്യങ്ങള്‍ അടിച്ചുവാരി തൂത്തു തുടച്ചു തുടങ്ങിയിരുന്നു. ആയിടയ്ക്കാണ് തിരുവനന്തപുരത്തെ പാരമൗണ്ട് ഡിജിറ്റല്‍ എന്ന സ്ഥാപനം ജെയ്‌സ‌നെ ഗ്രാഫിക് ഡിസൈനറായി ക്ഷണിക്കുന്നത്. ജെയ്സ് ഇന്‍ഡസ്ട്രീസിന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജെയ്‌സന്‍ തിരുവനന്തപുരത്തേക്ക് പോയി.

മൂന്ന് വര്‍ഷം അവിടെ ഡിജിറ്റല്‍ ഹെഡ്ഡായി ജോലിചെയ്ത ശേഷം 2003 ല്‍ ഭാര്യയുമൊത്ത് ഇംഗ്ലണ്ടിലെത്തി. ഡോമര്‍സെറ്റിലെ യോവില്‍ എന്ന സ്ഥലത്തെ ഡെക്സ്ട്ര ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തില്‍ ഉദ്യാഗസ്ഥനായി. ഭാര്യ ട്രീസ ജെയ്‌സന്‍ യോവില്‍ ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലില്‍ നഴ്സായി ജോലിചെയ്യുകയായിരുന്നു. ഡെക്സ്ട്രായില്‍ ജോലിചെയ്യുമ്പോഴും ജെയ്‌സന്‍ ഗ്രാഫിക് ഡിസൈനിംഗ് ഫ്രീലാന്‍ഡായി ചെയ്യുന്നുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മലയാളികളുടെ സംഘടനയായ UUKMAയുടെ ലോഗോ പിറന്നത് ജെയ്‌സന്‍റെ കൈവിരലിലൂടെയായിരുന്നു.

ജോലിയുടെ ഇടയ്ക്ക് വീണുകിട്ടുന്ന ഇടവേളകളില്‍ യോവിലെ വീടിനു ചുറ്റും കൃഷിചെയ്തും, പൂന്തോട്ടം ഉണ്ടാക്കിയും ജെയ്‌സന്‍റെ ഹോബികള്‍ പൂത്തുലഞ്ഞു. തക്കാളി റണ്ണര്‍ ബീന്‍സ്, ബീറ്റ്റൂട്ട്, കാരറ്റ്, ഉരുളക്കിഴങ്ങ്, മുളക്, മത്തന്‍, ചുരയ്ക്ക തുടങ്ങി ധാരാളം പച്ചക്കറികള്‍ വിളയിച്ചു.


യുകെയില്‍ ആനന്ദക്കാഴ്ചയായി ജെയ്‌സന്‍റെ പൂന്തോട്ടം എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. വിളഞ്ഞു പഴുത്ത ആപ്പിളുകള്‍ നിറഞ്ഞ ജെയ്‌സന്‍റെ തൊടികള്‍ തേടി സ്വദേശികളും പ്രവാസി മലയാളികളും വരുമായിരുന്നു


publive-image

2014-ല്‍ നാട്ടിലെത്തിയപ്പോള്‍ പണിത 20 സെന്‍റിലെ തൊടിയിലും മുറ്റത്തും മൂന്നുനില വീടിന്‍റെ മട്ടുപ്പാവിലും പയറും, കോവലും, പാവലും, തക്കാളിയും മുളകും കറികളായി. വള്ളികളില്‍ തേന്‍മുത്തുകള്‍ മുന്തിരിക്കുലകള്‍ ചാര്‍ത്തിയപ്പോള്‍ ജയ്സണ്‍ അത്ഭുതപ്പെട്ടുപോയി. അത്രയും മാധുര്യമേറിയ 200 മുന്തിരിക്കുലകളായിരുന്നു ആ മുന്തിരിവള്ളികള്‍ ജയ്സണ് നല്‍കിയത്.

ആണ്ടില്‍ രണ്ട് തവണ വിളവുതരുന്ന മുന്തിരി ഓരോ വിളവിനുശേഷവും ജയ്സന്‍റെ കൃത്യമായ ഡിസൈനിംഗിനു (പ്രൂണിംഗ്) ശേഷം വര്‍ദ്ധിത വീര്യത്തോടെ മുന്തിരിക്കുലകള്‍ തരാറുണ്ടെന്ന് ജയ്സണ്‍ അഭിപ്രായപ്പെട്ചു, ഈ പച്ചക്കറികളും മുന്തിരിയുമൊക്കെ അയല്‍ക്കാര്‍ക്കും, ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും സമ്മാനിക്കുകയാണ് പതിവ്. റോസ് മുന്തിരിയും, പച്ചമുന്തിരിയും വിളവുതരുമ്പോൾ കുരുവില്ലാത്ത മുന്തിരി വളര്‍ന്നുവരുകയും ചെയ്യുന്നു.

കുഴല്‍കിണര്‍ നല്‍കുന്ന ജലസമൃദ്ധിയില്‍ മീനുകള്‍ക്ക് നീന്തിത്തുടിയ്ക്കാന്‍ മൂന്ന് കുളങ്ങളാണ് ജയ്സണ്‍ നിര്‍മ്മിച്ചത്. ഭക്ഷ്യയോഗ്യമായ മീനുകളെ വളര്‍ത്തി വീട്ടിലേക്കും പിന്നെ മീന്‍ ആവശ്യമായവര്‍ക്കും സമ്മാനിക്കുന്നു.

publive-image

ഗൗരാമി, നട്ടര്‍, ഗിഫ്റ്റ് തിലോപ്പിയ, രോഹു, ഗ്രാസ് കാര്‍പ്പ്, അനാബസ് തുടങ്ങിയ 700 മീനുകളാണ് ഇവിടെ വളരുന്നത്. ചാമ്പ, മിൽക്ക് ഫ്രൂട്ട് , അവക്കാഡോ, നെല്ലി, അമ്പഴം, മാവ്, മാംഗോസ്റ്റിൻ , റംബൂട്ടാൻ , പനിനീർചാമ്പ , മിറക്കിൾ ഫ്രൂട്ട്, ചെറി, പേര തുടങ്ങിയ ഫലവൃക്ഷങ്ങൾ ഓരോ സീസണിലും പൂവിട്ട് കായ്ച്ചുകൊണ്ടേയിരിക്കുന്നു.

ഫലങ്ങളും, പച്ചക്കറികളും, മീനും പങ്കിടുന്നതിലാണ് ജയ്സന്‍റെ സംതൃപ്തി. ഭാര്യ ട്രീസ ജെയ്സണും കുഞ്ഞ് ജോയുമൊത്ത് ജയ്സണ്‍ തിരക്കിലാണ് മിക്കപ്പോഴും, സന്ദര്‍ശകരെ സ്വീകരിക്കാന്‍. പാലായില്‍ സണ്‍റെയ്സ് ലൈറ്റ്സ് എന്ന സ്ഥാപനം ജയ്സണ്‍ നടത്തുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഇംഗ്ലണ്ടില്‍ പോയി വരാറുണ്ട് പ്രവാസിയായ ഈ ഉദ്യാനപാലകന്‍.

uk news
Advertisment