തൊടുപുഴ: ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിനെയും പ്രതിചേർത്തു. മാർച്ച് ഏഴിന് ജുവനൈൽ ജസ്റ്റിസ് ആക്ട് 75 അനുസരിച്ച് ഇവരെ വിചാരണ ചെയ്യും.
മാതാവിനെ ഒഴിവാക്കി പോലീസ് കുറ്റപത്രം നൽകിയത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു . ഭരണകക്ഷിയുടെ സമ്മർദ്ദത്തിൽ പോലീസ് കുട്ടിയുടെ മരണത്തിൽ മാതാവിന് പങ്കില്ല എന്ന രീതിയിൽ കേസ് റിപ്പോർട്ടിൽ തിരിമറി നടത്തുകയായിരുന്നു .
/sathyam/media/post_attachments/pq8cgdSWRpCljI1OkEdU.jpg)
അമ്മയുടെ കുടുംബത്തിന്റെ സി പി എം ബന്ധമാണ് ഇതിനു കാരണമെന്നും ആരോപണം ഉയർന്നിരുന്നു . ഇതിനിടെയാണ് ആഡ്‌ലി സോഷ്യൽ ഫൗണ്ടേഷൻ തൊടുപുഴയിലെ പ്രമുഖ അഭിഭാഷകനായ സെബാസ്റ്റ്യൻ കെ ജോസ് മുഖേന മാതാവിനെയും പ്രതിയാകണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചത് . ഇതേ തുടർന്നാണ് കോടതി ഉത്തരവുണ്ടായത് .
2019 മാർച്ച് 27നാണ് കുട്ടിയെ ഗുരുതരാവസ്ഥയിൽ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ മർദ്ദിച്ചത് രണ്ടാനച്ഛനാണെന്നുള്ള സൂചനകളുമാണ് പുറത്തുവന്നത്. എന്നാൽ മർദ്ദനം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോൾ അക്ഷരാർത്ഥത്തിൽ കേരളം ഞെട്ടുകയായിരുന്നു.
കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ ജെജെ ആക്ട് 75 അനുസരിച്ച് കേസെടുക്കണമെന്ന് ശിശുക്ഷേമ വകുപ്പ് നിർദ്ദേശിച്ചിരുന്നെങ്കിലും കേസെടുക്കേണ്ടതില്ല എന്നായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാൽ, കോടതി ഇപ്പോൾ അമ്മയേയും പ്രതി ചേർത്തിരിക്കുകയാണ്.
ഏഴുവയസുകാരൻ ഏറ്റുവാങ്ങിയ ക്രൂരമർദ്ദനത്തിനും മരണത്തിനുമെല്ലാം സാക്ഷിയായ അവന്റെ അമ്മ കുറ്റക്കാരിയാണോ അതോ ഇരയാണോ എന്ന ചോദ്യം സോഷ്യൽ മീഡിയയിലും പുറത്തും സജീവമായിരുന്നു.
തൊടുപുഴയിലെ അമ്മയെ കാപാലികയെന്നും ഒരു നീചനു വേണ്ടി സ്വന്തം കുഞ്ഞിനെ കൊലകൊടുത്തവളെന്നും സമൂഹമാധ്യമങ്ങളിൽ പലരും കുറിച്ചു. കുഞ്ഞിന്റെ മരണത്തോടെ അമ്മയ്‌ക്കെതിരായ വിമർശനവും അതിശക്തമായി.
കവയിത്രിയും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ സുഗതകുമാരി അടക്കം പലരും അമ്മയെ പ്രതിപ്പട്ടികയിൽ ചേർക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു രംഗത്തെത്തിയിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മാനസിക നിലയിൽ പ്രശ്‌നങ്ങളുണ്ടായ യുവതിയും ചികിത്സ തേടിയിരുന്നു..
ഏഴ് വയസുകാരനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കാൻ പൊലീസിന് ശിശുക്ഷേമ സമിതി നിർദ്ദേശം നൽകിയിരുന്നു്. ശിശുസംരക്ഷണ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം കേസെടുക്കാനായിരുന്നു നിർദ്ദേശം. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക ശാരീരിക സമ്മർദ്ദം ഏൽപ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ.
10 വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. എന്നാൽ പിന്നീട് അന്വേഷണ സംഘം ഇതിന് തയ്യാറായിരുന്നില്ല. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു എഴു വയസുകാരനെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചത്.
സോഫയിൽ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റെന്നാണ് രക്ഷിതാക്കൾ ആശുപത്രി അധികൃതരെ അറിയിച്ചത്. വിശദ പരിശോധനയിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്ത് വന്നതായി കണ്ടെത്തി. സംശയം തോന്നിയ ഡോക്ടർമാർ പൊലീസിന്റെ സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് കുടുതൽ വിവരങ്ങൾ പുറത്തുവന്നത്.
ബലമുള്ള വടികൊണ്ടോ, ചുമരിൽ ശക്തമായി ഇടിച്ചതോ ആകാം കുട്ടിയുടെ തലയോട്ടി പൊട്ടാനുള്ള കാരണം എന്ന സംശയം ഡോക്ടർമാർ പങ്കുവച്ചതോടെ പൊലീസ് കാര്യക്ഷമമായി ഇടപെടാൻ തുടങ്ങി ഇതോടെ സത്യങ്ങൾ ഒന്നൊന്നായി പുറത്തേക്കുവന്നു.
ഏഴ് വയസ്സുകാരനെ മർദിച്ചത് രണ്ടാനച്ഛനാണെന്ന് ഇളയകുട്ടി മൊഴി നൽകി. പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടർന്ന് തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരനെ യുവതി ജീവിതത്തിലേക്ക് ക്ഷണിച്ചത്. അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോൾ ഇളയ കുട്ടി സോഫയിൽ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു.
അതിനെക്കുറിച്ച് ഏഴുവയസ്സുകാരനോട് രണ്ടാനച്ഛൻ ചോദിച്ചു. വ്യക്തമായ ഉത്തരം കിട്ടാത്തതിനെ തുടർന്നാണ് രണ്ടാനച്ഛൻ ചേട്ടനെ മർദ്ദിച്ചതെന്നായിരുന്നു ഇളയകുട്ടി മൊഴി നൽകിയത്. നേരത്തെയും കുട്ടിയ മർദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും സമ്മതിച്ചതോടെ അരുൺ ആനന്ദിന്റെ കൈയിൽ വിലങ്ങ് വീണു.
ഇത്രയും ക്രൂരമായ സംഭവത്തിൽ പോലും പ്രതികളെ രക്ഷിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ സി പി എം നേതാക്കൾ നാട്ടുകാർക്കിടയിൽ അപഹാസ്യർ ആയിരിക്കുകയാണ് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us