തൊടുപുഴ നഗരത്തില്‍ പകല്‍സമയത്തുപോലും മദ്യമയക്കുമരുന്ന്‌ ലഹരിയില്‍ വിദ്യാര്‍ത്ഥികളുടെ കൂത്താട്ടം

സാബു മാത്യു
Wednesday, October 9, 2019

തൊടുപുഴ : തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും പകല്‍ സമയങ്ങളില്‍പ്പോലും മദ്യലഹരിയില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും സ്വൈര്യവിഹാരം നടത്തുന്നു. ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന പോലീസ്‌ എക്‌സൈസ്‌ വകുപ്പുകള്‍ കാഴ്‌ചക്കാരുടെ റോളിലും.

സ്ഥലകാല ബോധമില്ലാതെ ലഹരിക്ക്‌ അടിമപ്പെട്ടവര്‍ നഗരത്തില്‍ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുമ്പോഴും രക്ഷപ്പെടുവാന്‍ അവസരം നല്‍കുന്ന പോലീസ്‌ നിലപാട്‌ വ്യാപക പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നരയോടെ മദ്യലഹരിയില്‍ ബൈക്കിലെത്തിയ വിദ്യാര്‍ത്ഥി തൊടുപുഴ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയ്‌ക്ക്‌ മുന്നില്‍ അപകടത്തില്‍പ്പെട്ടു.

എതിരെ വന്ന സ്വകാര്യ ബസില്‍ ഇടിച്ചശേഷം സ്റ്റാന്റിന്‌ മുന്നിലേക്ക്‌ റോഡിലൂടെ നിരങ്ങി നീങ്ങുകയായിരുന്നു. അപകടം കണ്ട്‌ ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു. വിവരം അറിഞ്ഞ്‌ പോലീസ്‌ എത്തിയെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായില്ല.

അപകടത്തില്‍പ്പെട്ട ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത പോലീസ്‌ ഉദ്യോഗസ്ഥന്‍ പ്രതിയെ പിടികൂടിയ ഭാവത്തില്‍ സ്ഥലം വിടുകയായിരുന്നു. ഇതിനിടെ പോലീസിനെ സാക്ഷിനിര്‍ത്തി മദ്യലഹരിയില്‍ തന്നെയെത്തിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ബൈക്ക്‌ അവിടെനിന്നും കടത്തുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്‌ മൊഴി നല്‍കാന്‍ സ്വകാര്യ ബസിലെ ജീവനക്കാര്‍ എത്തിയപ്പോള്‍ താക്കോല്‍ തങ്ങളുടെ കൈവശമാണെന്നും മൊഴി പിന്നെ എടുക്കാമെന്നുമായി പോലീസ്‌. അപ്പോഴാണ്‌ ബൈക്ക്‌ അവിടെ നിന്നും മാറ്റിയ കാര്യം അവിടെ കൂടിയവര്‍ പോലീസിനോട്‌ പറയുന്നത്‌.

കെ.എസ്‌.ആര്‍.ടി.സി.യിലെ ഒരു ഉദ്യോഗസ്ഥന്റെ മകനാണ്‌ അപകടത്തില്‍പ്പെട്ടതെന്ന്‌ പറയപ്പെടുന്നു. രാഷ്‌ട്രീയ സ്വാധീനമാണ്‌ പോലീസ്‌ ഉദ്യോഗസ്ഥരെ മണ്ടന്‍ കളിക്കാന്‍ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. ഇവിടെയുള്ള ചില ഓട്ടോ ഡ്രൈവര്‍മാരും മദ്യലഹരിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ സഹായം നല്‍കിയതായും പറയപ്പെടുന്നു.

എന്തായാലും പരാതി ഇല്ലാത്തതിന്റെ പേരില്‍ സ്വകാര്യ ബസ്‌ ജീവനക്കാരെ മൊഴിയെടുക്കാതെ പോകുവാന്‍ പോലീസ്‌ അനുവദിച്ചു. താക്കോല്‍ തേടി ഉടമ എത്തുമെന്ന പ്രതീക്ഷയില്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയാണത്രേ. ലഹരിയിലുള്ളവരെ പിടികൂടിയാല്‍ പുലിവാലാണെന്നാണ്‌ പോലീസ്‌ നിലപാട്‌.

മര്യാദയ്‌ക്ക്‌ റോഡിലൂടെ പോകുന്ന ഇരുചക്രവാഹന യാത്രക്കാരില്‍ ഹെല്‍മെറ്റ്‌ ഇല്ലാത്തവരെ പിടികൂടി പിഴ ഈടാക്കിയാല്‍ കേസുകളുടെ എണ്ണം തികയുകയും പുലിവാല്‍ ഉണ്ടാവുകയില്ലെന്നുമാണ്‌ ഇവരുടെ നിലപാട്‌. ചൊവ്വാഴ്‌ച കാഞ്ഞിരമറ്റം ബൈപാസ്‌ ജംഗ്‌ഷനില്‍ ലോറി ഡ്രൈവറെ ആക്രമിച്ച മൂവര്‍ സംഘത്തെ രക്ഷപ്പെടുവാനും പോലീസ്‌ അനുവദിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

കുറ്റവാളികളെ രക്ഷപ്പെടുവാന്‍ അനുവദിക്കുകയും മര്യാദക്കാരുടെ പേരില്‍ പെറ്റി കേസ്‌ ചുമത്തി വീര്യം കാട്ടുകയും ചെയ്യുന്ന പോലീസ്‌ നിലപാട്‌ ജനരോഷത്തിന്‌ കാരണമായിട്ടുണ്ട്‌.

×