ദേശീയം

ഡൽഹിയിൽ ക്രൈസ്തവ ദേവാലയം തകർത്ത സംഭവം; കേന്ദ്ര ആഭ്യന്തര മന്ത്രി ഇടപെടണം- തോമസ് ചാഴികാടൻ എംപി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, July 20, 2021

ന്യൂഡല്‍ഹി: ഡൽഹി അന്ധേരിയ മോഡ്, ലിറ്റിൽ ഫ്ലവർ ക്രൈസ്തവ ദേവാലയം തകർത്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തിരമായി ഇടപെടണമെന്ന് തോമസ് ചാഴികാടൻ എംപി പാർലിമെന്റിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ 13 വർഷമായി ആയിരക്കണക്കിന് വിശ്വാസികളുടെ ആരാധനാകേന്ദ്രമായി ഉപയോഗിച്ചിരുന്ന ലിറ്റിൽ ഫ്ലവർ ദേവാലയമാണ് ജൂലൈ 12ന് ഗവണ്മെന്റ് അധികാരികൾ തകർത്തത്. വിവേകപൂർവമല്ലാത്ത ഈ നടപടി ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ കടുത്ത ആശങ്കകൾക്ക് ഇടയായിട്ടുണ്ട്.

ഫരീദാബാദ് സിറോ മലബാർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ ഇടവകയിൽ നാനൂറ്റിഅൻപതിൽ അധികം കുടുംബങ്ങൾ അംഗങ്ങൾ ആണ്. ഏതെങ്കിലും സ്ഥാപനത്തെയോ, വ്യക്തിയെയോ തിരഞ്ഞു പിടിച്ചും ഒറ്റപ്പെടുത്തിയും, ഒഴിപ്പിക്കൽ അടക്കമുള്ള നടപടികൾ പാടില്ലന്നുള്ള 2002ലെ ഡൽഹി ഹൈക്കോടതിയുടെ കർശനമായ നിർദേശവും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ 2016ലെ വ്യക്തമായ നിർദ്ദേശവും അവഗണിച്ചാണ് ഈ ദേവാലയം തകർത്തത്.

പള്ളി പൊളിക്കുന്നതിനു മുൻപായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനോ നിയമസംരക്ഷണം തേടാനോ അവസരം നൽകാതെ സാമാന്യ നീതി നിഷേധിക്കപെടുകയായിരുന്നു. ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുവാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും എംപി ആവശ്യപ്പെട്ടു.

×