ടി.എം.തോമസ് ഐസക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല ? തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ 20 വര്‍ഷം നീണ്ടകാലയളവാണെന്ന് ധനമന്ത്രി ; ഐസക്കില്ലെങ്കില്‍ ആലപ്പുഴയിലാര് ?

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Thursday, January 14, 2021

ആലപ്പുഴ: ധനമന്ത്രി ടി.എം.തോമസ് ഐസക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ 20 വര്‍ഷം നീണ്ടകാലയളവാണെന്നും പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നുമാണ് തോമസ് ഐസക് പ്രതികരിച്ചത്. തോമസ് ഐസക്കില്ലെങ്കില്‍ ആലപ്പുഴയിലാര് എന്ന ചര്‍ച്ചകളും സജീവമായി. മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമവാക്ക് പാര്‍ട്ടിയുടേതെന്ന അച്ചടക്കമുള്ള മറുപടിയാണ് തോമസ് ഐസക് നല്‍കിയത്.

തുടര്‍ച്ചയായ നാല് തിരഞ്ഞെടുപ്പ് ജയങ്ങള്‍. വി.എസ് മന്ത്രിസഭയിലും പിണറായി മന്ത്രിസഭയിലുമായി പത്തുവര്‍ഷം ധനമന്ത്രി പദം. എന്നാല്‍ അഞ്ചാം തവണ തോമസ് ഐസക് മല്‍സരരംഗത്തേക്ക് ഇറങ്ങാന്‍ സാധ്യത കുറയുന്നെന്നാണ് സൂചനകള്‍. 31032 വോട്ടുകളുടെ ഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ പുതുമുഖത്തിന് അവസരം ലഭിച്ചേക്കും.

എസ്.എഫ്.ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയും മാരാരിക്കുളം ഏരിയ കമ്മിറ്റിയംഗവുമായ കെ.ടി.മാത്യുവിന്‍റെ പേരാണ് കേള്‍ക്കുന്നത്. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മല്‍സ്യഫെഡ് ചെയര്‍മാനുമായ പി.പി.ചിത്തരഞ്ജന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്.

×