Advertisment

‘മോദിക്കും ഷായ്ക്കും മിണ്ടാട്ടമില്ല, ഈ ഒട്ടകപക്ഷി നയം ഇവരെ രക്ഷിക്കാൻ പോകുന്നില്ല’; ഗംഗയിലൂടെ ഒഴുകുന്ന മൃതദേഹങ്ങള്‍ ചൂണ്ടി കേന്ദ്രത്തോട് തോമസ് ഐസക്ക്

New Update

തിരുവനന്തപുരം: ഗംഗാനദിയിലൂടെ കൊവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതുചൂണ്ടി കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തോമസ് ഐസക്ക്.

Advertisment

publive-image

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ദയനീയ സ്ഥിതിയുടെ നേർക്കാഴ്ചയാണ് ഗംഗാനദിയിലൂടെ ഒഴുകിപെരുകുന്ന ശവശരീരങ്ങൾ. സ്ഥിതിവിശേഷത്തിന്റെ ഗുരുതര സ്വഭാവം മനസിലാക്കി ഇടപെടുന്നതിനു പകരം ബീഹാറും യുപിയും പരസ്പരം കുറ്റപ്പെടുത്തി കൈകഴുകുകയാണ്.

ഗംഗയിലെ ശവശരീരങ്ങൾ രോഗവ്യാപത്തിന്റെ ഒരു പുതിയ ഘട്ടത്തെ സൂചിപ്പിക്കുകയാണ്. ഇതുവരെ നഗരകേന്ദ്രീകൃതമായിരുന്നു കോവിഡ് വ്യാപനം. എന്നാൽ ഇത് ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുകയാണ്.

ഇന്നത്തെ ഇന്ത്യൻ എക്സ്പ്രസിന്റെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിൽ പറയുന്നത് ചില വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ “ഓരോ രണ്ടാമത്തെയും മൂന്നാമത്തെയും വീടുകളിൽ ആരെങ്കിലും ഒരാൾ സമീപകാലത്ത് കോവിഡുമൂലം മരിച്ചിട്ടുണ്ട്” എന്നാണ്. നഗരങ്ങളിൽ നിന്നെത്തുന്ന കുടിയേറ്റ തൊഴിലാളികൾ രോഗവാഹകരമായി മാറുന്നു. അവരെ ക്വാറന്റൈനിലാക്കുന്നതിനും മറ്റും ഒരു സംവിധാനവുമില്ല.

കേരളത്തിനു പുറത്ത് ആശുപത്രികളിൽ സിംഹപങ്കും നഗരങ്ങളിലാണ്. ഇതാണ് ഗ്രാമപ്രദേശങ്ങളിലെ കോവിഡ് താണ്ഡവത്തെ ഉഗ്രപ്രതാപിയാക്കുന്നത്. ചികിത്സയും പ്രതിരോധവും ഇല്ല. നിസഹായരായ മനുഷ്യർ.

നാമമാത്രമായ ബോധവൽക്കരണം മാത്രം. വലിയൊരു ആരോഗ്യ ദുരന്തമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നാണ് വെല്ലൂർ മെഡിക്കൽ കോളേജിലെ ഡോ. ജേക്കബ് ജോൺ ഇന്ത്യൻ എക്സ്പ്രസ് ലേഖനത്തിൽ സമർത്ഥിക്കുന്നത്.

ഈ സ്ഥിതിവിശേഷത്തിന്റെ ഉത്തരവാദിത്തം തുല്യനിലയിൽ മോദിക്കും കേന്ദ്ര സർക്കാരിനുമുണ്ട്. സാഹചര്യത്തിന്റെ ഗൌരവം ഉൾക്കൊണ്ട് ചടുലവേഗത്തിൽ നടപടി സ്വീകരിക്കാൻ വൈകിയതുകൊണ്ടാണ് മരണസംഖ്യ പെരുകുന്നതും രോഗികളുടെ എണ്ണം കുതിച്ചുയരുന്നതും.

ശ്മശാനങ്ങൾ നിറഞ്ഞു കവിയുന്നതുകൊണ്ടാണല്ലോ, ജനങ്ങൾക്ക് മൃതദേഹം ഇത്തരത്തിൽ ഉപേക്ഷിക്കേണ്ടി വരുന്നത്. വിറകില്ലാത്തതുകൊണ്ട് ശവസംസ്ക്കാരത്തിന് മാർഗമില്ല എന്ന് പരിതപിക്കുന്ന ഗ്രാമീണരെ ചില വീഡിയോയിൽ കണ്ടു. ഗത്യന്തരമില്ലാതെയാവും പാവങ്ങൾ ഇത്തരത്തിൽ നദിയിലേയ്ക്ക് ശവം വലിച്ചെറിയുന്നത്.

പക്ഷേ, അതുണ്ടാക്കാൻ പോകുന്ന വിപത്ത് എത്ര ഭയാനകമായിരിക്കും.കോവിഡ് ബോധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം സംസ്ക്കരിക്കുന്നതിന് കൃത്യമായ പ്രോട്ടോക്കോൾ നിലവിലുണ്ട്. ബീഹാറിലെയും യുപിയിലെയും ആരോഗ്യരക്ഷാ സംവിധാനങ്ങൾ എത്ര കണ്ട് താളം തെറ്റിയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

ഗ്രാമങ്ങളിൽ എത്രയും വേഗം വാക്സിനെത്തിക്കണം. ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടപോലെ 7500 രൂപ വീതം ഒരു കുടുംബത്തിനു മാസംതോറും നൽകാൻ തയ്യാറല്ലെങ്കിൽ, കഴിഞ്ഞ തവണ ഓരോ കുടുംബവും വാങ്ങിയ തൊഴിലുറപ്പുകൂലിയുടെ തുക അഡ്വാൻസായി നൽകാനെങ്കിലും തയ്യാറാവുക. ഇങ്ങനെയൊരു സ്ഥിതിവിശേഷം ഇതിനുമുമ്പ് ഇന്ത്യയിൽ ഉണ്ടായിട്ടില്ല. മോദിക്കും ഷായ്ക്കും മിണ്ടാട്ടമില്ല. ഈ ഒട്ടകപക്ഷി നയം ഇവരെ രക്ഷിക്കാൻ പോകുന്നില്ല.

FB post Thomas issac
Advertisment