ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കാനൊരുങ്ങുന്നു ! കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ സിപിഎമ്മിലെ പ്രതിസന്ധി തീരുന്നില്ല; കേന്ദ്ര കമ്മറ്റിക്ക് പരാതി നല്‍കാന്‍ ഐസക്കിന്റെ തീരുമാനം; മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ മന്ത്രിയായി തുടരാനില്ലെന്നു ഐസക്ക്; വിജിലന്‍സ് റെയ്ഡില്‍ കേന്ദ്ര കമ്മറ്റിക്ക് പരാതി നല്‍കാനും ഐസക്കിന്റെ തീരുമാനം ! ഐസക്കിനൊപ്പം നിന്ന ആനത്തലവട്ടം മൗനം തുടരുന്നു !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, December 3, 2020

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനെചൊല്ലി സിപിഎമ്മില്‍ പരസ്യ പ്രസ്താവനകള്‍ നിരോധിച്ചെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നു സൂചന. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തു നിന്നും ഒഴിയാമെന്ന നിലപാട് ധനമന്ത്രി തോമസ് ഐസക് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. വിജിലന്‍സ് റെയ്ഡ് വിഷയത്തില്‍ ആരും പിന്തുണയ്ക്കാത്തതിനു പുറമെ തന്നെ പൊതുമധ്യത്തില്‍ കൈവിട്ടതിലും ഐസക് കടുത്ത പ്രതിഷേധത്തിലാണ്.

നേരത്തെ വിജിലന്‍സ് റെയ്ഡ് വിഷയത്തില്‍ നിലപാട് സ്വീകരിക്കാന്‍ സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ റെയ്ഡിനെതിരെ ധനമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ കടുത്ത വിയോജിപ്പാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതോടെയാണ് മന്ത്രിസഭയില്‍ തുടരാനില്ലെന്ന നിലപാട് ഐസക് സ്വീകരിച്ചത്.

ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം രാജി വയ്ക്കാമെന്നുമാണ് തോമസ് ഐസക് പാര്‍ട്ടി സെക്രട്ടറിയെ അറിയിച്ചത്. തിടുക്കത്തില്‍ ഒരു തീരുമാനവും വേണ്ടെന്നും നാളെത്തെ സെക്രട്ടറിയേറ്റ് യോഗം കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുമെന്നും എ വിജയരാഘവന്‍ ഐസക്കിനെ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇക്കാര്യത്തില്‍ പൊതു ചര്‍ച്ച ഉണ്ടാവരുതെന്നാണ് ഐസക്കിന് പാര്‍ട്ടി നല്‍കിയ നിര്‍ദേശം. എന്നാല്‍ ഇതില്‍ ഒതുങ്ങാന്‍ ഐസക് തയ്യാറല്ല. സിപിഎം കേന്ദ്ര കമ്മറ്റിയംഗമാണ് തോമസ് ഐസക്.

വിജിലന്‍സ് റെയ്ഡ് വിഷയത്തില്‍ കേന്ദ്ര കമ്മറ്റിയില്‍ പരാതി നല്‍കാനാണ് ഐസക്കിന്റെ തീരുമാനം. കഴിഞ്ഞ ദിവസത്തെ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം പാര്‍ട്ടി ഇറക്കിയ പത്രക്കുറിപ്പില്‍ തനിക്കെതിരെ നടപടി എന്ന മട്ടിലാണെന്നാണ് ഐസക്കിന്റെ വിലയിരുത്തല്‍. പാര്‍ട്ടി ശാസിച്ചതാണോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ വ്യാഖ്യാനിക്കാം എന്നായിരുന്നു മന്ത്രി നല്‍കിയ മറുപടി.

ഇക്കാര്യങ്ങളൊക്കെയും ഐസക് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. കേന്ദ്ര നേതൃത്വത്തില്‍ നിന്നും തനിക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്ന് ഐസക് വിശ്വസിക്കുന്നില്ല. എങ്കിലും തന്റെ പ്രതിഷേധം അറിയിക്കുക എന്നതാണ് ഇതിലൂടെ ഐസക് ലക്ഷ്യമിടുന്നത്.

അതിനിടെ ഐസക്കിനൊപ്പം വിജിലന്‍സ് റെയ്ഡില്‍ കടുത്ത എതിര്‍പ്പ് അറിയിച്ച സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ നിശബ്ദത തുടരുകയാണ്. വിഷയത്തില്‍ ഒരു പ്രതികരണവും നടത്തരുതെന്നാണ് ആനത്തലവട്ടത്തിന് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദശം.

×