തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ പേരിൽ കോൺഗ്രസിനെ ഭീഷണിപ്പെടുത്തി മുസ്ലിം സംഘടനകൾ ! സമിതിയിൽ മുസ്ലിം പ്രാതിനിധ്യമില്ലാത്തതില്‍ പ്രതിഷേധം. പ്രാതിനിധ്യമില്ലെങ്കിൽ വോട്ടു ചെയ്യില്ലെന്ന ഭീഷണിക്ക് പിന്നിൽ ജാതി പറഞ്ഞ് സ്ഥാനങ്ങള്‍ നേടുന്നത് പതിവാക്കിയ ഉന്നത കോൺഗ്രസ് നേതാവ് ! തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിനെ വട്ടംചുറ്റിക്കാനൊരുങ്ങി സമുദായ സംഘടനകൾ !

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, January 21, 2021

കോഴിക്കോട്: കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിൽ സാമുദായിക പ്രാതിനിധ്യമില്ലെന്ന വിമർശനവുമായി മുസ്ലിം സംഘടനകൾ. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതടക്കമുള്ള കമ്മറ്റികളിൽ പ്രാതിനിധ്യമില്ലാതാകുന്നത് സമുദായത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് തടസ്സമാകുമെന്നാണ് വിലയിരുത്തൽ. അതിനിടെ കമ്മറ്റിയിൽ അംഗമാകാൻ ശ്രമം നടത്തിയ ഒരു മുതിർന്ന നേതാവാണ് ഇപ്പോൾ മുസ്ലിം സംഘടനകളുടെ ഈ പ്രതികരണത്തിന് പിന്നിലെന്നാണ് വിവരം.

തെരഞ്ഞെടുപ്പിൽ എല്ലാക്കാലത്തും ഒപ്പം നിൽക്കുന്ന മുസ്ലിം സമുദായത്തെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിൽ ഉൾപ്പെടുത്താത്തതാണ് ചില സംഘടനകളെ ചൊടിപ്പിച്ചത്. കമ്മറ്റിയിൽ ക്രിസ്ത്യൻ, ഈഴവ, നായർ, പിന്നാക്ക വിഭാഗങ്ങൾ ഇടം പിടിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള ഒരു മുസ്ലിം നേതാവിനും ഇടംപിടിക്കാനായില്ല. കെപിസിസി മുൻ പ്രസിഡൻറും യുഡിഎഫ് കൺവീനറുമായ എംഎം ഹസനെ കമ്മിറ്റിയിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

ഇതാണ് ചില മുസ്ലിം സംഘടനകളെ പ്രകോപിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി നേരിട്ടപ്പോൾ കൂടെ നിന്നത് മുസ്ലിം സമുദായം മാത്രമാണെന്നാണ് ഇവരുടെ വാദം. കമ്മറ്റിയിൽ പ്രാതിനിധ്യമില്ലാത്തത് സ്ഥാനാർത്ഥിത്വത്തിലും പ്രതിഫലിക്കുമെന്നാണ് ഇവരുടെ ആശങ്ക.

അതേ സമയം ഈ സംഘടനകളുടെ ഇടപെടലിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. കമ്മറ്റിയിൽ ഇടം പിടിക്കാനാവാതെ വന്നതോടെ ചിലർ നടത്തിയ നാടകമാണ് മുസ്ലിം സംഘടനകളുടെ ഈ പ്രതിഷേധത്തിന് പിന്നിലെന്നാണ് ആക്ഷേപം.

എല്ലാക്കാലത്തും മുസ്ലിം പ്രാതിനിധ്യത്തിൻ്റെ പേരിൽ നേട്ടം കൊയ്യുന്ന നേതാവിൻ്റെ നേർക്കാണ് ആക്ഷേപം ഉയരുന്നത്. കഴിഞ്ഞയിടെ കോൺഗ്രസ് രൂപീകരിച്ച സോഷ്യൽ ഗ്രൂപ്പിലും മുസ്ലിം നേതാവിനെ ഉൾപ്പെടുത്തിയില്ലെന്ന് പരാതി വന്നിരുന്നു.

ഇതേ നേതാക്കൾ തന്നെയാണ് ഇപ്പോഴും രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. വിവിധ സമുദായ സംഘടനകളുടെ മറവിൽ കോൺഗ്രസിനെ ഭീഷണിപ്പെടുത്തുന്ന ഇത്തരം സംഘടനകൾ പക്ഷേ സി പി എമ്മിൻ്റെ ഒരു കാര്യത്തിലും അഭിപ്രായം പോലും പറയാറില്ല.

×