തൃശൂർ : ജയിലിൽ പോയാൽ തടികേടാകുമെന്ന പേടി ഇനി വേണ്ട. വിയ്യൂർ സെൻട്രൽ ജയിലിന്റെ കവാടത്തിലെത്തിയാൽ തടിമിനുങ്ങുന്ന കാലം വരുന്നു. പൊതുജനത്തിനായി ജയിൽ കവാടത്തോടു ചേർന്നു ബ്യൂട്ടി പാർലർ ഒരുങ്ങുന്നു.
/sathyam/media/post_attachments/3pR5yy9f6noLBLGDiiwc.jpg)
ശീതീകരിച്ച പാർലറിൽ ജീവനക്കാരായി എത്തുന്നത് വിദഗ്ധ പരിശീലനം ലഭിച്ച തടവുകാരും. പുരുഷന്മാർക്കു വേണ്ടി മാത്രമാണ് ജയിൽ ബ്യൂട്ടി പാർലർ പ്രവർത്തിക്കുക. പരമ്പരാഗത മുടി വെട്ടലിനു പുറമെ ഹെയർ സ്റ്റൈലിങ്, പെഡിക്യൂർ, മാനിക്യൂർ, മസാജിങ്, ഫേഷ്യൽ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.
ജയിൽ ഗേറ്റിനോടു ചേർന്നു നിർമിക്കുന്ന കെട്ടിടത്തിൽ 5 ലക്ഷം രൂപ ചെലവഴിച്ചാണ് ബ്യൂട്ടി പാർലർ ഒരുക്കുക. എയർ കണ്ടീഷനർ അടക്കം അടിസ്ഥാന സൗകര്യങ്ങൾക്കു മാത്രം 3 ലക്ഷം രൂപയോളമാകും. ഫ്രീഡം പാർക്കിലെ തടവുകാരാണ് നിർമാണ ജോലികൾക്കും ചുക്കാൻ പിടിക്കുന്നത്.
തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടു നടത്തുന്ന വിവിധ തൊഴിൽ പരിശീലന പരിപാടികളുടെ ഭാഗമായി ബ്യൂട്ടീഷൻ കോഴ്സും സംഘടിപ്പിക്കും. ഒരു ബാച്ചിൽ 20 തടവുകാർ എന്ന തോതിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ ബ്യൂട്ടി പാർലറിലേക്കു നിയോഗിക്കും.