നന്ദി, നിങ്ങള്‍ സഹായിച്ചില്ലായിരുന്നുവെങ്കില്‍.. : കടുത്ത പനിയുമായി ഗതാഗതക്കുരുക്കിൽ പെട്ട ഗർഭിണിയായ മകളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ മുൻകൈയെടുത്ത ബസ് ജീവനക്കാർക്ക് നന്ദി പറഞ്ഞ് പിതാവ്

ന്യൂസ് ബ്യൂറോ, തൃശൂര്‍
Saturday, November 16, 2019

പട്ടിക്കാട് :  കടുത്ത പനിയുമായി കുതിരാനിൽ ഗതാഗതക്കുരുക്കിൽ പെട്ടു വലഞ്ഞ ഗർഭിണിയായ യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ മുൻകൈയെടുത്ത ബസ് ജീവനക്കാർക്ക് നന്ദി പറഞ്ഞു പിതാവ്. ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ഐസിയുവിൽ പ്രവേശിപ്പിച്ച യുവതി പനി കുറഞ്ഞു സുഖപ്പെട്ടു.

വൈകാതെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഗർഭിണിയായ മകളുടെ ആരോഗ്യം രക്ഷിക്കാൻ സാധിച്ചതെന്നു ഡോക്ടർമാർ അറിയിച്ചതായി ബസ് ജീവനക്കാരെ കണ്ടെത്തി പിതാവ് പറഞ്ഞു.

കഴിഞ്ഞ 10നാണു തേനൂർ സ്വദേശികളായ യുവതിയും അമ്മയും പാലക്കാട് തൃശൂർ റൂട്ടിലോടുന്ന സെന്റ് ജോസ് ബസിൽ കയറിയത്. ആശുപത്രിയിലേക്കു പോകുംവഴി കുതിരാനിലെ ഗതാഗതക്കുരുക്കിൽപെട്ട യുവതി അസ്വസ്ഥത പ്രകടിപ്പിച്ചു. കൂടെയുണ്ടായിരുന്ന സ്ത്രീ കണ്ടക്ടറോട് വിവരം പറഞ്ഞു. കുതിരാന് അപ്പുറം പടിഞ്ഞാറേ തുരങ്കമുഖത്ത് ആയിരുന്നു ഹൈവേ പോലീസ് അപ്പോൾ.

ഇരുമ്പുപാലത്തുണ്ടായിരുന്ന നാട്ടുകാരും ബസിലെ കണ്ടക്ടർ നടത്തറ സ്വദേശി റെജി, മറ്റൊരു ബസിലെ ഡ്രൈവർ മാന്ദാമംജലം സ്വദേശി വിൻസെന്റ് ഇവർ ചേർന്നു ബസിന്റെ മുന്നിൽ ഓടി ഗതാഗതക്കുരുക്കിനിടയിലൂടെ ബസിനു വഴിയൊരുക്കി .

കുരുക്കിനിടയിലൂടെ സാഹസികമായി ബസ് ഡ്രൈവർ പീച്ചി സ്വദേശി കണ്ണൻ ബസ് ഓടിച്ചു. 10 മിനിറ്റുകൊണ്ട് കുതിരാൻ കടന്നു രോഗിയെ ഹൈവേ പോലീസിന്റെ അടുത്തെത്തിച്ചു. പോലീസ് ഉടൻ ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

×