കാട്ടുതീയിൽ ഫോറസ്റ്റ് വാച്ചർമാർ വെന്തുമരിച്ച കൊറ്റമ്പത്തൂരിൽ 2 വർഷം മുൻപ് ഉണ്ടായത് മറ്റൊരു ദുരന്തം ; ഉരുൾപൊട്ടൽ ജീവനെടുത്ത മഴയുടെ താണ്ഡവത്തില്‍ അന്ന് പൊലിഞ്ഞത് 4 ജീവന്‍ 

ന്യൂസ് ബ്യൂറോ, തൃശൂര്‍
Monday, February 17, 2020

ദേശമംഗലം : കാട്ടുതീയിൽ  ഫോറസ്റ്റ് വാച്ചർമാർ വെന്തുമരിച്ച കൊറ്റമ്പത്തൂരിൽ 2 വർഷം മുൻപ് ഉണ്ടായത് മറ്റൊരു ദുരന്തം. ഉരുൾപൊട്ടൽ ജീവനെടുത്ത മഴയുടെ താണ്ഡവം. 2018ലെ പ്രളയത്തി‍ൽ മലമുകളിൽ ഉരുൾപൊട്ടി പൊലിഞ്ഞത് 4 ജീവനാണ്. കുറാഞ്ചേരിയിൽ മണ്ണിടിച്ചിലിൽ ഇരുപതോളം പേർ മരിച്ച അതേ ദിവസം. ഇന്നലത്തെ ദുരന്തം മലയുടെ തെക്കുഭാഗത്താണെന്നു മാത്രം.

3 പേരുടെ ജീവനെടുത്തിട്ടും ഏക്കർ കണക്കിനു ഭീമി തിന്നൊടുക്കിയിട്ടും അണയാതെ തീ പടരുകയാണ്. 3 ദിവസമായി കാടിനെ വിഴുങ്ങുന്ന തീ ഒരുപരിധി വരെ നിയന്ത്രിക്കാൻ വനംവകുപ്പ് ജീവനക്കാർക്കു കഴിഞ്ഞെങ്കിലും പൂർണമായി അണയ്ക്കാനായിട്ടില്ല. ജനവാസ മേഖലയായ പള്ളിക്കര മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് അഗ്നിരക്ഷാസേനയും എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും.

രക്ഷാപ്രവർത്തനത്തിനെത്തുന്ന സേനാംഗങ്ങൾ പുകയും ചൂടും മൂലം വലയുന്നു. ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ ജയരാജിന് അസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വനംവകുപ്പിന്റെ ഫയർ റെസ്പോണ്ടർ വാഹനങ്ങളും അഗ്നിരക്ഷാസേനയും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മധ്യമേഖല സിസിഎഫ് ദീപക് മിശ്ര, ഡിഎഫ്ഒമാരായ എ. രഞ്ജൻ, എസ്.വി. വിനോദ്, ത്യാഗരാജൻ, നരേന്ദ്രബാബു, സെൻട്രൽ സർക്കിൾ ടെക്നിക്കൽ അസിസ്റ്റന്റ് സുർജിത്, വടക്കാഞ്ചേരി റേഞ്ച് ഓഫിസർ ഡൽട്ടോ എൽ മറോക്കി എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. തൃശൂരിലെ അഗ്നിരക്ഷാസേനയ്ക്കു പുറമേ ഷൊർണൂരിൽ നിന്നുള്ള സംഘവും എത്തി.

×