മറ്റു 2 പേരും മരിച്ചുവെന്നറിഞ്ഞപ്പോൾ ശങ്കരൻ പറഞ്ഞു: ‘ഞാൻ രക്ഷപ്പെടില്ല… ഞാൻ മരിക്കും.. ; ആളുന്ന തീയില്‍ നിന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ചപ്പോള്‍ ശങ്കരന്‍ പറഞ്ഞതിങ്ങനെ…

ന്യൂസ് ബ്യൂറോ, തൃശൂര്‍
Monday, February 17, 2020

ദേശമംഗലം :  ഗുരുതരമായി പൊള്ളലേറ്റു കാട്ടിൽ വീണുകിടന്ന നിലയിലായിരുന്നു ശങ്കരൻ. മറ്റു 2 പേരും മരിച്ചുവെന്നറിഞ്ഞപ്പോൾ ശങ്കരൻ പറഞ്ഞു: ‘ഞാൻ രക്ഷപ്പെടില്ല… ഞാൻ മരിക്കും.. ശങ്കരനെ കണ്ടെത്തി താഴെ എത്തിച്ചവർ അഗ്നിരക്ഷാ സേനാംഗങ്ങളോടു പറഞ്ഞത് ആ നിമിഷത്തിന്റെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളാണ്.

തോളിൽ താങ്ങി ശങ്കരനെ അരക്കിലോമീറ്ററോളം താഴെ എത്തിച്ചാണ് ആംബുലൻസിൽ കയറ്റിയത്. അപ്പോഴേക്കും വനംവകുപ്പ് അധികൃതർ താഴെ 108 ആംബുലൻസ് തയാറാക്കി നിർത്തിയിരുന്നു. ഇതിൽ ശങ്കരനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.

അതേസമയം, കാട്ടിനുള്ളിൽ മരിച്ചനിലയിലാണു വേലായുധനെയും ദിവാകരനെയും കണ്ടെത്തിയത്. ചുറ്റും തീവളഞ്ഞപ്പോൾ പുറത്തുകടക്കാൻ മാർഗമില്ലാതെ ഇവർ കുടുങ്ങിപ്പോവുകയായിരുന്നു. സിപിഎം എരുമപ്പെട്ടി പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.കെ. കണ്ണന്റെ സഹോദരനാണു വേലായുധൻ.

മരിച്ച വാഴച്ചാൽ ആദിവാസി കോളനി സ്വദേശി ദിവാകരൻ 2014ൽ ആണ് ട്രൈബൽ വാച്ചറായി നിയമിതനായത്. മക്കളിലൊരാൾക്ക് 10 മാസം പ്രായമേയുള്ളു. കാടറിയാവുന്ന ദിവാകരൻ കാറ്റിൽ ആളിപ്പടർന്നെത്തിയ തീയിൽ പെട്ടുപോവുകയായിരുന്നു.

ഇവരോടൊപ്പമുണ്ടായിരുന്ന രഞ്ജിത് തീയിൽ നിന്നു പുറത്തുചാടി രക്ഷപ്പെടുന്നതിനിടെ പരുക്കുപറ്റിയെങ്കിലും ഗുരുതരമല്ല. രാത്രി പതിനൊന്നരയോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ശങ്കരൻ മരിച്ചു.

×