തുഷാര്‍ വെള്ളാപ്പള്ളി നാളെ നാട്ടില്‍ തിരിച്ചെത്തും: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Wednesday, September 11, 2019

ആലപ്പുഴ : ദുബായില്‍ ചെക്കുകേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എസ്‌എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നാളെ നാട്ടില്‍ തിരിച്ചെത്തും. വൈകീട്ട് എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്ബാശ്ശേരിയില്‍ എത്തുന്ന തുഷാറിനെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലും തുടര്‍ന്ന് ആലുവയിലും എസ്‌എന്‍ഡിപി യോഗത്തിന്റെ വിവിധ യൂണിയനുകളുടെയും പോഷകസംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

നെടുമ്ബാശ്ശേരിയില്‍ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്ബടിയോടെ തുഷാറിനെ ആലുവ പ്രിയദര്‍ശിനി മുനിസിപ്പല്‍ ടൗണ്‍ഹാളിലേക്ക് ആനയിക്കും. ഏഴിന് സ്വീകരണ സമ്മേളനം എസ്‌എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍ ഉദ്ഘാടനം ചെയ്യും. എസ്‌എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അയരക്കണ്ടി സന്തോഷ് അധ്യക്ഷനാകും.

തന്റെ മോചനത്തിന് ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെയും തുഷാര്‍ വെള്ളാപ്പള്ളി സന്ദര്‍ശിച്ച്‌ നന്ദി അറിയിക്കും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല. പരാതിക്കാരനും മലയാളിയുമായ നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയാണ് ചെക്കുകേസില്‍ അജ്മാന്‍ കോടതി തുഷാറിനെ കുറ്റവിമുക്തനാക്കിയത്.

×