തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎയില്‍ നിന്നും പുറത്താക്കി ബിഡിജെഎസ് പിടിക്കാന്‍ ബിജെപി നീക്കം. ബിഡിജെഎസിനെ നയിക്കാന്‍ പ്രൊഫഷണല്‍ നേതൃനിര ഉടന്‍ ! കേസുകള്‍ തുഷാറിനു വിനയാകും ? ഒരാഴ്ച ഡല്‍ഹിയില്‍ തങ്ങിയിട്ടും അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെ കാണാനാകാതെ തുഷാറിന് മടക്കം !

ജെ സി ജോസഫ്
Tuesday, November 5, 2019

ഡല്‍ഹി :  ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ നിന്നും തുഷാർ വെള്ളാപ്പള്ളിയെ പുറത്താക്കുമെന്നു സൂചന. പാര്‍ട്ടി അധ്യക്ഷനായ തുഷാറിനെ പുറത്താക്കി ബി ഡി ജെ എസിനെ എന്‍ ഡി എ ഘടക കക്ഷിയാക്കി നിലനിര്‍ത്താനാണ് തീരുമാനം .

ബി ഡി ജെ എസിന്‍റെ തുഷാര്‍ ഒഴികെയുള്ള നിലവിലെ നേതാക്കളെ നിലനിര്‍ത്തി സംഘടനാ തലപ്പത്തേയ്ക്ക് ടി പി സെന്‍കുമാര്‍ മോഡല്‍ പ്രൊഫഷണല്‍ നേതൃനിര സൃഷ്ടിക്കാനാണ് ആലോചന.

സമുദായ സംഘടന എന്ന ലേബല്‍ മാറ്റി ബി ഡി ജെ എസിനെ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാക്കി പ്രമുഖ ഘടകകക്ഷിയാക്കി മാറ്റാനും ആലോചനയുണ്ട്. ഉടന്‍ 10 സംസ്ഥാനങ്ങളില്‍ എങ്കിലും സംഘടനയുടെ കമ്മിറ്റികള്‍ നിലവില്‍ വരും. ബി ഡി ജെ എസിന്‍റെ നേതൃനിരയില്‍ തുഷാറിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയരുന്നുണ്ട്.

ബി ഡി ജെ എസിന്‍റെ നേതൃനിരയില്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ് തുഷാറെന്നു പറയപ്പെടുന്നു. സുഭാഷ് വാസു ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപി നീക്കത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ.

ദേശീയ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് കഴിഞ്ഞ ഏഴു ദിവസമായി ഡൽഹിയിൽ കാത്തു കിടന്ന തുഷാർ വെള്ളാപ്പള്ളിക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ, വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ധ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശനാനുമതി നല്‍കിയില്ല. മാത്രമല്ല ബിജെപിയുടെ ഉത്തരവാദിത്വപെട്ട നേതാക്കളാരും തുഷാറിന് സന്ദര്‍ശനാനുമതി നല്‍കിയില്ല. ഇതേതുടര്‍ന്ന്‍ തുഷാര്‍ ഇന്ന് വൈകിട്ട് നാട്ടിലേയ്ക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്.

തുഷാറിനെതിരെയുള്ള ചില കേസുകള്‍ സംബന്ധിച്ച് അദ്ദേഹത്തിനെതിരെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഉള്ളതും സന്ദര്‍ശനാനുമതി തടയാന്‍ കാരണമായതായി പറയപ്പെടുന്നു. ഈ കേസുകളുമായി ബന്ധപെട്ടു താമസിയാതെ തുഷാറിനെതിരെ അറസ്റ്റ് സാധ്യത നിലനില്‍ക്കുന്നതായും സൂചനയുണ്ട്.

കൂടിക്കാഴ്ചയ്ക്ക് വേണ്ടിയുള്ള തുഷാറിന്റെ നിരന്തര അഭ്യർത്ഥന അമിത് ഷായും, ജെ പി നദ്ധയും നിരസിച്ചതിനു പിന്നില്‍ ആര്‍ എസ് എസിന്‍റെ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും പറയപ്പെടുന്നു .

തുഷാര്‍ വെളളാപ്പള്ളി ഇനി എന്‍ ഡി എ യുടെ ഭാഗമായി വേണ്ടെന്ന തീരുമാനം നേതൃതലത്തില്‍ ഉണ്ടായികഴിഞ്ഞെന്നതാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകാനും സാധ്യതയുണ്ട് .

×