തുവര കൃഷിചെയ്യാം

സത്യം ഡെസ്ക്
Monday, July 13, 2020

ഇന്ത്യയില്‍ ജന്മം കൊണ്ടതാണ് തുവര. 3500 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ തുവരകൃഷി നമ്മുടെ നാട്ടിലുണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവാണ് തുവരയെ മറ്റു പയറുവര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മണ്ണിലെ ലഭ്യമായ ഈര്‍പ്പം ഉപയോഗപ്പെടുത്തി മൂന്നുമീറ്റര്‍ വരെ ഉയരത്തില്‍ വളരാന്‍ തുവരയ്ക്ക് കഴിയും.

പ്രോട്ടീന്റെ സംഭരണശാലയാണ് തുവര. 20 ശതമാനം സി പ്രോട്ടീന്‍ മാത്രമല്ല വിറ്റാമിനുകളും പോഷകങ്ങളും തുവരയെ നമ്മുടെ തീന്‍മേശയിലെ അവിഭാജ്യഘടകമാക്കി മാറ്റിയിരിക്കുന്നു. പരിപ്പും നെയ്യിലും തുടങ്ങി സാമ്പാറില്‍ അവസാനിക്കുന്ന സദ്യയിലെ ആദ്യവസാനക്കാരനും തുവരപ്പരിപ്പ് തന്നെ. കുതിച്ചുകയറുന്ന വിലയിലും തുവരയെ കൈയൊഴിക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നമ്മുടെ പറമ്പുകളിലേക്ക് തുവരയെ ക്ഷണിച്ചുവരുത്തുന്നത് തന്നെയാണ്.

വെള്ളം കെട്ടിനില്‍ക്കാത്ത ഏത് സ്ഥലത്തും തുവര കൃഷി ചെയ്യാം. രണ്ട് പ്രാവശ്യമെങ്കിലും കിളച്ച് കട്ടയുടച്ച്‌നിലം ഒരുക്കണം. മൂന്നടി അകലത്തിലായി കുഴികളെടുത്ത് തൈകള്‍ നടാം. കേരളത്തിന് ഏറ്റവും അനുേയാജ്യമായ തുവര ഇനം ബി.എസ്.ആര്‍1 ആണ്. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഭവാനി സാഗര്‍ ദീര്‍ഘകാല വിളയാണ്. അതായത് നട്ട് അഞ്ചുവര്‍ഷം വരെ ഉത്പാദനം ഉറപ്പിക്കാം.

മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ കാല്‍ കിലോഗ്രാം സ്യൂഡോമോണസ് കലക്കി അതില്‍ എട്ടു മണിക്കൂര്‍ നേരം വിത്ത് മുക്കിവെച്ചതിന് ശേഷമേ പാകാവൂ. റൈസോബിയം കള്‍ച്ചറും വാമും പുരട്ടുന്നത് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കും.

നല്ല ഇടയകലമുണ്ടെങ്കില്‍ തുവര പന്തലിച്ചു വളരാന്‍ ഇഷ്ടപ്പെടുന്ന ചെടിയാണ്. നട്ട് ആദ്യത്തെ അഞ്ചുമാസം നന നല്‍കണം. അടുത്ത ഒരു മാസം നന നിര്‍ത്താം. പൂത്തതിനുശേഷമേ നന പുനരാരംഭിക്കേണ്ടതുള്ളൂ. വരള്‍ച്ചയാണ് തുവരയ്ക്ക് പൂക്കുന്നതിനുള്ള പ്രചോദനം.

നടുന്നതിന് പത്തുദിവസം മുമ്പ് കുഴിയിലും നട്ട് മൂന്നു മാസത്തിനുശേഷവും ഒരു പിടി കുമ്മായം ചേര്‍ത്തു കൊടുക്കണം. കുമ്മായം ചേര്‍ത്ത് രണ്ടാഴ്ച കഴിഞ്ഞാല്‍ ചാണകവളവും അല്പം രാസവളവും ചേര്‍ത്ത് മണ്ണ് കൂട്ടാം.

സൂക്ഷ്മമൂലകമായ സിങ്ക് തുവരയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. രണ്ട് മാസത്തിലൊരിക്കല്‍ ചെടിയൊന്നിന് 20 ഗ്രാം സിങ്ക് സള്‍ഫേറ്റ് നല്‍കാം ഒപ്പം 50 ഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റും.

തുവരവാള്‍ മുക്കാല്‍ ഭാഗം ഉണങ്ങിയാല്‍ മുറിച്ചെടുത്ത് വെയിലത്തുണക്കി തല്ലിപ്പൊഴിക്കാം. സാധാരണഗതിയില്‍ യാതൊരു തരത്തിലുമുള്ള കീടബാധയും തുവരയില്‍ കാണാറില്ല.

×