ഷാനിമോള്‍ ഉസ്മാനെതിരായ ജി സുധാകരന്റെ പൂതന പരാമര്‍ശം: ആരുടെയും പേരെടുത്തു പറഞ്ഞല്ല മന്ത്രിയുടെ പരാമര്‍ശം: തെരഞ്ഞടുപ്പ് ചട്ടലംഘനമില്ലെന്ന് ടിക്കാറാം മീണ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, October 9, 2019

തിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരന് ക്ലീന്‍ ചിറ്റ്. ആരുടെയും പേരെടുത്തു പറഞ്ഞല്ല മന്ത്രിയുടെ പരാമര്‍ശം. അതില്‍ തെരഞ്ഞടുപ്പ് ചട്ടലംഘനമില്ലെന്നും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശത്തില്‍ ദുരുദ്ദേശ്യമൊന്നും കണ്ടെത്താനായില്ല. കലക്ടറുടെയും എസ്പിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി. ജി സുധാകരന്റെ വിശദീകരണവും പ്രസം​ഗത്തിന്റെ വീഡിയോയും തെരഞ്ഞടുപ്പ് കമ്മീഷന്‍ പരിശോധിച്ചിരുന്നു

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്‍റെ പരാമര്‍ശം. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു ഡി എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടിയാണ് മന്ത്രിക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു

×