ആസിഡ് ആക്രമണത്തെ പ്രോത്സാഹിപ്പിച്ച് വിവാദ വീഡിയോ ടിക് ടോകില്‍; ടിക് ടോക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് ട്രെന്‍ഡിങില്‍ ഒന്നാമത്; ഒടുവില്‍ വിവാദ വീഡിയോ പിന്‍വലിച്ച് ടിക് ടോക്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, May 18, 2020

ന്യൂഡല്‍ഹി: ആസിഡ് ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് വീഡിയോയ്‌ക്കെതിരെ പ്രതിഷേധം ശക്തം. ഫൈസല്‍ സിദ്ദിഖി എന്നയാളാണ് ടിക് ടോകില്‍ ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തത്.

സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ ഒടുവില്‍ വിവാദ വീഡിയോ ടിക് ടോക് പിന്‍വലിച്ചു. ദേശീയ വനിതാ കമ്മീഷനടക്കം സംഭവത്തില്‍ ഇടപെട്ടിരുന്നു.

വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടും ഫൈസലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും കമ്മീഷന്‍ മഹാരാഷ്ട്ര പൊലീസ് മേധാവിക്ക് കത്തയച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ടിക് ടോക് വീഡിയോ പിന്‍വലിച്ചത്. വീഡിയോ പോസ്റ്റ് ചെയ്തതില്‍ ഫൈസല്‍ സിദ്ദിഖി ഇന്‍സ്റ്റഗ്രാമിലൂടെ മാപ്പ് പറഞ്ഞു.

വീഡിയോ നീക്കം ചെയ്‌തെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ ടിക് ടോകിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. #BanTikTok എന്ന ഹാഷ്ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തി.

×