കേരളത്തിൽ ഇടതു സർക്കാരിൻ്റെ തുടർ ഭരണം പ്രവചിച്ച് ടൈംസ് നൗ – സീ വോട്ടർ സർവേ. ഇടതു മുന്നണി നേടുക 82 സീറ്റ് വരെ. സർവേയിൽ പങ്കെടുത്തവരിൽ 38 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിക്കുന്നത് പിണറായി വിജയനെ. സർവേയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു ! സർവേയിൽ പങ്കെടുത്ത 0.8 ശതമാനം മുഖ്യമന്ത്രിയായി പ്രതീക്ഷിക്കുന്നത് ഒരു വർഷം മുമ്പ് മരിച്ച സി എഫ് തോമസിനെ ! സർവേ നടത്തിയത് കേരളത്തിലോ അതോ ചാനൽ ഡെസ്കിലോ. സംശയവുമായി സോഷ്യൽ മീഡിയ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, March 8, 2021

ഡൽഹി: കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണമുണ്ടാകുമെന്ന് പ്രവചിച്ച് ടൈംസ് നൗ-സീവോട്ടര്‍ അഭിപ്രായസര്‍വ്വേ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി 82 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. യുഡിഎഫ് 56 സീറ്റുകള്‍ വരെ നേടും.

ബിജെപി നില മെച്ചപ്പെടുത്തില്ല. ഒരു സീറ്റ് കൊണ്ട് ഇത്തവണയും തൃപ്തിപ്പെടേണ്ടി വരുമെന്ന് സര്‍വ്വേയില്‍ പറയുന്നു.

ഇടതുപക്ഷത്തിന് ഇത്തവണ വോട്ട് കുറയുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 2016ല്‍ 43.5 ശതമാനം വോട്ട് കിട്ടിയിരുന്നു. എന്നാല്‍ ഇത്തവണ അത് 42.9 ശതമാനമായി കുറയും. യുഡിഎഫിന്റെ വോട്ട് ശതമാനവും കുറയും. 2016ലെ 38.8 ശതമാനത്തില്‍ നിന്ന് 37.6 ശതമാനമായിട്ടാണ് കുറയുക.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനത്തില്‍ 42.34 ശതമാനം ജനങ്ങളും സംതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി പദവിയിലേക്ക് നിര്‍ദേശിക്കപ്പെടുന്ന ആദ്യ പേരും പിണറായി വിജയന്റേതെന്ന് സര്‍വ്വേ വ്യക്തമാക്കി.

36.36 ശതമാനം പേര്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വളരെ സംതൃപ്തരാണെന്ന് പ്രതികരിച്ചു. സംതൃപ്തി പ്രകടിപ്പിച്ചവര്‍ 39.66 ശതമാനമാണ്.

അതേ സമയം സർവേയുടെ ആധികാരിതരും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്. സർവേയിൽ മുഖ്യമന്ത്രിയായി 0.8 ശതമാനം ആളുകൾ പറയുന്നത് ഒരു വർഷം മുമ്പ് മരിച്ച സി എഫ് തോമസിൻ്റെ പേരാണ്. കേരളം പോലൊരു സംസ്ഥാനത്ത് മരിച്ച ഒരാളെ മുഖ്യമന്ത്രിയായി കാണാൻ മാത്രം മണ്ടൻമാരല്ല ആളുകൾ എന്നത് വ്യക്തമാണ്.

ഇതോടെയാണ് സർവേകളുടെ മണ്ടത്തരം പുറത്തെത്തുന്നത്. പല പ്രീപോൾ സർവേകളും പെയ്ഡ് സർവേകളാണെന്ന ആക്ഷേപവും ഇതോടെ ശക്തമാകുകയാണ്.

×