ഗവര്‍ണറുടെ പ്രസംഗത്തില്‍ നിന്ന് 'ജയ്ഹിന്ദ്' ഒഴിവാക്കിയ സംഭവം: തമിഴ്‌നാട് തല ഉയര്‍ത്തിനില്‍ക്കുന്നുവെന്ന് ഡിഎംകെയുടെ സഖ്യകക്ഷി നേതാവ്; ഇത് ഡിഎംകെയുടെ നേട്ടമെന്നും അവകാശവാദം; സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പറഞ്ഞ് രക്ഷപ്പെടാനും ശ്രമം

New Update

publive-image

ചെന്നൈ: കേന്ദ്രസര്‍ക്കാരിനെ 'സെന്‍ട്രല്‍ ഗവണ്‍മെന്റ്' എന്നതിന് പകരം 'യൂണിയന്‍ ഗവണ്‍മെന്റ്' എന്ന് അഭിസംബോധന ചെയ്യാനുള്ള ഡിഎംകെയുടെ തീരുമാനം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഡിഎംകെയുടെ സഖ്യകക്ഷിയായ കൊങ്കുനാട് ദേശീയ മക്കള്‍ കച്ചി(കെഡിഎംകെ) നേതാവ് നടത്തിയ ഒരു പരാമര്‍ശവും വിവാദമായിരിക്കുകയാണ്.

Advertisment

ഗവര്‍ണറുടെ പ്രസംഗത്തില്‍ നിന്ന് 'ജയ് ഹിന്ദ്' ഒഴിവാക്കിയതിനാല്‍ തമിഴ്‌നാട് തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നുവെന്നായിരുന്നു നിയമസഭയില്‍ കെഡിഎംകെ നേതാവ് നടത്തിയ വിവാദ പരാമര്‍ശം.

മെയ് ഏഴിന് ഡിഎംകെ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം ഗവര്‍ണറുടെ പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. മുന്‍വര്‍ഷങ്ങളിലേതിന് വ്യത്യസ്തമായി 'ജയ് ഹിന്ദ്' എന്ന പദം പ്രസംഗത്തിന്റെ അവസാനം ഉപയോഗിച്ചിരുന്നില്ല.

പിന്നീട് എംഎല്‍എമാര്‍ സംസാരിക്കുന്ന വേളയിലാണ് തിരുചെങ്ങോട് എംഎല്‍എയും കെഡിഎംകെ നേതാവുമായ ഈശ്വരന്‍ ഇതുസംബന്ധിച്ച വിവാദ പരാമര്‍ശം നടത്തിയത്. ''“ഗവർണറുടെ പ്രസംഗം കേട്ട ശേഷം തമിഴ്‌നാട് തല ഉയർത്തിപ്പിടിച്ച് നിൽക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കി. കഴിഞ്ഞ വർഷം ഗവർണറുടെ പ്രസംഗത്തിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം തന്റെ പ്രസംഗം അവസാനിപ്പിക്കുമ്പോൾ ഗവർണർജയ് ഹിന്ദ് എന്ന്‌ പറഞ്ഞില്ല “-എന്നായിരുന്നു ഈശ്വരന്റെ പരാമര്‍ശം.

ഗവര്‍ണറുടെ പ്രസംഗം സര്‍ക്കാരാണ് തയ്യാറാക്കുന്നത്. ഇതില്‍ നിന്ന് 'ജയ് ഹിന്ദ്' ഒഴിവാക്കിയത് ഡിഎംകെ സര്‍ക്കാരിന്റെ നേട്ടമാണെന്നാണ് ഈശ്വരന്‍ പറയുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ, താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ഈശ്വരന്‍ പറയുന്നു.

രണ്ട് ഭാഷാ നയം തുടരുമെന്ന് ഡിഎംകെ സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനാല്‍ ഹിന്ദി പദം നീക്കം ചെയ്യുന്നത് സംബന്ധിച്ച് താന്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് ഈശ്വരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്തായാലും, സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

എന്നാല്‍, ഈശ്വരന്റെ പരാമര്‍ശത്തിനെതിരെ ബിജെപിയോ, എഡിഎംകെ എംഎല്‍എമാരോ രംഗത്തെത്തിയിട്ടില്ല. എന്നാല്‍ 'ജയ്ഹിന്ദ്' എന്ന് തമിഴില്‍ ട്വീറ്റ് ചെയ്ത് തമിഴ്‌നാട് കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ദിരാഗാന്ധി ജയ്ഹിന്ദ് എന്ന് പറയുന്ന വീഡിയോ പങ്കുവച്ചതിനോടൊപ്പം #ProudToSayJaiHind എന്ന് കുറിക്കുകയും ചെയ്തു.

Advertisment