Advertisment

മുമ്പ് ഒരേ തട്ടകത്തിലായിരുന്ന ടോബിന്‍ കെ അലക്സും ജോസ് മോന്‍ മുണ്ടയ്ക്കലും ഏറ്റുമുട്ടുമ്പോള്‍  നിലപാടുകളുടെ രാഷ്ട്രീയമാണ് കിടങ്ങൂരിലെ ചര്‍ച്ച ! അസ്വാരസ്യങ്ങള്‍ക്കിടെ കിടങ്ങൂരില്‍ പ്രചരണം ചൂടുപിടിക്കുമ്പോള്‍ !

New Update

publive-image

Advertisment

കോട്ടയം: നിലപാടു മാറ്റങ്ങളുടെ രാഷ്ട്രീയം കൊണ്ടാണ് കിടങ്ങൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഇത്തവണ ശ്രദ്ധേയമാകുന്നത്. മുമ്പ് ഒരേ പാര്‍ട്ടിയിലുണ്ടായിരുന്ന രണ്ടു യുവനേതാക്കളാണ് ഇപ്പോള്‍ വ്യത്യസ്ത മുന്നണികളിലായി ഏറ്റുമുട്ടുന്നത്.

കേരളാ കോണ്‍ഗ്രസ് യുവനേതാവും മുത്തോലി ബാങ്ക് പ്രസിഡന്‍റും മുന്‍ പഞ്ചായത്തംഗവും അധ്യാപകനുമായ ടോബിന്‍ കെ അലക്സാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി.

മുന്‍പ് കെഎം മാണിയുടെ അനുയായി എന്നനിലയില്‍ കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നിട്ട് പിന്നീട് പല രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് ഒടുവില്‍ ജോസഫ് വിഭാഗത്തിലെത്തിയ ജോസ് മോന്‍ മുണ്ടക്കലാണ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി.

ബിജെപിയുടെ സംസ്ഥാന നേതാവും കര്‍ഷക മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ അഡ്വ. എസ് ജയസൂര്യനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മാറ്റുരയ്ക്കുന്നു. ഇതിനോടകം ടോബിന്‍ - ജോസ് മോന്‍ ഏറ്റുമുട്ടലായി കിടങ്ങൂരിലെ മത്സരം മാറിക്കഴിഞ്ഞു.

publive-image

ഇവിടെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനം പൊതുപ്രവര്‍ത്തകരുടെ നിലപാടും നിലപാടില്ലായ്മകളുമാണ്. ഇടതുപക്ഷം പ്രത്യേകമായി ചൂണ്ടിക്കാട്ടുന്നതും ഈ നിലപാട് രാഹിത്യം തന്നെയാണ്.

കേരള കോണ്‍ഗ്രസില്‍ കെഎം മാണിസാറിന്‍റെ മാനസപുത്രന്മാരായിരുന്നു ടോബിനും ജോസ് മോനും. പക്ഷേ 5 വര്‍ഷം മുമ്പ് ജോസ് മോന്‍ നിലപാട് മാറ്റി.

മാണി സാറിനൊപ്പം നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ജില്ലാ പഞ്ചായത്തംഗവുമായ ശേഷം ജോസ് മോന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തോമസ് ചാഴികാടനെതിരെ റിബലായി രംഗത്തുവരികയായിരുന്നു.

മാണിസാര്‍ നേരിട്ട് ഇടപെട്ടിട്ടും ജോസ് മോന്‍ പിന്‍മാറിയില്ല. കഴിഞ്ഞ തവണ ചാഴികാടന്‍റെ പരാജയത്തിന് പ്രധാന കാരണവും ഈ റിബലായിരുന്നു.

അതിനുശേഷം മറ്റ് രാഷ്ട്രീയ നിലപാടുകളുമായി മാറി നിന്നശേഷം പിന്നീട് വീണ്ടും മാണി വിഭാഗത്തില്‍ തിരികെയെത്തിയ ജോസ് മോന്‍ കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ചരടുവലിച്ചെന്നാരോപണം ഉയര്‍ന്നിരുന്നു.

ഇതോടെ ജോസ് കെ മാണിയുടെ ഗുഡ് ലിസ്റ്റില്‍നിന്നും ജോസ് മോന്‍ തെറിച്ചു. പിന്നീട് ആഴ്ചകള്‍ക്കുമുമ്പാണ് ജോസ് പക്ഷത്തുനിന്നും ജോസ് മോന്‍ ജോസഫ് വിഭാഗത്തിലെത്തിയത്. ചുരുക്കത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ 4 തവണ ജോസ് മോന്‍ നിലപാട് മാറ്റി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ റിബലായി രംഗത്തുവന്ന വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയതു സംബന്ധിച്ച് യുഡിഎഫില്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു.

ജാന്‍സ് കുന്നപ്പള്ളിയെപ്പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും സീറ്റ് നിഷേധിച്ചാണ് ഇത്തവണ കേരള കോണ്‍ഗ്രസ് ഈ സീറ്റ് പിടിച്ചെടുത്തത്. അതിന്‍റെ അസ്വാരസ്യങ്ങള്‍ ഇപ്പോഴും മുന്നണിയില്‍ തുടരുകയാണ്.

അതേസമയം പ്രദേശത്ത് സജീവ സാന്നിധ്യമാണ് ജോസ് മോന്‍. മരണ വീടുകളിലും വിവാഹ ചടങ്ങുകളിലുമെല്ലാം ആരാലും ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യം തന്നെയാണ് ജോസ് മോന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

മുത്തോലി പഞ്ചായത്ത് മുന്‍ അംഗവും സഹകരണ ബാങ്ക് പ്രസിഡന്‍റുമാണ് ടോബിന്‍ കെ അലക്സ്. കേരള കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് വളര്‍ച്ച.

പാലാ കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റിന്‍റെ കീഴില്‍ അധ്യാപകനായ ടോബിന്‍ പൊതുജീവിതത്തിലും അതിനൊത്ത മാന്യത കാത്തുസൂക്ഷിക്കുന്നയാളെന്ന നിലയില്‍ ശ്രദ്ധേയനാണ്.

തുടക്കം മുതല്‍ കേരള കോണ്‍ഗ്രസ് - മാണി വിഭാഗം അനുയായിയാണ് ടോബിന്‍. എന്തായാലും ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാകും കിടങ്ങൂരിലേത്. ഒപ്പം പിടിക്കാന്‍ എന്‍ഡിഎയുമുണ്ടാകും.

 

election news
Advertisment