തൊടുപുഴയില്‍ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ പോലീസിനു മൃദുസമീപനം. കാരണം നെടുങ്കണ്ടം കസ്റ്റഡി മരണം ?

author-image
സാബു മാത്യു
Updated On
New Update

publive-image

തൊടുപുഴ : ചൊവ്വാഴ്‌ച രാത്രി ചുങ്കം ഫൊറോനപള്ളിയ്‌ക്ക്‌ സമീപം നടുറോഡില്‍ വാഹനഗതാഗതം തടസ്സപ്പെടുത്തി ഒരു യുവാവിനെ നാലംഗ സംഘം മര്‍ദ്ദിച്ച സംഭവം വിവാദമാകുന്നു. ഇത്‌ ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളും ഇതുവഴി വന്ന വാഹനയാത്രക്കാരും വിവരം തൊടുപുഴ പോലീസ്‌ സ്റ്റേഷനില്‍ അറിയിച്ചു.

Advertisment

പോലീസ്‌ എത്താന്‍ താമസിച്ചതിനെ തുടര്‍ന്ന്‌ തങ്ങളുടെ പരിചയത്തിലുള്ള പോലീസ്‌ ഉദ്യോഗസ്ഥനെ വിളിച്ചപ്പോള്‍ നെടുങ്കണ്ടം കസ്റ്റഡി മരണത്തിനു ശേഷം ഇതുപോലുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്‌ പരിമിതിയുണ്ടെന്നും ഇതില്‍ നാട്ടുകാര്‍ ഇടപെടാതിരിക്കുന്നതാണ്‌ നല്ലതെന്നുമുള്ള ഉപദേശമാണ്‌ ലഭിച്ചതെന്ന് പറയുന്നു .

മര്‍ദ്ദനമേറ്റയാള്‍ പരാതി നല്‍കുമ്പോള്‍ അന്വേഷിക്കാമെന്ന നിലപാടിലായിരുന്നു പോലീസ്‌. ആളുകള്‍ തടിച്ചുകൂടുന്നതു കണ്ട്‌ നടുറോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനവുമായി അക്രമികള്‍ പോകുകയും ഏതാനും മിനിറ്റുകള്‍ക്കു ശേഷം സംഭവസ്ഥലത്തിന്‌ സമീപം ഇവര്‍ വീണ്ടും എത്തുകയും ചെയ്‌തു.

വീണ്ടും ബന്ധപ്പെട്ടപ്പോള്‍ പോലീസ്‌ സംഭവസ്ഥലത്തെത്തി. നാട്ടുകാര്‍ വാഹനം കാണിച്ചുകൊടുത്തു. പോലീസ്‌ വാഹനത്തിനടുത്തെത്തിയപ്പോള്‍ അക്രമികള്‍ വാഹനം വെട്ടിച്ചു കടന്നുപോകുകയായിരുന്നു. പോലീസ്‌ ജീപ്പ്‌ ഉപയോഗിച്ച്‌ വാഹനം തടഞ്ഞു നിര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടു.

ഇത്‌ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ റോഡിന്റെ മധ്യഭാഗത്തായി കയറി നിന്നെങ്കിലും അക്രമികള്‍ വാഹനത്തിന്റെ ലൈറ്റുകള്‍ അണച്ച്‌ അമിതവേഗതയില്‍ കടന്നുപോകുകയായിരുന്നു. എതിര്‍വശത്തു നിന്നും വന്ന രണ്ട്‌ ഇരുചക്രവാഹനക്കാര്‍ ഭാഗ്യം കൊണ്ടു മാത്രമാണ്‌ രക്ഷപ്പെട്ടത്‌.

പോലീസ്‌ ഇവരെ പിന്തുടര്‍ന്നെങ്കിലും അക്രമികളെ പിടിക്കുവാന്‍ സാധിച്ചില്ല. വാഹന നമ്പര്‍ നാട്ടുകാര്‍ പോലീസിന്‌ കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയിലെ ഒരു എ ടി എം കൗണ്ടറിന്റെ മുന്നില്‍ നിന്നും പ്രതികളെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

എന്നാല്‍ ഇവരെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കിയശേഷം പൊതുസ്ഥലത്തിരുന്ന്‌ മദ്യപിച്ചു എന്ന കുറ്റംമാത്രം ചുമത്തി ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയായിരുന്നു.

പൊതുസ്ഥലത്ത്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും അക്രമം നടത്തുകയും പോലീസ്‌ വാഹനം മറികടന്ന്‌ അമിതവേഗതയില്‍ പൊതുജനത്തിന്റെ ജീവന്‌ ഭീഷണിയുണ്ടാക്കുന്ന വിധത്തില്‍ വാഹനം ഓടിച്ച്‌ കടന്നുപോയ ഇവര്‍ക്കെതിരെ വേറെ കേസുകളൊന്നും തന്നെ എടുക്കാന്‍ പോലീസ്‌ തയ്യാറായില്ല.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിനു ശേഷം പോലീസ്‌ സ്റ്റേഷനുകളില്‍ എത്തുന്ന പല പരാതികളിലും തണുത്ത പ്രതികരണമാണ്‌ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്‌. പരാതിക്കാരോട്‌ വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കാമെന്ന നിലപാടാണ്‌ പോലീസ്‌ സ്വീകരിക്കുന്നത്‌.

ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ്‌ വയ്‌ക്കാതെയും യാത്ര ചെയ്യുമ്പോള്‍ സീറ്റ്‌ ബെല്‍റ്റ്‌ ഇടാത്തവരെയും തടഞ്ഞു നിര്‍ത്തി പരമാവധി പിഴ അടപ്പിക്കുകയും ഇതിലൂടെ സര്‍ക്കാരിന്‌ വരുമാനം ഉയര്‍ത്തി നല്‍കി പ്രീതി പിടിച്ചു പറ്റാനുള്ള ശ്രമം മാത്രമാണ്‌ പോലീസ്‌ ചെയ്യുന്നത്‌.

ഒരു മണിക്കൂറോളം പൊതുസ്ഥലത്ത്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചവര്‍ക്കെതിരെ മദ്യപിച്ചതിനു മാത്രം കേസെടുത്ത പോലീസ്‌ പൊതുജനത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്‌.

idukki
Advertisment