ഒളിംപിക്സിന് ടോക്കിയോയില്‍ ഇന്ന് തിരിതെളിയും

സ്പോര്‍ട്സ് ഡസ്ക്
Friday, July 23, 2021

ടോക്കിയോ: ലോക കായിക മാമാങ്കമായ ഒളിംപിക്സിന് ടോക്കിയോയില്‍ ഇന്ന് തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. കോവിഡ് വ്യാപനത്തിനിടയിലാണ് ഇത്തവണ ഒളിംപിക്സ്. ടോക്കിയോയില്‍ രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്.

ടോക്കിയോ രണ്ടാം തവണയാണ് ഒളിംപിക്സ് വേദിയാകുന്നത്. ഈ വര്‍ഷം സ്കേറ്റ്ബോര്‍ഡിംഗ്, കരാട്ടെ, സര്‍ഫിംഗ്, സ്പോര്‍ട്ട് ക്ലൈംബിംഗ് തുടങ്ങിയ മത്സര ഇനങ്ങളും ഒളിംപിക്സിന്റെ ഭാഗമാണ്. ഈ തവണ 42 വേദികളിലായി 33 കായിക ഇനങ്ങളില്‍ 339 മത്സരങ്ങളാണ് നടക്കുക.

അന്‍പതില്‍ താഴെ അത്ലീറ്റുകള്‍ മാത്രമായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഉദ്ഘാടന ചടങ്ങിനുണ്ടാകുക. എം.സി മേരി കോം, മന്‍‌പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുക. ജാപ്പനീസ് അക്ഷരമാലക്രമം അനുസരിച്ച്‌ ഇരുപത്തിയൊന്നാമതായാണ് ഇന്ത്യ എത്തുക.ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ അത്ലീറ്റും ഇത്തവണ മത്സരിക്കുന്നുണ്ട്. ഭാരോദ്വഹനത്തിലാണ് 43 വയസുള്ള ലോറല്‍ ഹബാര്‍ഡ് മത്സരിക്കുക.

×