ശനിയാഴ്ചത്തെ 10 പ്രധാന പകൽ വാർത്തകൾ: കേരള രാഷ്ട്രീയത്തില്‍ അട്ടിമറി നീക്കങ്ങള്‍ക്ക് സാധ്യത, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള നിര്‍ണായക കരുനീക്കങ്ങളുമായി തരൂര്‍ ! മേയര്‍ക്ക് നേരെ 'ഗോ ബാക്ക്' വിളികളുമായി തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധം; കെ റെയില്‍ പദ്ധതിയോട് 'ഗോ ബാക്ക്' പറയാന്‍ സംസ്ഥാന സര്‍ക്കാര്‍? കൊച്ചി കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ അറസ്റ്റില്‍, ആഭ്യന്തര വകുപ്പിനെതിരെ പ്രതിപക്ഷം; ഡിജെ പാർട്ടിയെന്ന പേരിൽ നടക്കുന്നത് അഴിഞ്ഞാട്ടമെന്ന്‌ സതീദേവി

New Update

publive-image

1. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള നിര്‍ണായക കരുനീക്കങ്ങളുമായി ഡോ. ശശി തരൂര്‍ രംഗത്ത്. ലീഗിന്‍റെയും എന്‍എസ്എസിന്‍റെയും പിന്തുണ. തരൂര്‍ നേതൃത്വത്തിലെത്തിയാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ തിരികെ കൊണ്ടുവരാമെന്നും കണക്കുകൂട്ടല്‍. ചെന്നിത്തലയെയും വേണുഗോപാലിനെയും സുധാകരനെയും തള്ളി എന്‍എസ്എസും. കേരള രാഷ്ട്രീയത്തില്‍ അട്ടിമറി നീക്കങ്ങള്‍ക്ക് സാധ്യത

Advertisment

2. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കരിങ്കൊടിയും "മേയര്‍ ഗോ ബാക്ക്" മുദ്രാവാക്യങ്ങളുമുയര്‍ത്തി മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. മേയര്‍ക്ക് പിന്തുണയുമായി ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തിയതോടെ സംഘര്‍ഷം.

3. കെ റെയിലിന്റെ പ്രവര്‍ത്തനങ്ങൾ തൽക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥരേയും തിരിച്ച് വിളിക്കും. കേന്ദ്രാനുമതിക്ക് ശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ മതിയെന്ന് ധാരണ.

4. കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാൻ സ്വദേശിയായ യുവതിയെയും കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആഭ്യന്തരവകുപ്പിനും പൊലീസിനും കൈ കഴുകാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

5. സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയരീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. ഡിജെ പാർട്ടിയെന്ന പേരിൽ നടക്കുന്നത് അഴിഞ്ഞാട്ടമാണെന്നും സതീദേവി.

publive-image

6. കണ്ണൂർ സർവകലാശാലയിലെ നിയമനം സംബന്ധിച്ച കേസിലെ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനം എന്ന പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും പ്രിയ വര്‍ഗീസ്.

7. ഉപയോഗം കൂടിയ വൈകിട്ട് ആറുമുതൽ പത്തുമണിവരെയുള്ള സമയത്തെ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി കെഎസ്ഇബി. പകൽ സമയം നിരക്ക് കുറയ്ക്കാനും ആലോചന. ഇക്കാര്യം ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി.

8. ളാഹയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ എട്ടു വയസുകാരൻ മരിച്ചു. മണികണ്ഠൻ എന്ന കുട്ടിയാണ് മരിച്ചത്. അപകടത്തില്‍ 18 പേർക്ക് പരിക്കേറ്റിരുന്നു. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

9. വയനാട് നെടുമ്പാല പള്ളിക്കവലയിൽ അയൽവാസിയുടെ വെട്ടേറ്റ അഞ്ചുവയസുകാരൻ മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് ആണ് മരിച്ചത്. ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷ് അറസ്റ്റില്‍.

publive-image

10. തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. ഈ മാസം മൂന്നിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.

Advertisment