കമല ഹാരിസ് ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായതിന് ശേഷം യുഎസ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ സമൂഹത്തിന്റെ താൽപര്യം പലമടങ്ങ് വർദ്ധിച്ചതായി അംബാസഡർ ടിപി ശ്രീനിവാസൻ ഐഎഫ്എസ് (റിട്ട.) പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അടുത്ത അമേരിക്കൻ പ്രസിഡന്റ് ആവാനുള്ള സാദ്ധ്യത ഏറെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ വോട്ടെടുപ്പിൽ വലിയ തോതിൽ ജോ ബിഡൻ മുന്നിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. “യുഎസ് തിരഞ്ഞെടുപ്പ്” സംബന്ധിച്ച് സെന്റർ ഫോർ പോളിസി ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച വെബിനറിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
/sathyam/media/post_attachments/CHqa3rZp93lIgTIme930.jpg)
വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തെ ഭയന്ന് നിരവധി ഇന്ത്യക്കാർ ന്യൂയോർക്കിൽ നിന്ന് മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് 19 പാൻഡെമിക് തടയുന്നതിൽ ഡൊണാൾഡ് ട്രംപ് പരാജയപ്പെട്ടെന്നും ടി.പി.ശ്രീനിവാസൻ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് കൂടുതൽ ശാസ്ത്രീയമായി വൈറസിനെ നേരിടാനുള്ള നയങ്ങൾ എടുത്തിരുന്നെങ്കിൽ പകർച്ചവ്യാധി മൂലമുണ്ടായ യുഎസിലെ മരണസംഖ്യ പകുതിയായി കുറയ്ക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ ഇന്ത്യൻ എംബസിയും ഇന്ത്യാ ഗവൺമെന്റിന്റെ മറ്റ് വകുപ്പുകളും ഒരു “ബ്രാൻഡ് ഇന്ത്യ” സൃഷ്ടിക്കാൻ സഹായിച്ചതായും ഇത് യുഎസിലെ ഇന്ത്യൻ സമൂഹത്തിന് വളരെയധികം ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎസ് സൈനിക ഇടപെടൽ ആവശ്യപ്പെടുന്ന സാഹചര്യങ്ങളുണ്ടായിട്ടു പൊലും മറ്റ് രാജ്യങ്ങളിലേക്ക് സൈന്യത്തെ അയച്ചിട്ടില്ലാത്ത പ്രസിഡൻറ്റായി ഡൊണാൾഡ് ട്രംപിനെ സ്മരിക്കുമെന്ന് അംബാസഡർ ടിപി ശ്രീനിവാസൻ പറഞ്ഞു..
മുൻ തലമുറയേക്കാൾ രണ്ടാം തലമുറ ഇന്ത്യക്കാർ തങ്ങളുടെ ഇന്ത്യൻ വംശജ പാരമ്പര്യത്തെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു, ഈ തലമുറയ്ക്ക് ഇന്ത്യൻ വംശജരാണെന്ന പരാതികളൊന്നുമില്ല. മുൻ പ്രസിഡന്റ് ബരാക് ഒബാമയും നിലവിലെ പ്രസിഡന്റ ഡൊണാൾഡ് ട്രംപുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ട്രംപിനെ എഴുതിത്തള്ളാൻ കഴിയില്ലെന്നും നേരിട്ടുള്ള വൊട്ടുകളും തപാൽ വോട്ടുകളും തമ്മിൽ വലിയ അന്തരങ്ങൾ ഉണ്ടാകുമെന്നും ചടങ്ങിൽ സംസാരിച്ച പ്രശസ്ത സെഫോളജിസ്റ്റും സി-വൊട്ടർ ന്യൂസ് സർവീസസ് സ്ഥാപക ഡയറക്ടറുമായ യശ്വന്ത് ദേശ്മുഖ് പറഞ്ഞു. പോളിംഗ് ദിനത്തിൽ ഒരു വലിയ ശതമാനം പോളിംഗ് ഉണ്ടായാൽ – നവംബർ 3, 2020- റിപ്പബ്ലിക്കൻ പാർട്ടി നിരവധി നിയമ പൊരാട്ടങ്ങൾക്ക് പോകുമെന്നും ആ പാർട്ടിയുടെ നിയമ വിഭാഗങ്ങൾ അതിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് വോട്ടെടുപ്പിന് നിരവധി ബാലറ്റുകൾ ഉണ്ടെന്നും ഇത് ഒരു വലിയ പ്രക്രിയയാണെന്നും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ട്, അതിൽ ഒന്നു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് നയങ്ങൾ അവിടയെല്ലാം വളരെയധികം താല്പര്യം ഉണ്ടാക്കിയെങ്കിലും മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള യുഎസ് ലിബറൽ മാധ്യമങ്ങൾ അവഗണിച്ചു എന്നും അദ്ദേഹം കൂട്ടിചേർത്തു. ഇത് പ്രസിഡന്റ് ട്രംപിന് നല്ല മൈലേജ് നൽകുമെന്നതിനാലാണ് ഇത്തരം ഒരു സമീപനം അമേരിക്കൻ മാദ്ധ്യമങ്ങൾ സ്വീകരിച്ചതെന്നു കരുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു..
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ യുഎസിൽ താല്പര്യം ഉണ്ടായിട്ടുണ്ട് എന്ന് യുഎസ് ആസ്ഥാനമായുള്ള മാധ്യമപ്രവർത്തക വിനീത കൃഷ്ണൻ പറഞ്ഞു. ഈ ആവേശം വൊട്ടിങ്ങ് നില ഉയർത്തുമെന്നും അവർ പറഞ്ഞു. ലാലു ജോസഫ്, അരുൺ ലക്ഷ്മൺ എന്നിവരും സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us