ട്രഷറി തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്ന് ബിജുലാലിന്റെ ഭാര്യ സിമി; കേസായ ശേഷമാണ് തന്റെ അക്കൗണ്ടിലേക്ക് പണം വന്നെന്ന് അറിഞ്ഞത്; എന്തിനാണ്‌ ചെയ്‌തെന്ന് അറിയില്ല; ബിജുലാല്‍ ഓണ്‍ലൈന്‍ വഴി റമ്മി കളിച്ചെന്നും അതില്‍ നഷ്ടമുണ്ടായെന്നും വെളിപ്പെടുത്തല്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, August 3, 2020

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജു ലാലിന്റെ ഭാര്യ സിമിയുടെ ശബ്‌ദരേഖ പുറത്ത്. കേസായ ശേഷമാണ് തന്റെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നടക്കം അറിഞ്ഞത്. എത്ര രൂപ തന്റെ അക്കൗണ്ടിലേക്ക് വന്നുവെന്നും എപ്പോൾ അത് മാറ്റിയെന്നും ഒന്നും ഞാനറിഞ്ഞിട്ടില്ല. ബിജുലാല്‍ തന്നോട് ഇതേപ്പറ്റി പറഞ്ഞിട്ടില്ലെന്നും സിമി പറഞ്ഞു.

ബിജുലാല്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് തനിക്കറിയില്ല. ‘ഞാൻ ഹയർ സെക്കൻഡറി അധ്യാപികയാണ്. അദ്ദേഹത്തിനും സർക്കാർ ജോലിയാണ്. വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. ഇന്നേവരെ ചേട്ടന്റെ ഭാഗത്തു നിന്ന് തെറ്റായ പ്രവർത്തിയും ഉണ്ടായിട്ടില്ല.

രണ്ടു പേരുടെയും ശമ്പളം കൊണ്ട് വളരെ സന്തോഷത്തോടെ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ കഴിയുകയായിരുന്നു. ഇപ്പോൾ ഇങ്ങനെ കേസായപ്പോഴാണ് ഓൺലൈൻ വഴി റമ്മി കളിച്ചെന്നും അതിൽ കുറെ ലാഭനഷ്ടം ഉണ്ടായെന്നും ആദ്യം കിട്ടിയ പണം ബാങ്കിൽ നിക്ഷേപിച്ചെന്നും പിന്നെ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയെന്നുമൊക്കെ പറഞ്ഞത്.

ഇത് കേട്ടപ്പോൾ ഞാൻ ചേട്ടനോടു വഴക്കിട്ടിരുന്നു. എന്നാൽ അപ്പോൾ എന്നോട് ഒന്നും പറയാതെ, ഫോൺ പോലും എടുക്കാതെ വീട്ടിൽ നിന്ന് ഇറങ്ങി പോവുകയാണ് ചെയ്തത്. ഞാൻ കേസിൽ ഒരു തെറ്റും ചെയ്തിട്ടില്ല. തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ല. പൊലീസ് എന്നെയും പ്രതിചേർത്തുവെന്ന് അറിഞ്ഞു. പൊലീസ് രണ്ട് മൂന്ന് വട്ടം വീട്ടിൽ വന്നു. കാര്യങ്ങൾ അവരോട് വിശദമായി പറഞ്ഞുകൊടുത്തതുമാണ്. എന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല’.

അറിയാത്തതും ചെയ്യാത്തതുമായ പല കുറ്റങ്ങള്‍ തന്റെ മേല്‍ ആരോപിച്ച് പ്രതിയാക്കുകയാണ് ചെയ്യുന്നത്. തന്നോടും കുടുംബത്തോടും ചെയ്യുന്ന വലിയ ക്രൂരതയാണിതെന്നും സിമി പറയുന്നു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കേസ് നല്ല ഉദ്യോഗസ്ഥനെ കൊണ്ട് അന്വേിപ്പിക്കണമെന്നും സിമി ആവശ്യപ്പെടുന്നു.

×