തിരുവനന്തപുരത്ത് പെരുമഴയത്ത് ടാറിങ്; ചോദ്യം ചെയ്ത നാട്ടുകാരോട് തട്ടിക്കയറി കമ്പനി ജീവനക്കാര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, May 30, 2020

പാലോട് : തെങ്കാശി പാതയിൽ നടക്കുന്ന ടാറിങ് ഇന്നലത്തെ കനത്ത മഴയിലും നിർത്താതെ തുടർന്നത് നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും കമ്പനി ജീവനക്കാർ നാട്ടുകാരോട് തട്ടിക്കയറി പെരുമഴയത്തും ടാറിങ് നടത്തിയതായി പരാതി.

കൊച്ചുതാന്നമൂടിനു സമീപമാണ് ഇത്തരത്തിൽ ഇന്നലെ ടാറിങ് നടന്നത്. അതേ സമയം റോഡ് പണിയുമായി ബന്ധപ്പെട്ട് അനവധി പരാതികളാണ് ഉയർന്നു വരുന്നത്. കാലങ്ങളായി വെള്ളക്കെട്ട് നേരിടുന്ന ഭാഗങ്ങളിൽ റോഡ് ഉയർത്താത്തത് എന്നാൽ വെള്ളക്കെട്ട് ഇല്ലാത്ത സ്ഥലത്ത് റോഡ് ഉയത്തുകയും ചെയ്തതായി പരാതിയുണ്ട്. ഇന്നലത്തെ മഴയിലും കുറുപുഴ, ഇളവട്ടം മേഖലകൾ വെള്ളത്തിനടിയിലായി.

ഉയർന്ന പ്രദേശത്ത് നിന്ന് വെള്ളം ഒഴുകിയെത്തുന്ന ഇളവട്ടം സ്കൂൾ ജംക്‌ഷനിൽ കലുങ്ക് നിർമിക്കാത്തത് മൂലം ഇവിടെ ചെളിക്കെട്ടായതായി പരാതിയുണ്ട്. അടിയേറ്റ പാമ്പിനെ പോലെയാണ് ഓട നിർമാണം.നന്ദിയോട് ജംക്‌ഷനിൽ ഇത് ദൃശ്യമാണ്. മരങ്ങൾ മുറിക്കാതെയും വൈദ്യുതി പോസ്റ്റുകൾ മാറ്റാതെയും ആണ് ഓട നിർമാണം.

ഉദ്യോഗസ്ഥരുടെയോ ജനപ്രതിനിധികളുടെയോ മേൽനോട്ടം റോഡ് പണിയിൽ ഉണ്ടാകുന്നില്ലെന്നും പോരായ്മകൾ ചൂണ്ടിക്കാട്ടുന്ന നാട്ടുകാരെ ശത്രുക്കളെപ്പോലെ കാണുന്നതായും പരാതിയുണ്ട്.

×