കാണ്‍പൂരില്‍ വന്‍ വാഹനാപകടം, ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്‌; അപകടം ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് ആരോപണം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, March 2, 2021

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ വന്‍ വാഹനാപകടം. അപകടത്തില്‍ 6 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാണ്‍പൂരിലെ ഭോഗ്നിപൂര്‍ കോട്വാലി പ്രദേശത്താണ് സംഭവം. ദേശീയ പാതയില്‍ അമിതവേഗത്തില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.

22 പേര്‍ ട്രക്കിനിടയില്‍ കുടുങ്ങി. ഇവരില്‍ 6 പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 16 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ 8 തൊളിലാളികളില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇറ്റാവയിലെ കല്‍ക്കരി ഖനിയില്‍ ജോലിക്കായി പോയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍പ്പെട്ട എല്ലാവരും ഹമീര്‍പൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഉച്ചത്തില്‍ പാട്ടുവച്ച് അമിതവേഗത്തില്‍ അശ്രദ്ധമായാണ് ഡ്രൈവര്‍ വാഹനമോടിച്ചതെന്ന് പരിക്കേറ്റവര്‍ പറയുന്നു. അപകടം നടന്നയുടന്‍ അതുവഴി കടന്നുപോയ മറ്റവാഹനങ്ങളില്‍ ഉണ്ടായിരുന്നവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

×