ലോകാരോഗ്യസംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് ട്രംപ്; സംഘടനയ്ക്ക് നല്‍കിയിരുന്ന ധനസഹായം മറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കും; ഹോങ്കോംഗിന്‌ പ്രത്യേക പരിഗണന നല്‍കുന്നത് അവസാനിപ്പിക്കും; ചൈനീസ് വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ പഠിക്കുന്നത് തടയും; അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ന്യൂസ് ബ്യൂറോ, യു എസ്
Friday, May 29, 2020

വാഷിംഗ്ടണ്‍: ലോകാരോഗ്യസംഘടനയുമായുള്ള എല്ലാ ബന്ധവും യുഎസ് അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘടനയ്ക്ക് നല്‍കിവന്ന 450 മില്ല്യണ്‍ ഡോളറിന്റെ വാര്‍ഷിക ധനസഹായം ലോകമെമ്പാടുമുള്ള മറ്റ് സ്ഥാപനങ്ങളിലേക്കായി നല്‍കുമെന്നും ട്രംപ് പറഞ്ഞു.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടനയുമായി ഏറെ നാളായി നടത്തിയ വാക്‌പോരുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ ഈ തീരുമാനം. സംഘടന ചൈനയ്ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് നിഷേധിച്ച് ലോകാരോഗ്യസംഘടനയും രംഗത്തെത്തിയിരുന്നു.

ഹോങ്കോംഗിന് അമേരിക്ക നല്‍കിവന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കുകയാണെന്നും ഒരു വിഭാഗം ചൈനീസ് വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും പഠിക്കുന്നത് തടയുമെന്നും ട്രംപ് വ്യക്തമാക്കി.

ഹോങ്കോംഗില്‍ ചൈന വിവാദമായ ദേശീയ സുരക്ഷാ നിയമം ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ട്രംപിന്റെ പ്രസ്താവന. ഹോങ്കോംഗിന്റെ സ്വാതന്ത്ര്യത്തിന് ചൈനയുടെ നിയന്ത്രണങ്ങള്‍ തടസം സൃഷ്ടിക്കുമെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു.

‘ആവശ്യപ്പെട്ടതും അത്യാവശ്യവുമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അവര്‍ (ലോകാരോഗ്യസംഘടന) പരാജയപ്പെട്ടതിനാല്‍ ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം ഞങ്ങള്‍ അവസാനിപ്പിക്കുകയാണ്. അവര്‍ക്ക് നല്‍കിയിരുന്ന ഫണ്ടുകള്‍ ലോകമെമ്പാടുമുള്ള മറ്റു സ്ഥാപനങ്ങള്‍ക്കും പൊതുജനാരോഗ്യ ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും’-ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ കഴിയുമെങ്കില്‍ അത് മാത്രമായിരിക്കും ലോകാരോഗ്യസംഘടനയ്ക്ക് മുന്നോട്ടു പോകാനുള്ള ഏക മാര്‍ഗമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

ട്രംപ് പ്രസിഡന്റായതിന് ശേഷം നിരവധി കരാറുകളില്‍ നിന്നാണ് അമേരിക്ക പിന്മാറിയത്. ട്രാന്‍സ്-പസഫിക് പങ്കാളിത്തം (2017), കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടി (2017), യുനെസ്‌കോ (2017), ഇറാനുമായുള്ള കരാര്‍ (2018), യുഎന്‍എച്ച്‌സിആര്‍ (2018) എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്.

കൂടാതെ നാറ്റോയ്ക്കും യുഎന്നിനും ലോകാരോഗ്യസംഘടനയ്ക്കും സംഭാവന നല്‍കുന്നതില്‍ ട്രംപ് നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

×