/sathyam/media/post_attachments/pYxvbb93UbLQT1dl5ShG.jpg)
വാഷിംഗ്ടണ്‍: ലോകാരോഗ്യസംഘടനയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് ബാധിച്ച പൗരന്മാരുടെ എണ്ണം മറച്ചുവയ്ക്കാന്‍ ലോകാരോഗ്യസംഘടന ചൈനയെ സഹായിച്ചതായി ട്രംപ് ആരോപിച്ചു.
വെള്ളിയാഴ്ച നടന്ന കൊറോണവൈറസ് ടാസ്‌ക്‌ഫോഴ്‌സിലായിരുന്നു ട്രംപിന്റെ പുതിയ വിവാദപരാമര്‍ശം. ''കൊവിഡ് 19ന്റെ കാര്യത്തില്‍ ചൈനയെ വിശ്വസിക്കരുതെന്ന് അവര്‍ക്ക് (ലോകാരോഗ്യസംഘടന) അറിയാമായിരുന്നു. എന്നിട്ടും അവരത് ലോകത്തോട് പറഞ്ഞില്ല. പക്ഷേ, ആദ്യം മുതലുള്ളത് ഞങ്ങള്‍ മനസിലാക്കും''-ട്രംപ് പറഞ്ഞു.
തന്റെ വാദത്തെ സാധൂകരിക്കുന്നതിനുള്ള തെളിവുകള്‍ ട്രംപ് നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ ലോകാരോഗ്യസംഘടനയെക്കുറിച്ച താന്‍ വിശദമായി പറയാമെന്ന് വ്യക്തമാക്കിയ ട്രംപ് സംഘടനയെ ലക്ഷ്യമാക്കിയുള്ള വാക്‌പോര് തുടരുമെന്നാണ് സൂചിപ്പിക്കുന്നത്.
ലോകാരോഗ്യസംഘടന ചൈനയ്ക്ക് അനുകൂലമായാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. സംഘടനയ്ക്ക് നല്‍കുന്ന ഫണ്ടുകള്‍ നിര്‍ത്തലാക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. കൊവിഡ് വൈറസിനെ രാഷ്ട്രീയവത്കരിക്കരുതെന്നും അത് അപകടത്തിലേക്ക് നയിക്കുമെന്നും ട്രംപിന് മറുപടിയെന്നോണം ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗെബ്രെയെസൂസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us