‘ഇന്ന് നാം നമ്മുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു’; ഇന്‍ഡിപെന്‍ഡന്‍സ് ഡേ സിനിമയിലെ വീഡിയോ കടമെടുത്ത് ട്രംപ്; ബില്‍ പുല്‍മാന്റെ ശരീരത്തില്‍ ട്രംപിന്റെ ‘തല’; വീഡിയോ കാണാം

ന്യൂസ് ഡെസ്ക്
Saturday, May 16, 2020

വാഷിംഗ്ടണ്‍: 1996ല്‍ പുറത്തിറങ്ങിയ പ്രശസ്ത ഹോളിവുഡ് ചലച്ചിത്രമായിരുന്നു ‘ഇന്‍ഡിപെന്‍ഡന്‍സ് ഡേ’. റോളന്‍ഡ് എമ്മെറിച്ചിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ നിരവധി പുരസ്‌കാരങ്ങളും വാരിക്കൂട്ടി.

അന്യഗ്രഹജീവികളെക്കുറിച്ചായിരുന്നു ചിത്രം ചര്‍ച്ച ചെയ്തത്. ചിത്രത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വേഷം അവതരിപ്പിച്ചത് നടന്‍ ബില്‍ പുല്‍മാനായിരുന്നു. അന്യഗ്രഹജീവികളുമായുള്ള പോരാട്ടത്തിനൊരുങ്ങുന്ന പൈലറ്റുമാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് പുല്‍മാന്‍ നടത്തിയ പ്രസംഗം ചരിത്രത്തിലെ തന്നെ ഏറ്റവും ‘ഹിറ്റായ’ ചലച്ചിത്ര ഡയലോഗുകളില്‍ ഒന്നാണ്.

അതൊക്കെ ചരിത്രം. എന്നാല്‍ ബില്‍ പുല്‍മാന്‍ നടത്തിയ ആ പ്രസംഗം വീണ്ടും ശ്രദ്ധേയമാവുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏറ്റെടുത്തിരിക്കുകയാണ് ആ പ്രസംഗം. കൊവിഡ് ഭീഷണിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ ജനതക്ക് ആത്മവിശ്വാസം പകരുകയാണ് സിനിമാ ഡയലോഗിലൂടെ ട്രംപ്.

പ്രസംഗത്തിലെ സാരാംശം ഇങ്ങനെ…’നമ്മള്‍ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്നു. നമ്മള്‍ ജീവിക്കും. അതിജീവിക്കും. ഇന്ന് നാം നമ്മുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു’.

ബില്‍ പുല്‍മാന്റെ ശരീരത്തില്‍ എഡിറ്റിംഗ് വഴി ട്രംപിന്റെ തല ചേര്‍ത്തുവച്ച വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും വീഡിയോയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ട്രംപ് പങ്കുവച്ച വീഡിയോ കാണാം…

 

ഇതാണ് ഒറിജിനല്‍ വീഡിയോ (ഇന്‍ഡിപെന്‍ഡന്‍സ് ഡേ എന്ന സിനിമയില്‍ നിന്ന്‌)

 

×