ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ ചേരികള്‍ മറച്ചു നഗരം മോടി പിടിപ്പിക്കാനൊരുങ്ങി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ചേരിപ്രദേശങ്ങള്‍ മറച്ചുവയ്ക്കുന്നതിനായി മതില്‍ നിര്‍മ്മിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. 24-നാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തെ ഇന്ദിര ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിനരികിലാണ് മതില്‍ പണിയുന്നത്. ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്ന് റോഡ്ഷോയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള വഴിയിലെ ചേരിപ്രദേശമാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മറയ്ക്കുന്നത്.
വിമാനത്താവളത്തിനും മോട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ഗാന്ധിനഗറിലേക്കുള്ള റോഡില്‍ അരകിലോമീറ്ററിലധികം നീളവും ആറ് മുതല്‍ ഏഴ് അടി വരെ ഉയരവുമുള്ള മതിലാണ് പണിയുന്നത്.
ചേരി പ്രദേശത്ത് 600 മീറ്റര്‍ നീളത്തില്‍ 6- 7 അടി ഉയരമുള്ള മതിലാണ് പണിയുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന എ.എം.സി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ദേവ് സരണ്‍ ചേരി പ്രദേശത്തെ ജനസംഖ്യ 2,500-ലേറെയാണ്.
500-ല്‍ അധികം വീടുകളും ഇവിടെയുണ്ട്. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സബര്‍മതി റിവര്‍ഫ്രണ്ട് സ്‌ട്രെച്ചിനൊപ്പം വലിയ ഈന്തപ്പനകളും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടുന്നുണ്ട്.