വാഷിംഗ്ടണ്‍: കൊവിഡ് 19 ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന നിരീക്ഷണസമിതിയുടെ തലവനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. ആക്ടിംഗ് പെന്റഗണ്‍ ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്ന ഗ്ലെന്‍ ഫൈനിനെയാണ് പുറത്താക്കിയത്. ഗ്ലൈന്‍ ഫൈനാണ് 2 ട്രില്യണ്‍ ഡോളറിന്റെ കൊവിഡ് ഉത്തേജന പദ്ധതിയുടെ മേല്‍നോട്ടം വഹിച്ചിരുന്നത്.
ഇ.പി.എ ഇന്‍സ്‌പെക്ടര്‍ ജനറലിനെയാണ് ഫൈനിന്റെ സ്ഥാനത്ത് ട്രംപ് പുതിയതായി നിയമിച്ചിരിക്കുന്നത്. പാന്‍ഡെമിക് റെസ്‌പോന്‍സ് അക്കൗണ്ടബിലിറ്റി കമ്മിറ്റിയില്‍ നിന്ന് ഫൈനിനെ നീക്കം ചെയ്തതായി പെന്റഗണ്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഓഫീസ് വക്താവായ ഡ്രേന അലന്‍ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായി ഫൈന്‍ തിരിച്ചെത്തുമെന്നും അവര്‍ പറഞ്ഞു.
ഇംപീച്ച്‌മെന്റ് വിചാരണക്ക് തുടക്കം കുറിച്ച ഇന്റലിജന്‍സ് ഓഫീസറെ ട്രംപ് പുറത്താക്കിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. ഉക്രൈന്‍ പ്രസിഡന്റുമായുള്ള ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ചുള്ള പരാതി കൈകാര്യം ചെയ്ത മൈക്കിള്‍ അറ്റികിന്‍സണെയായിരുന്നു ട്രംപ് പുറത്താക്കിയത്. ട്രംപിനെതിരായ പരാതി പുറത്തുവിട്ടത് ഇദ്ദേഹമായിരുന്നു.
ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമണ്‍ സര്‍വീസസ് ഇന്‍സ്‌പെക്ടര്‍ ജനറലായ ക്രിസ്റ്റി ഗ്രിമ്മിനെ ട്രംപ് പുറത്താക്കുമെന്ന് സൂചനയുണ്ട്. ആശുപത്രികളില്‍ ടെസ്റ്റുകള്‍ നടത്തുന്നതിലെ പോരായ്മകളെക്കുറിച്ച് ഗ്രിമ്മിന്റെ ഓഫീസില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്.