ട്രംപ് ജയിലിലേക്ക് ? ഗുരുതരമായ ക്രിമിനൽ കുറ്റം ചെയ്തതായി തെളിവ് !

New Update

ഇന്ന്അമേരിക്കയിലെ നല്ലൊരുവിഭാഗം ജനങ്ങളും നിയമജ്ഞരും ഉന്നയിക്കുന്ന വളരെ പ്രസക്തവും വസ്തുനിഷ്ടവുമായ ചോദ്യമാണ് തെരഞ്ഞെടുപ്പിൽ തോറ്റ ട്രംപിന്റെ ഭാവി ഇനി ജയിലറകളിൽ ഒടുങ്ങുമോ എന്നത്.

Advertisment

ട്രംപിന്റെ ഭരണകാലത്തു നടന്നതായിപ്പറയുന്ന അഴിമതികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാകുന്നത് അദ്ദേഹത്തിന് നിയമപരമായി മാത്രമല്ല സാമ്പത്തികമായും വലിയ തകർച്ചയായാണ് സംഭവിക്കാൻ പോകുന്നതെന്നാണ്.

രാഷ്ട്രപതിയായിരിക്കുന്ന ഒരു വ്യക്തിക്കുമേൽ ആധികാരികമായി കോടതികളിൽ കേസ് നടത്താൻ അമേരിക്കൻ നിയമം അനുശാസിക്കുന്നില്ല.

എന്നാൽ സ്ഥാനമൊഴിയുന്ന ട്രംപിനെതിരേ ക്രിമിനൽ നടപടികൾ ഉണ്ടാകുമെന്നാണ് പേസ് യൂണിവേഴ്സിറ്റിയിലെ ഭരണഘടനാ നിയമജ്ഞനായ പ്രൊഫസ്സർ ബെന്നറ്റ് ഗർഷ് മാൻ അഭിപ്രായപ്പെടുന്നത്.

അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ട്രംപിനെതിരേ ബാങ്ക് ലോൺ തട്ടിപ്പ് ,ടാക്‌സ് മോഷണം, കള്ളപ്പണം വെളുപ്പി ക്കൽ, തെരഞ്ഞെടുപ്പിൽ കൃത്രിമം എന്നീ കുറ്റങ്ങൾക്ക് കേസ് നടക്കുമെന്നാണ്.

ഇതുകൂടാതെ മാധ്യമറിപ്പോർട്ടുകൾ പ്രകാരം ട്രംപിന്റെ സ്വകാര്യബിസ്സിനസ്സിലും വ്യാപകമായ നഷ്ടം ഉണ്ടാകുമെന്നാണ്.അടുത്ത 4 വർഷത്തിനുള്ളിൽ അദ്ദേഹത്തിന് 30 കോടി ഡോളർ ലോൺ അടച്ചുതീർക്കാനുണ്ടെന്നാണ് ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇപ്പോഴത്തെ സ്ഥിതിയിൽ ട്രംപിന്റെ ബിസ്സിനസ്സ് അത്ര നല്ല നിലയിലല്ല നീങ്ങുന്നതത്രേ. രണ്ടാം തവണയും രാഷ്ട്രപതിയായിരുന്നെങ്കിൽ ഇതിന് സാവകാശം ലഭിക്കുകയും ബിസ്സിനസ്സ് മെച്ചപ്പെടുത്താൻ അവസരം ലഭിക്കുകയും ചെയ്യുമായിരുന്നു.

രാഷ്ട്രപതിസ്ഥാനം അദ്ദേഹത്തിന് സാമ്പത്തികവും നിയമപരമായും ഒരു രക്ഷാകവചമായിരുന്നു. അതില്ലാതാകുന്നതോടെ സ്ഥാപനങ്ങൾ പണം ഈടാക്കാനുള്ള നടപടികളിലേക്ക് തിരിയുകതന്നെ ചെയ്യും.അവിടെയാണ് ട്രംപിന്റെ നില ദയനീയമായി പരുങ്ങലിലാകുന്നത്.

തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയതായുള്ള തെളിവുകൾ ട്രംപിനെതിരെ ശക്തമായി നിലനിൽക്കുന്നു. ട്രംപിന്റെ അഭിഭാഷകനായ മൈക്കിൾ കോഹനെതിരെ നടന്ന അന്വേഷണത്തിൽ അതിൻ്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്.

ഗുരുതരമായ ക്രിമിനൽ കുറ്റം ട്രംപ് ചെയ്തതായി തെളിയുകയും ചെയ്തു. ഈ റിപ്പോർട്ടിൽ ട്രംപിനെ Individual 1 എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഇതുകൂടാതെത്തന്നെ ട്രംപിനെതിരേ കൂടുതൽ ആരോപണങ്ങളും അന്വേഷണങ്ങളും ഉണ്ടാകുമെന്നുറപ്പാണ്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ട്രംപിന് ദീർഘകാലം ജയിലിൽ കഴിയേണ്ടിവരുമെന്നാണ് നിയമ ജ്ഞരുടെ അഭിപ്രായം.

Advertisment