പ്രായമായവരിൽ കൂടുതലായി കണ്ടുവരുന്ന പ്രധാന രോഗമാണ് സന്ധിവാതം മൂലമുള്ള മുട്ടു വേദന. എന്നാൽ മുട്ടുവേദനയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മലയാളി ഗവേഷകൻ.
/sathyam/media/post_attachments/kvlkOrrPOUZuXoFWounW.jpg)
വേദനയ്ക്ക് മഞ്ഞൾ ഫലപ്രദമാണെന്ന് ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടാസ്‌മേനിയയുടെ മെൻസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിൽ ഗവേഷകനായ ഡോ. ബെന്നി ആന്റണി ഈത്തക്കാട്ടെന്ന മലപ്പുറംകാരൻ കണ്ടെത്തിയത്.
ബെന്നിയും സംഘവും നടത്തിയ പഠനം അമേരിക്കൻ കോളജ് ഓഫ് ഫിസിഷ്യൻസിന്റെ ഔദ്യോഗിക ജേണലായ അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ ഇടം നേടി.
മുട്ട് തേയ്മാനമുള്ള 70 പേരെ കണ്ടെത്തി അവരിൽ 35 പേർക്ക് മഞ്ഞളിൽ നിന്ന് വേർതിരിച്ചെടുത്ത സത്ത് നൽകുകയാണ് ചെയ്തത്. ബാക്കി 35 പേർക്ക് മഞ്ഞൾ സത്ത് പോലെയുള്ള മരുന്നും നൽകി. മൂന്ന് മാസം ഇവരെ നിരീക്ഷിച്ചു. മഞ്ഞൾ സത്ത് കഴിച്ച 35 പേർക്ക് മറ്റുള്ളവരിൽ നിന്ന് വേദനയ്ക്ക് കൂടുതൽ ശമനമുണ്ടെന്ന് കണ്ടെത്തിയതായി ഡോ. ബെന്നി പറഞ്ഞു.
മഞ്ഞളിൽ നിന്ന് കുർകുമിൻ, പോളി സാക്രൈഡ് എന്നിവ വേർതിരിച്ചെടുത്താണ് ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം പരീക്ഷണം നടത്തിയത്. ഇതിനായി 20 ശതമാനം കുർകുമിനും 80 ശതമാനം പോളി സാക്രൈഡുമാണ് വേർതിരിച്ചെടുത്തത്.
അതേസമയം സന്ധിവാതത്തിന് പ്രത്യേകിച്ച് മരുന്ന് കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മഞ്ഞളിന് മുട്ടു വേദനയ്ക്ക് ചെറിയ ശമനമെങ്കിലും ഉണ്ടാക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് മനസിലാക്കുന്നതെന്ന് ബെന്നി പറഞ്ഞു.