തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ പതിനെട്ടടവും പയറ്റാന്‍ ഒരുങ്ങുകയാണ് മുന്നണികള്‍. പുതുമുഖങ്ങളെ കളത്തിലിറക്കി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ പറഞ്ഞാണ് എല്‍ ഡി ഫ് വോട്ട് തേടുന്നത്.
അതേസമയം കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയിരുന്ന കോണ്‍ഗ്രസും പ്രതിപക്ഷത്തെത്തിയിരുന്ന ബി ജെ പിയും സജീവമായി മത്സരരംഗത്തുണ്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി പ്രചരണം ആരംഭിച്ചെങ്കിലും ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയ കാര്യത്തില്‍ സമവായത്തിലെത്താല്‍ കോണ്‍ഗ്രസിനും ബി ജെ പിക്കുമായിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ ഗുരുതര ആരോപണങ്ങളിലൂടെ കടന്ന് പോകുമ്പോഴും തിരുവനന്തപുരം കോര്‍പറേഷന്‍ മികച്ച വികസനമാണ് കാഴ്ച്ച വയ്ക്കുന്നത്. മുന്‍ മേയര്‍ വികെ പ്രശാന്ത് വികസനത്തിലൂടെ സെലിബ്രിറ്റിയായി മാറിയപ്പോള്‍ നിലവിലെ മേയര്‍ കെ ശ്രീകുമാറും വികസന പ്രവര്‍ത്തനങ്ങളില്‍ ഒട്ടും പിന്നോട്ടല്ലെന്നതു തന്നെയാണ് ശ്രദ്ധേയമാകുന്നത്.
10വര്‍ഷമായി ബിജെപി ഭരിക്കുന്ന ജഗതിയില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതും ബിജെപിക്ക് തിരിച്ചടിയാണ്. 10 വര്‍ഷമായി ഭരണത്തിലിരുന്നിട്ടും ഇതുവരെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല ജഗതിയില്‍ ആകെ നടക്കുന്ന വികസനം റോഡില്‍ ടൈല്‍ ഇടലും ടാറിടലും മാത്രമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
15 വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന തിരുവല്ലം വാര്‍ഡിലും കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. റോഡില്‍ ഇന്റര്‍ലോക്ക് ഇടുന്നത് മാത്രമാണ് ഇവിടെയും നടക്കുന്ന വികസനമെന്ന് ആക്ഷേപമുയരുന്നു. വാര്‍ഡില്‍ തനിക്ക് ലഭിച്ച വോട്ടിന്റെ എണ്ണം കുറവായതു കൊണ്ടു തന്നെ ഇത്രയൊക്കെ വികസനമെ ഉണ്ടാകു എന്നതരത്തിലാണ് കൗണ്‍സിലറുടെ പെരുമാറ്റമെന്നും ആക്ഷേപം ഉയരുന്നു.
സ്ഥാനാര്‍ത്ഥികളില്‍ കൂടുതലും വിദ്യാസമ്പന്നരായ യുവജനങ്ങളാണെന്നതാണ് ഇത്തവണ എല്‍ ഡി എഫിനെ വ്യത്യസ്ഥമാക്കുന്നത്. ജഗതി, തിരുവല്ലം, ചന്തവിള, ശ്രീകാര്യം, പാങ്ങോട്, കവടിയാര്‍ , ആക്കുളം, പൂന്തുറ, പാപ്പനംകോട്, പള്ളിത്തുറ തുടങ്ങിയ വാര്‍ഡുകളില്‍ ഇക്കുറി എല്‍ഡിഎഫ് ശക്തമായ മത്സരത്തിനാണ് ഒരുങ്ങുന്നത്. യുഡിഎഫ്- ബിജെപി കൗണ്‍സിലര്‍മാര്‍ ഭരിക്കുന്ന വാര്‍ഡുകളിലെ വികസന കുറവും കുടിവെള്ള ക്ഷാമവും ഇക്കുറി ഈ വാര്‍ഡുകളിലും എല്‍ഡിഎഫിന് അട്ടിമറി വിജയം സമ്മാനിക്കുമെന്നു തന്നെയാണ് അണികളുടെ പ്രതീക്ഷ.
25 വര്‍ഷമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇടതിനൊപ്പമാണ്. 2015ല്‍ കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ട് കൂടി ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ എല്‍.ഡി.എഫ് തന്നെ നഗരസഭ ഭരിച്ചു. എന്നാലും തലസ്ഥാനത്ത് ഇടതുമുന്നണിക്ക് ഇക്കുറി അഭിമാന പോരാട്ടം കൂടിയാണ്. അതുകൊണ്ട്തന്നെ സംസ്ഥാന സര്‍ക്കാരിന്റെയും നഗര സഭയുടേയും വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞാണ് എല്‍ ഡി എഫ് വോട്ട് തേടുന്നത്.
സിപിഐഎമ്മിന്റെ മുപ്പത്തിനാലും സിപിഐയുടെ ആറും ഉള്‍പ്പെടെ 43 സീറ്റുകളാണ് എല്‍ ഡി എഫിന് നിലവിലുള്ളത്. ബി ജെ പിക്ക് 35 സീറ്റുകളുണ്ട്. കോണ്‍ഗ്രസ് 21, സ്വതന്ത്രന്‍1. എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ഇത്തവണ കോണ്‍ഗ്രസും ഭരണം പിടിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തുണ്ട്. നേരത്തെ 40 സീറ്റുണ്ടായിരുന്ന യു.ഡി.എഫാണ് കഴിഞ്ഞതവണ 21 ലേക്ക് കൂപ്പുകുത്തിയത്. അതുകൊണ്ട് വിജയ സാധ്യതയുള്ളവരെയാണ് ഇക്കുറി യു ഡി എഫും കളത്തിലിറക്കുന്നത്.
നഗരസഭയിലെ പ്രധാന പ്രതിപക്ഷം ബി ജെ പിയാണ് .എന്നാല്‍ ബി ജെ പി ജില്ലാ കമ്മിറ്റി അംഗവും യുവമോര്‍ച്ചാ നേതാക്കളും കൗണ്‍സിലര്‍മാരടക്കം പാര്‍ട്ടി വിട്ടത് ഇത്തവണ വിലിയ തിരിച്ചടിയാകും ബി ജെ പിക്കുണ്ടാക്കുന്നത്. എങ്കിലും പരിചയസമ്പന്നരായ സ്ഥാനാര്‍ത്ഥികളെ ഇറക്കി വോട്ട് പിടിക്കാനൊരുങ്ങുകയാണ് ബി ജെ പി. ഇത്തവണ മേയര്‍ സീറ്റ് വനിതാ സംവരണമാണ്. എല്ലാ മുന്നണികളും പരിചയസമ്പന്നരായ മുതിര്‍ന്ന വനിതാനേതാക്കളെ പോര്‍ക്കളത്തില്‍ ഇറക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.