കേരളം

ഓട്ടോറിക്ഷയിൽ എത്തിയ ആൾ അതിക്രമിച്ചു കടന്ന് നഗ്നതാപ്രദർശനം നടത്തി; യുവാവിന്റെ ദൃശ്യം പകർത്തി പെൺകുട്ടികൾ; രാത്രി സമരത്തിനിറങ്ങി പിജി ഡോക്ടർമാർ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 22, 2021

തിരുവനന്തപുരം :ഗവ.മെഡിക്കൽ കോളജിലെ പി.ജി വനിതാ ഹോസ്റ്റൽ പരിസരത്തെ സാമൂഹിക വിരുദ്ധ ശല്യം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ രാത്രി പന്തം കൊളുത്തി സമരം നടത്തി.

ഹോസ്റ്റലിനു മുൻപിലെ നഗ്നതാ പ്രദർശനത്തിന് എതിരെ നൽകിയ പരാതിയിൽ പ്രിൻസിപ്പൽ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം കടുത്തത്. നഗ്നതാ പ്രദർശനം നടത്തിയ വ്യക്തിയെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു.

ഒരാഴ്ച മുൻപ് ഓട്ടോയിലെത്തിയ മറ്റൊരാൾ നഗ്നതാപ്രദർശനം നടത്തുകയും കുട്ടികൾ ബഹളം വച്ചപ്പോൾ കടന്നുകളയുകയും ചെയ്തു. ഹോസ്റ്റൽ പരിസരത്ത് നഗ്നതാ പ്രദർശനം പതിവാണെന്നും വിദ്യാർഥിനികൾ പറഞ്ഞു.

ചുറ്റുമതിൽ ഇല്ലാത്ത ഹോസ്റ്റൽ വളപ്പിൽ ആർക്കും കടന്നു കയറാം എന്ന സ്ഥിതിയാണ്. ചുറ്റുമതിലും നിരീക്ഷണ ക്യാമറകളും വേണമെന്ന് പല തവണ ആവശ്യപ്പെ‌ട്ടിട്ടും നടപടിയില്ല. രാത്രിയായാൽ സുരക്ഷാ ജീവനക്കാരുടെ സേവനം പലപ്പോഴും ലഭിക്കാറില്ല.

14നു രാത്രി പി.ജി ഹോസ്റ്റലിനു പിന്നിൽ ഓട്ടോറിക്ഷയിൽ എത്തിയ ആൾ അതിക്രമിച്ചു കടന്ന് നഗ്നതാപ്രദർശനം നടത്തി. സുരക്ഷാജീവനക്കാർ എത്തിയപ്പോഴേക്കും കക്ഷി കടന്നു. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച റോഡ് വഴിയായിരുന്നു ഇയാൾ എത്തിയത്. ക്യാമറകൾ പരിശോധിച്ച് പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പിറ്റേന്നു പ്രിൻസിപ്പലിനും മെഡിക്കൽകോളജ് പൊലീസിലും വിദ്യാർഥികൾ പരാതി നൽകിയിട്ടും നടപടിയും ഉണ്ടായില്ല. 18ന് രാത്രി മറ്റൊരാൾ കൂടി നഗ്നതാപ്രദർശനം നടത്തി .

സുരക്ഷാ ജീവനക്കാരെ അറിയിച്ചെങ്കിലും അവർ തിരിഞ്ഞു നോക്കിയില്ല. യുവാവിന്റെ ദൃശ്യം പെൺകുട്ടികൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ശേഷം മെൻസ് ഹോസ്റ്റലിലുള്ള സഹപാഠികളെ അറിയിച്ചു. ഒടുവിൽ അവർ എത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മെഡിക്കൽ കോളജ് പൊലീസിൽ ഏൽപ്പിച്ചു.

∙നഗ്നതാ പ്രദർശനം ലൈംഗിക അധിക്ഷേപമല്ലെന്ന പരാമർശം വിവാദമായതോടെ ഇതു പിൻവലിച്ച് പ്രിൻസിപ്പൽ രേഖാമൂലം ഖേദം പ്രകടിപ്പിച്ചു.

18ന് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കിടെ പ്രിൻസിപ്പലിന്റെ പരാമർശം വിദ്യാർഥി സംഘടനകൾ ഏറ്റെടുത്തിരുന്നു.. വിദ്യാർഥിനികളുടെ സുരക്ഷയ്ക്ക് വിലകൽപ്പിക്കാതെ സംസാരിച്ച പ്രിൻസിപ്പൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി വ്യാപക പോസ്റ്റർ പ്രചാരണം നടത്തി.

×