തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് (സിഇടി) സമീപം ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ ബഞ്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ഇരിപ്പിടം വെട്ടിപ്പൊളിച്ച് നശിപ്പിച്ചതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി പെണ്‍കുട്ടികള്‍.
/sathyam/media/post_attachments/CySKHBftd18xg6uegVcP.jpg)
ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ ഒരുമിച്ചിരുന്നാണ് വിദ്യാർഥികൾ സദാചാര ഗുണ്ടകൾക്ക് മറുപടി നൽകിയത്. ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥികൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയതു കണ്ടത്.
‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ മറ്റു വിദ്യാർഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.
ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധമുയർന്നു. ഇതിനിടെയാണ് ഇതിനു മറുപടിയുമായി കോളജിലെ രണ്ടാം വർഷ വിദ്യാര്‍ഥികൾ രംഗത്തെത്തിയത്.
ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.