സിപിഎമ്മിന്റെ ആസ്ഥാന മന്ദിരത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞിട്ട് നാളെ ഒരുമാസം ! 25 ദിവസത്തിലേറെ ലോക്കല്‍ പോലീസ് ഇരുട്ടില്‍ തപ്പിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തില്‍ പോലീസ് വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞതും പാഴ് വാക്കായി ! കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്ന് പറഞ്ഞ ഇപി ജയരാജനും ഇപ്പോള്‍ മിണ്ടാട്ടമില്ല. ഒടുവില്‍ സുകുമാരക്കുറിപ്പിനെ പ്പോലെയാകുമോ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതിയും ?

New Update

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിന് നാളെ ഒരു മാസം. ലോക്കല്‍ പോലീസ് ഇരുപത്തിയഞ്ച് ദിവസം ഇരുട്ടില്‍ തപ്പിയ ശേഷം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയ ശേഷം അവരാകട്ടെ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. ആക്രമണം നടന്ന് ആദ്യ ദിവസങ്ങളില്‍ വലിയ പ്രതിഷേധവും കോലാഹലവുമൊക്കെ ഉണ്ടാക്കിയ സിപിഎം ആകട്ടെ ഇപ്പോള്‍ വിഷയം ഏതാണ്ട് മറന്ന മട്ടാണ്.

Advertisment

publive-image

ജൂണ്‍ 30ന് രാത്രി 11.23നാണ് എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. അക്രമി എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം കുന്നുകുഴി റോഡിലൂടെ ലോ കോളേജ് ജംഗ്ഷന്‍ വരെ പോയതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവുണ്ട്. പക്ഷേ പിന്നീട് അക്രമി ഏതു വഴി പോയെന്ന് ആര്‍ക്കുമറിയില്ല.

ജില്ലയിലെ രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കാടിളക്കി അന്വേഷണം തുടങ്ങിയെങ്കിലും തൊട്ടുപിന്നാലെ അന്വേഷണത്തിന് ബ്രേക്കിട്ടു. പ്രതിയെന്ന് സംശയിക്കുന്ന ആളുമായി സിപിഎം നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന സൂചനകള്‍ പുറത്തുവന്നതോടെയാണ് അന്വേഷണം നിലച്ചത്. ഇതിനിടെ വിഷയം അടിയന്തര പ്രമേയമായി പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നു.

വിഷയത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും അതുണ്ടായില്ല. പേരിനൊരു അന്വേഷണം നടത്തി സിറ്റി പോലീസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അതില്‍ തുടര്‍നടപടിയുണ്ടായില്ല.

ആക്രമണത്തിന് തൊട്ടുപിന്നാലെ ഇത് കോണ്‍ഗ്രസാണെന്ന ആക്ഷേപം ഉന്നയിച്ച ഇടതുമുന്നണി കണ്‍വീനറും ഇപ്പോള്‍ നിശബ്ദനാണ്. ഇടതുമുന്നണി കണ്‍വീനറുടെ പ്രസ്താവന പിന്‍പറ്റി വലിയ അതിക്രമങ്ങള്‍ സിപിഎം നടത്തിയിരുന്നു. എന്നാല്‍ പതുക്കെ തന്റെ വാക്കില്‍ നിന്നും ഇപി ജയരാജനും പിന്‍വലിഞ്ഞു.

എകെജി സെന്റര്‍ ഇടിഞ്ഞു വീഴുന്ന ശബ്ദമായിരുന്നു സ്‌ഫോടനത്തില്‍ ഉണ്ടായതെന്ന് മാധ്യമങ്ങളോട് പറഞ്ഞ കേന്ദ്രകമ്മറ്റിയംഗം പികെ ശ്രീമതിയുടെ വാദം സ്‌ഫോടനത്തിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ പൊളിഞ്ഞു. സാധാ പടക്കം ആണ് എറിഞ്ഞതെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്.

അതേസമയം എകെജി സെന്റര്‍ ആക്രമണത്തിന് ശേഷം ആ വഴിയില്‍ സുരക്ഷ ശക്തമാക്കി എന്നതുമാത്രമാണ് ചെയ്തിട്ടുള്ള ഏക കാര്യം. രാത്രി പത്ത് കഴിയുന്നതോടെ എകെജി സെന്ററിനു മുന്നിലെ റോഡില്‍ ബാരിക്കേഡ് നിരത്തും. എല്ലാ വണ്ടികളും തടയും. പേരും യാത്രാ ലക്ഷ്യവുമെല്ലാം രേഖപ്പെടുത്തി മാത്രമേ ജനറല്‍ ആശുപത്രിയിലേക്കടം ഏതൊരാള്‍ക്കും പോകാനാകൂ.

Advertisment