മരുന്നില്ലായ്മ, അടിപിടി, ഡോക്ടർമാരുടെ അനാസ്ഥയും അതുവഴിയുള്ള മരണങ്ങളും എന്നുവേണ്ട ആരോഗ്യവകുപ്പിൽ നടക്കാത്തതായി ഇനിയൊന്നും ബാക്കിയില്ല. തെരുവ് നായ്ക്കൾ പോലും കയറി നിരങ്ങി. വകുപ്പ് മാറ്റി മന്ത്രിയെയും നാടിനെയും രക്ഷിക്കാനുള്ള അവസരവും പിണറായി കളഞ്ഞുകുളിച്ചു. മയക്കുമരുന്ന് നമ്മുടെ വാതിൽപ്പടി വരെയെത്തിയിരിക്കുന്നു. ഒപ്പം തീവ്രവാദ സംഘടനകളുടെ വളർച്ചയും ഭീതിപ്പെടുത്തുന്നു. ഇത്രയും കുത്തഴിഞ്ഞ ഒരു പോലീസ്‌ സംവിധാനവും ആരോഗ്യ വകുപ്പും അടുത്ത കാലത്തൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല - തിരുമേനി എഴുതുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കേന്ദ്ര ഭരണമായാലും സംസ്ഥാന ഭരണമായാലും രണ്ട് വകുപ്പുകളുടെ ഭരണ കാര്യക്ഷമത വളരെ പ്രധാനമാണ്. ആരോഗ്യവും ആഭ്യന്തരവും. ഈ രണ്ട് വകുപ്പുകളും ജനങ്ങളെ നേരിട്ട് ബാധിക്കുന്നവയാണ്.

Advertisment

publive-image

കേരളത്തെ സംബന്ധിച്ചിടത്തോളം രാജഭരണകാലം മുതലേ ആരോഗ്യ വകുപ്പ് സാമാന്യമായി നല്ല നിലവാരം പുലർത്തി വരുന്നതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ഉന്നത നിലവാരമുള്ള മെഡിക്കൽ കോളേജുകൾ ഇവയെല്ലാം കേരളത്തിലെ പൊതു ആരോഗ്യ മേഖലയിലെ നാഴികക്കല്ലുകളാണ്.

എല്ലാക്കാലത്തും സർക്കാർ ആശുപത്രികൾ കേരളത്തിലെ പാവപ്പെട്ടവർക്ക് കൈത്താങ്ങാണ്. എന്നാൽ കാലാകാലത്ത് അധികാരത്തിൽ വരുന്ന ഭരണകൂടങ്ങൾ ആരോഗ്യ വകുപ്പിനെ ഒരു കറവപ്പശു ആക്കി തീർക്കുകയാണ്. കോടികളുടെ പർച്ചേസ് ആണ് ആരോഗ്യ വകുപ്പിൽ നടക്കുന്നത്.


മരുന്ന്, ഉപകരണങ്ങൾ, വാഹനങ്ങൾ, പി പി ഇ കിറ്റുകൾ തുടങ്ങി കോടികളുടെ ഇടപാടുകൾ നടക്കുന്ന ഈ രംഗത്ത് അഴിമതി നിറഞ്ഞാടുകയാണ്. കോൺഗ്രസ് ഭരിക്കുമ്പോഴും സിപിഎം ഭരിക്കുമ്പോഴും ഇക്കാര്യത്തിൽ കാര്യമായ വ്യത്യാസമൊന്നും കാണാറില്ല.


യുഡിഎഫ് ഭരണത്തിന്റെ കാലഘട്ടങ്ങളിൽ വളരെ നന്നായി വകുപ്പ് കൈകാര്യം ചെയ്ത രണ്ട് മന്ത്രിമാരായിരുന്നു വക്കം പുരുഷോത്തമനും വി.എം.സുധീരനും .

വി.എം.സുധീരൻ ആരോഗ്യ മന്ത്രി ആയിരുന്നപ്പോൾ അഴിമതി പാടെ തുടച്ചുനീക്കിയതാണ്. അന്ന് ആശുപത്രികളിലെ ശുചിത്വവും പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു.

publive-image


സി പി എം ഭരണത്തിൽ ഏറ്റവും നന്നായി ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തത് കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ കെ.കെ.ശൈലജ ടീച്ചർ ആയിരുന്നു. ടീച്ചറിന്റെ കൈയ്യിൽ വകുപ്പ് ഭദ്രമായിരുന്നു. ടീച്ചറിന്റെ കാർക്കശ്യ നിലപാടും ആധികാരികതയും ഉദ്യോഗസ്ഥൻമാരെ ജോലി ചെയ്യാൻ നിർബ്ബന്ധിതരാക്കി.


എന്നാൽ രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് മന്ത്രിയായത് വീണ ജോർജാണ്. ഈ സുപ്രധാന വകുപ്പ് വീണ ജോർജിന് നൽകിയപ്പോൾ തന്നെ പലരും നെറ്റിചുളിച്ചു. ഇപ്പോൾ അതിന് അടിവരയിടുന്നതു പോലെ കേരളത്തിലെ ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞിരിക്കുന്നു.

മന്ത്രി ഒരു കാര്യവും പഠിക്കാതെ എന്തൊക്കെയോ വിളിച്ച് പറയുന്നു. നിയമസഭയിൽ നിരുത്തരവാദപരമായ ഉത്തരം നൽകിയതിന്റെ പേരിൽ സ്പീക്കറിന്റെ ശാസനയും കേൾക്കേണ്ടി വന്നു.

publive-image


ആശുപത്രികളിലെ മരുന്നിന്റെ ലഭ്യതക്കുറവ്, ആശുപത്രി ജീവനക്കാരുടെ നേരെ തുടർച്ചയായി നടക്കുന്ന ആക്രമണം, ഡോക്ടർമാരുടെ അനാസ്ഥ , മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആണ് ഭരണം നടത്തുന്നതെന്ന ആരോപണം ഇവയെല്ലാം ആരോഗ്യ വകുപ്പിന്റെ ഗ്രാഫിനെ കുത്തനെ താഴ്ത്തി.


പി.ആർ. വർക്ക് കൊണ്ട് മാത്രം ഇമേജ് നിലനിർത്താനാണ് വീണ ജോർജ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വീണ ജോർജിനെ മറ്റൊരു വകുപ്പിലേക്ക് മാറ്റി ഭരണത്തിന്റെ പ്രതിച്ഛായ നന്നാക്കുവാൻ ഉള്ള അവസരമാണ് പിണറായി നഷ്ടപ്പെടുത്തിയിരിക്കുന്നത്.

തെരുവ് നായ്ക്കളുടെ കടിയേറ്റ് സംസ്ഥാനത്ത് ഇതിനോടകം ഇരുപത് പേർ മരിച്ചു. ഇവരെല്ലാം റാബിസ് വാക്സിൻ എടുത്തവരാണ്. പേ വിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിട്ടും ഇത്രയും പേർ മരിച്ചു എന്നതിന്റെ ഗൗരവം ആരോഗ്യ വകുപ്പ് അവഗണിക്കുകയാണ്. ഇപ്പോഴും ഒരു കുട്ടി മരണത്തോട് മല്ലടിക്കുന്നു.

പേവിഷബാധയ്ക്കുള്ള റാബിസ് വാക്സിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് എല്ലാവരും ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും വാക്സിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതാണെന്നാണ് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

publive-image

ഇത് മുഖ്യമന്ത്രിക്ക് സഭയിൽ തിരുത്തേണ്ടിവന്നു. ആരോഗ്യ മന്ത്രിയെ തിരുത്തി വാക്സിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകും എന്ന് മുഖ്യമന്ത്രി സഭയിൽ പറയുകയും ചെയ്തു. ആശുപത്രികളിൽ ഒന്നിലും അത്യാവശ്യം വേണ്ട മരുന്നുകൾ പോലും ലഭ്യമല്ല.


വകുപ്പു മേധാവികൾ തമ്മിലുള്ള ശീതസമരം മൂലം തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ സമയത്ത് നടത്താത്തത് മൂലം രോഗി മരണപ്പെട്ട സംഭവം നടന്നത് ഈയിടെയാണ്. ആരോഗ്യവകപ്പ് ഇത്രയും കുത്തഴിഞ്ഞ ഒരു ഭരണം അടുത്ത കാലത്തൊന്നും വേറെ ഉണ്ടായിട്ടില്ല.


ഇതിനേക്കാൾ ദയനീയമാണ് ആഭ്യന്തര വകുപ്പിന്റെ സ്ഥിതി. സംസ്ഥാന പോലീസിൽ നടക്കുന്നത് ഒന്നും ഡിജിപി അനിൽകാന്ത് അറിയുന്നില്ല എന്ന ആരോപണം കുറെ നാളുകളായി കേൾക്കാൻ തുടങ്ങിയിട്ട്. മുഖ്യമന്ത്രിക്ക് പ്രിയങ്കരരായ മൂന്ന് എഡിജിപിമാരെ വച്ചാണ് പോലീസ് ഭരണം നടത്തുന്നത്.

അനുസരണ ഉണ്ടെങ്കിൽ അഴിമതിക്ക് നേരെ കണ്ണടക്കാം എന്നതാണോ സർക്കാർ  തിയറി. മുഖ്യമന്ത്രിയുടെ ഓഫീസ് പല കാര്യങ്ങളും ചെയ്യിക്കുന്നത് ഡി.വൈ.എസ്.പി, സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൊണ്ടാണെന്ന ആക്ഷേപം ഉന്നയിക്കുന്നത് ഉന്നത ഐ പി എസ് ഉദ്യോഗസ്ഥർ തന്നെയാണ് .

publive-image

ഇവരെല്ലാം സി.പി.എം.കാരും അതോടൊപ്പം പിണറായി ഭക്തരുമാണ്. ഇവരെക്കൊണ്ട് ആരൊക്കെയോ നിയമ ലംഘനം നടത്തിക്കുന്നു. ഇന്ന് പോലീസ്‌ സേന അസംതൃപ്തരാണ്. പല ഉന്നത ഉദ്യോഗസ്ഥർക്കും വിലയില്ല. അവരെ ബൈപാസ് ചെയ്ത് കാര്യങ്ങൾ നടക്കുന്നു.


ഗുണ്ടാ സംഘങ്ങൾ , മയക്കുമരുന്ന് മാഫിയ, മണ്ണ് മാഫിയ, ക്വാറി മാഫിയ, ബ്ലേഡ് മാഫിയ ഇവരെല്ലാം കളം നിറഞ്ഞാടുന്നു. മയക്കുമരുന്ന് നമ്മുടെ വാതിൽപ്പടി വരെയെത്തിയിരിക്കുന്നു. ഇതോടൊപ്പം തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ വളർച്ചയും ഭീതിപ്പെടുത്തുന്നതാണ്.


പോലീസിന് പോലും ഇവരെയെല്ലാം ഭയമാണ്. ഇത്രയും കുത്തഴിഞ്ഞ ഒരു പോലീസ്‌ സംവിധാനം അടുത്ത കാലത്തൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല. പോലീസിന് മേൽ ഭരണത്തിന് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം പാടെ വർദ്ധിച്ചിരിക്കുന്നു. പോലീസ് സേനയിലെ അച്ചടക്കമില്ലായ്മയും ഗുരുതരപ്രശ്നമായി വളർന്നിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ പിണറായി പരാജിതനായ ഒരു ആഭ്യന്തരമന്ത്രിയായി തീർന്നിരിക്കുന്നുവെന്ന വിമർശനം ശക്തമാണ്.

Advertisment