Advertisment

പിണറായി - കോടിയേരി ബന്ധം എന്നാൽ സിപിഎമ്മിലെ ഏറ്റവും വലിയ സൗഹൃദം, തുടക്കം മുതൽ മരണം വരെ പലർക്കും പിണറായിയിലേക്കുള്ള പാലമായിരുന്നു കോടിയേരി; പിണറായിയോട് പറയാൻ കഴിയാത്തത് പോയി പറയാവുന്ന ഒരാൾ. 10 വർഷം വിഎസിനൊപ്പം തോളുരുമി നിയമസഭയിൽ ഇരുന്നപ്പോഴും പാർട്ടിയിൽ പിണറായിയുടെ വലംകൈ, വിഎസിനെ പിണക്കിയതുമില്ല; വിഎസ് - പിണറായി പോര് അതിര് വിടാതിരിക്കാൻ കാരണമായതും കോടിയേരിയുടെ ഈ നയതന്ത്രം തന്നെ. ഒരുമിച്ച് ഒരു വഴിയേ നടന്നവരിലൊരാൾ വിട പറയുമ്പോൾ അവശേഷിക്കുന്നയാളുടെ നെഞ്ച് പിടയും - കോടിയേരി മടങ്ങുമ്പോൾ പിണറായിയുടെ നഷ്ടം !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : പ്രായത്തിൽ വ്യത്യാസം ഉണ്ടെങ്കിലും സിപിഎമ്മിൽ ഏറ്റവും വലിയ ഒരു സൗഹൃദമായിരുന്നു പിണറായി - കോടിയേരി ബന്ധം. അതൊരിക്കലും ഉടയാത്തതായിരുന്നു, കോടിയേരിയുടെ മരണം വരെ. പിണറായിയുമായി ഇത്രയും സൗഹൃദം ഉള്ള മറ്റൊരു നേതാവും സിപിഎമ്മിൽ ഇല്ല. പലർക്കും പിണറായിയിലേക്കുള്ള മാർഗമായിരുന്നു കോടിയേരി .

Advertisment

കോടിയേരിയുടെ വിയോഗത്തോടെ പാർട്ടിയിലെ വിശ്വസ്തനായ സഹപ്രവർത്തകനെയും ജീവിതത്തിലെ സഹോദര തുല്യനായ വ്യക്തിയേയും നഷ്ടപ്പെട്ട തീവ്ര വേദനയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ . കോടിയേരിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതൽ ഇരുവർക്കുമിടയിൽ നിലനിന്നിരുന്നത് ഗാഢമായ ബന്ധമായിരുന്നു.

publive-image


രാഷ്ട്രീയ സംഘടനാ പ്രതിസന്ധികളെ തോളോടു തോൾ ചേർന്ന് പൊരുതി തോൽപ്പിച്ചു. ഒരുമിച്ച് ഒരു വഴിയേ നടന്നവരിൽ ഒരാൾ വിട പറയുമ്പോൾ അവശേഷിക്കുന്നയാളുടെ നെഞ്ച് പിടയും. അതാണ് കോടിയേരിയുടെ നിര്യാണത്തിൽ പിണറായി വിജയൻ അനുഭവിക്കുന്ന വേദനയുടെ ആഴം.


ഇരുവർക്കുമിടയിലുളള ബന്ധത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്.

"സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സഹോദര തുല്യം എന്നല്ല യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ച് നടന്നവരാണ് ഞങ്ങൾ" പിണറായി പറയുന്നു.

പ്രായത്തിൽ വ്യത്യാസം ഉണ്ടെങ്കിലും വലിയ സൗഹൃദത്തിൻറെ ഊഷ്മളതയായിരുന്നു ആ ബന്ധത്തിന്റെ മറ്റൊരു സവിശേഷത. പോളിറ്റ് ബ്യൂറോ യോഗത്തിനും മറ്റുമായി ഡൽഹിയിൽ എത്തുമ്പോൾ അടുത്ത മുറിയിലുള്ള  കോടിയേരി തയാറായി വരാൻ കാത്തു നിൽക്കുന്ന പിണറായി കേരള ഹൗസ് ജീവനക്കാർക്ക് അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു.

publive-image

വരാൻ അൽപ്പം താമസിച്ചാൽ വാതിലിനടുത്ത് ചെന്ന് 'കൊടിയേ ..' എന്നൊരു വിളിയുണ്ട് . പാർട്ടി കമ്മിറ്റികളിൽ കോടിയേരി എന്നും ബാലകൃഷ്ണൻ എന്നും വിളിക്കുന്നതായിരുന്നു പിണറായി ശൈലി. സഖാവ് പിണറായി , കണ്ണൂർ ഭാഷാശൈലിയിൽ പിണറായി എന്നെല്ലാമായിരുന്നു കോടിയേരിയുടെ തിരിച്ചുളള അഭിസംബോധന.

വി.എസ് പിണറായി ഗ്രൂപ്പുകളുടെ ഏറ്റുമുട്ടൽ നടന്ന വിഭാഗീയതയുടെ തീവ്ര കാലത്ത് പാർട്ടി ലൈൻ നടപ്പാക്കാൻ പിണറായിയുടെ വലം കൈയ്യായി പ്രവർത്തിച്ചത് കോടിയേരി ആയിരുന്നു.

എതിർ വിഭാഗത്തിന് മേൽകൈയുള്ള ഘടകങ്ങളിൽ പോലും പാർട്ടി തീരുമാനം അംഗീകരിപ്പിച്ച് എടുപ്പിക്കൽ കോടിയേരിയുടെ ദൗത്യമായിരുന്നു. പലപ്പോഴും ഗ്രൂപ്പുകൾക്ക് ഇടയിലെ അനുരഞ്ജകനുമായി.

വി.എസിനെ അനുനയിപ്പിക്കലും പാർട്ടിക്ക് വേണ്ടി കോടിയേരി ഏറ്റെടുത്തു. എല്ലാ വിഷമ സന്ധികളിലും പാർട്ടി തീരുമാനങൾ നടത്തിയെടുക്കാൻ പിണറായിക്ക് ഒപ്പം കോടിയേരി ശക്തമായി നിന്നു .

publive-image

പിണറായി പാർട്ടി സെക്രട്ടറിയും വി എസ് അച്യുതാനന്ദൻ പാർലമെന്ററി പാർട്ടി ലീഡറുമായി പ്രവർത്തിച്ച 10 വർഷക്കാലം കോടിയേരിയും വി എസിനൊപ്പം പാർലമെന്ററി പാർട്ടി ഉപനേതാവായിരുന്നു.


അന്നൊക്കെയും പാർട്ടിക്കുവേണ്ടി വി എസിന്റെ നിലപാടുകളെ ശക്തമായി എതിർക്കുമ്പോൾ തന്നെ വി എസിന്റെ സ്നേഹം നഷ്ടപ്പെടുത്താതെയുള്ള കരുതൽ കൂടി കോടിയേരിക്ക് ഉണ്ടായിരുന്നു. അതേസമയംതന്നെ പാർട്ടിയിൽ പിണറായിയുടെ വലംകൈയ്യായി നിന്നു. അങ്ങനൊരാൾ ഇനി പാർട്ടിയിലില്ല എന്നതാണ് പിണറായിയുടെ നഷ്ടം, വേദനയും .. 


അടിയന്തിരാവസ്ഥ കാലത്ത് ഒരുമിച്ച് ജയിൽവാസം അനുഭവിച്ചതും എം.വി രാഘവൻ പാർട്ടി വിട്ടപ്പോൾ കണ്ണൂരിലെ പാർട്ടി കോട്ട കാക്കാൻ ഒരു മിച്ചിറങ്ങിയതും കോടിയേരി പിണറായി ബന്ധം ദൃഡതരമാക്കിയത്.

publive-image

"ചാഞ്ചല്യമില്ലാത്ത പ്രത്യയശാസ്ത്രബോധ്യം, വിട്ടുവീഴ്ചയില്ലാത്ത പാര്‍ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള മനഃസന്നദ്ധത, എണ്ണയിട്ട യന്ത്രം എന്നതുപോലെ പാര്‍ടി സംഘടനയെ സദാ തയ്യാറാക്കിനിര്‍ത്തുന്നതിലുള്ള നിഷ്‌ക്കര്‍ഷ എന്നിവയൊക്കെ പുതിയ തലമുറക്കു മാതൃകയാകും വിധം എന്നും തിളങ്ങി നിന്നു " പ്രിയ സഖാവിന്റെ സംഭാവനകളെ ഇങ്ങനെയാണ് പിണറായി ഉപസംഹരിക്കുന്നത്.

Advertisment