തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം വാങ്ങി വെൽനസ് സെന്റർ ആരംഭിക്കാനുള്ള നീക്കം വിവാദമായെങ്കിലും തുടർ നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഔഷധിയുടെ തീരുമാനം.
തിരുവനന്തപുരം തിരുമല കുണ്ടമൺകടവിൽ 73 സെന്റ് സ്ഥലത്തുള്ള ആശ്രമത്തിന്റെ വില നിർണയിക്കാൻ റവന്യൂ വകുപ്പിന് കത്ത് നൽകാൻ ഇന്നലെ ചേർന്ന ഔഷധി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. വില നിശ്ചയിച്ച് നൽകിയാൽ അത് സന്ദീപാനന്ദ ഗിരിയ്ക്ക് നൽകികൊണ്ട് ആശ്രമം ഔഷധി വാങ്ങും.
ഔഷധി ആരോഗ്യവകുപ്പിന് കീഴിലാണെങ്കിലും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പിന്തുണ നേടികൊണ്ടാണ് ചെയർപേഴ്‌സൺ ശോഭനാ ജോർജ് മുന്നോട്ടു പോകുന്നത്. 30 കോടിയോളം വിലയാണ് ഔഷധി പ്രതീക്ഷിക്കുന്നത്. അത് നൽകിയായാലും ആശ്രമം ഔഷധി വാങ്ങും.
എന്നാൽ വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതിക്ക് വേണ്ടിയാണ് പണം പാഴാക്കുന്നത്. 16 വർഷം മുമ്പ് ഔഷധി തിരുവനന്തപുരത്ത് കിടത്തി ചികിത്സ നൽകുന്നതിന് കേന്ദ്രം തുടങ്ങിയിരുന്നു. 2006ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ശാസ്തമംഗലം പൈപ്പിൻമൂട് റോഡിൽ ആരംഭിച്ച കേന്ദ്രം നഷ്ടത്തെ തുടർന്ന് 13മാസത്തിന് ശേഷം പൂട്ടിക്കെട്ടി.
അന്നത്തെ പഞ്ചകർമ്മ ചികിത്സാകേന്ദ്രമാണ് ഇന്ന് വെൽനസ് സെന്ററായി വരുന്നത്. എന്നാൽ ഇപ്പോൾ ഔഷധിയുടെ തലപ്പത്തുള്ളവർക്ക് ഇക്കാര്യങ്ങളിൽ ധാരണയില്ലെന്ന് ഒരുവിഭാഗം ജീവനക്കാർ പറയുന്നു. ശോഭനാ ജോർജ് ചെയർപേഴ്‌സണായ ശേഷം മാനേജിംഗ് ഡയറക്ടറായി എത്തിയ ഡോ.ഹൃദിക്കിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ നടപടികൾ പുരോഗമിക്കുന്നത്.
മുൻകാലങ്ങളിൽ ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരായിരുന്നു ഔഷധിയുടെ എം.ഡിയായിരുന്നത്. അതിൽ മാറ്റം വന്നതോടെ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ സാരാമായി ബാധിച്ചിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. സന്ദീപാനന്ദഗിരിയുടേത് ആശ്രമമാണെന്നാണ് പറയുന്നെങ്കിലും പഞ്ചനക്ഷത്ര റിസോർട്ടിന് സമാനമാണത്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലാകും വിലനിർണയിക്കുക. സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന സന്ദീപാനന്ദഗിരിയുടെ ആശ്രമം വാങ്ങുന്നതിനെ ചൊല്ലിയുള്ള നീക്കം വിവാദമായെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നും പിന്തുണ ലഭിച്ചതോടെയാണ് തുടർനടപടികൾ സ്വീകരിക്കാൻ ഔഷധി തീരുമാനിച്ചത്.
ഔഷധിയുടെ ആസ്ഥാനമായ തൃശൂരിൽ 18 വർഷമായി നടക്കുന്ന വെൽനസ് കേന്ദ്രം മറ്റു ജില്ലകളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ സ്ഥലപരിശോധന നടത്തുന്നതിനിടെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം ശ്രദ്ധയിൽപ്പെട്ടതെന്നാണ് ഔഷധി അധികൃതർ പറയുന്നത്.
എന്നാൽ പദ്ധതിയ്ക്കായി ഡി.പി.ആർ തയ്യാറാക്കാനുള്ള പത്ര പരസ്യം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഔഷധി നൽകിയത്. എന്നാൽ കഴിഞ്ഞമാസം 21ന് തന്നെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം അനുയോജ്യമാണെന്ന് ചൂണ്ടിക്കാട്ടി ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ. ഹൃദിക് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതാണ് സംശയങ്ങൾ ഉയരാൻ കാരണം.
എന്നാൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് വെൽനസ് സെന്ററുകൾ തുടങ്ങാനുള്ള തീരുമാനമെടുത്തതെന്നും നാല് മാസം മുമ്പ് നടപടികൾ പുനരാംഭിക്കുക മാത്രമാണ് ചെയ്തതെന്നും ഔഷധി ചെയർപേഴ്‌സൺ ശോഭനാ ജോർജ് വ്യക്തമാക്കി.
പരമ്പരാഗ രീതിയിൽ നിന്ന് മാറി കാലഘട്ടത്തിന് അനുസരിച്ച് ഔഷധിയെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും ഇതിലൂടെ കൂടുതൽ പേർക്ക് തൊഴിൽ നൽകാനാകുമെന്നും അവർ പറയുന്നു.
തിരുവനന്തപുരത്തെ കൂടാതെ, കോട്ടയം,പത്തനംത്തിട്ട,കോഴിക്കോട് എന്നിവിടങ്ങിലാണ് വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. മറ്റിടങ്ങളിലൊന്നും സ്ഥലം കണ്ടെത്തിയിട്ടുമില്ല. പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള തലസ്ഥാനത്ത് സ്പിരിച്വൽ ടൂറിസമാണ് ആശ്രമം ഏറ്റെടുടുക്കുന്നതിന് കാരണമായി ഔഷധി വിശദീകരിക്കുന്നത്.
എന്നാൽ നഗരത്തിൽ നിന്ന അകലെയുള്ള കുണ്ടമൺകടവിൽ എങ്ങനെ വിദേശികൾ എത്തുമെന്നതിന് മറുപടിയില്ല. 2018 ഒക്ടോബറിലാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. കേസിൽ പ്രതികളെ ആരെയും കണ്ടെത്താനുമായിട്ടില്ല.