അർജന്റീനയും ഫ്രാൻസും ഇഞ്ചോടിഞ്ച് മുന്നേറവേ, കളിയുടെ പിരിമുറുക്കം മാറ്റാൻ മലയാളി അകത്താക്കിയത് 56 കോടിയുടെ മദ്യം. ബിവറേജസ് കോർപറേഷന് കൊയ്ത്തായി ലോകകപ്പ് ഫൈനലിലെ ആവേശം. ഖജനാവ് നിറച്ച് മദ്യപന്മാർ. ക്രിസ്തുമസ് കൂടിയാവുന്നതോടെ ബിവറേജസ് കോർപറേഷന് ഇരട്ട ബമ്പർ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: അർജന്റീനയും ഫ്രാൻസും ഇഞ്ചോടിഞ്ച് മുന്നേറവേ കളിയുടെ പിരിമുറുക്കം മാറ്റാൻ മലയാളി അകത്താക്കിയത് 56 കോടിയുടെ മദ്യമാണ്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം ഗോളടിച്ച് മുന്നേറുകയും മത്സരം അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും കടന്നതും കുടിയുടെ തീവ്രത കൂടാനിടയാക്കി. ബിവറേജസ് കോർപറേഷനിലെ കണക്ക് മാത്രമാണിത്.

Advertisment

publive-image


ബാറുകളിലെ വിൽപ്പന കൂടിയാവുമ്പോൾ 100 കോടിക്ക് അടുത്തു വന്നേക്കാം. ഫുട്ബോൾ ആവേശം സിരകളിൽ കൊഴുത്തു കയറിയപ്പോൾ ബെവ്കോയുടെ ഒരു ദിവസത്തെ വരുമാനത്തിൽ 21 കോടിയോളം രൂപയുടെ വർദ്ധനയുണ്ടായി. സാധാരണ ദിവസങ്ങളിൽ ശരാശരി 35 കോടിയും ഞായറാഴ്ചകളിൽ 40 കോടിയുമാണ് ബെവ്കോ ഷോപ്പുകൾ വഴിയുള്ള വില്പന.


ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർഫെഡിന്റെയും ചില്ലറ വില്പന ശാലകൾ വഴി കഴിഞ്ഞ ഞായറാഴ്ച വിറ്റത് 50 കോടിയുടെ മദ്യമാണ്. ശനിയാഴ്ച വെയർഹൗസുകളിൽ നിന്ന് ബാറുകൾ വാങ്ങിയത് ആറു കോടിയുടെ മദ്യവും. കഴിഞ്ഞ ദിവസം വിദേശ മദ്യത്തിന്റെ വില്പന നികുതി നാല് ശതമാനവും കൈകാര്യ ചെലവ് ഒരു ശതമാനവും കൂട്ടിയതോടെ മദ്യത്തിന്റെ വിലിയൽ മാറ്റം വന്നു.

രാത്രിയിലാണ് വില വർദ്ധന നടപ്പാക്കാനുള്ള നിർദ്ദേശം വെയർഹൗസ് മാനേജർമാർക്കും റീജിയണൽ മാനേജർമാർക്കും കിട്ടിയത്. പുതുക്കിയ വില കണക്ക് കൂട്ടാൻ ബെവ്കോ ഐ ടി വിഭാഗം പരിശ്രമം നടത്തുന്നതനിടെയാണ് ലോക കപ്പ് ഫൈനൽ എത്തുന്നത്. കൂടുതൽ വില്പന നടന്ന ഷോറൂമുകൾ ഏതെല്ലാമെന്ന് തിട്ടപ്പെടുത്തുന്നതേയുള്ളൂ.

ക്രിസ്തുമസ് കൂടി വരുന്നതോടെ ബിവറേജസ് കോർപറേഷന് ഇരട്ട ബമ്പറാണ്. കഴിഞ്ഞ വർഷം ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് നടന്നത് റെക്കോഡ് മദ്യവിൽപ്പനയായിരുന്നു. 65 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്‌ലെറ്റുകൾ വഴി ഡിസംബർ 24ന് വിറ്റഴിച്ചത്. അതിനു മുൻപുള്ള വർഷം ഇത് 55 കോടി രൂപയായിരുന്നു. 2021ൽ മുൻ വർഷത്തെ അപേക്ഷിച്ച് 10 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്.

publive-image


വെയർഹൗസിൽ നിന്ന് ആകെ വിറ്റത് 90 കോടിയുടെ മദ്യമാണ്. കൺസ്യൂമർഫെഡും ബാറുകളും ഇവിടെ നിന്ന് മദ്യം എടുക്കുന്നത്. ഏറ്റവും അധികം മദ്യവിൽപന നടന്നത് തിരുവനന്തപുരത്താണ്. തലസ്ഥാന നഗരത്തിലെ പവർഹൗസ് റോഡ് ഔട്‌ലെറ്റ് വഴി വിറ്റത് 73.53 ലക്ഷം രൂപയുടെ മദ്യമാണ്.


രണ്ടാം സ്ഥാനത്തുള്ള ചാലക്കുടി ഔട്‌ലെറ്റ് വഴി വിറ്റഴിച്ചത് 70.72 ലക്ഷം രൂപയുടെ മദ്യം. മൂന്നാം സ്ഥാനത്ത്‌ ഇരിങ്ങാലക്കുട ഔട്‌ലെറ്റിനാണ്‌. 63.60 ലക്ഷം രൂപയുടെ വിൽപന നടന്നു.

Advertisment