Advertisment

അഞ്ച് സിഐമാർ മാറിമാറി അന്വേഷിച്ചിട്ടും സത്യം കണ്ടെത്താനായില്ല; മുറിയിലെ ഫോറൻസിക് പരിശോധനയിലും ഒന്നും കണ്ടില്ല; കഴുത്തിലെ ക്ഷതം വിരൽചൂണ്ടുന്നത് കൊലയിലേക്ക്; യുവ സംവിധായിക നയനാ സൂര്യയെ കൊലപ്പെടുത്തിയത് കരിമണൽ മാഫിയയോ സുഹൃത്തുക്കളോ? സത്യം തെളിയിക്കാൻ പ്രത്യേക സംഘം 

New Update

തിരുവനന്തപുരം: താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവ സിനിമ സഹ സംവിധായിക നയനാസൂര്യയുടെ (28) മരണം കൊലപാതകമാണോയെന്ന് പോലീസ് വീണ്ടും അന്വേഷിക്കുന്നു. 2019മുതൽ 5 സി.ഐമാർ മാറിമാറി അന്വേഷിച്ചിട്ടും കാര്യമായി ഒന്നും കണ്ടെത്താനായിരുന്നില്ല.

Advertisment

publive-image


കോവളത്ത് ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിന്റെ ചുരുളഴിച്ച് ഹീറോയായ അസി കമ്മീഷണ‌ർ ദിനിലാവും ഇനി നയനാ കേസ് അന്വേഷിക്കുക. അന്വേഷണത്തിന് ജില്ലാ ക്രൈം റിക്കാർ‌ഡ് ബ്യൂറോ അസി കമ്മിഷണർ ദിനിലിനെ ചുമതലപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു അറിയിച്ചു.


കേസിൽ കൂടുതൽ തെളിവുകളുണ്ടോയെന്ന് അന്വേഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടോയെന്ന് പരിശോധിക്കാനുമാണ് അന്വേഷണം മ്യൂസിയം പൊലീസിൽ നിന്ന് മാറ്റിയതെന്ന് കമ്മിഷണർ വെളിപ്പെടുത്തി. ഇതുവരെ നടത്തിയ പോലീസ് അന്വേഷണത്തിൽ അസ്വാഭാവികമായി യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ സംശയമുന്നയിച്ച് പരാതികളും നൽകിയിട്ടില്ല. മരണം സംഭവിച്ച് ആറുമാസത്തിനുള്ളിൽ പുറത്തുവന്ന രാസപരിശോധനാ ഫലത്തിലും സംശയാസ്പദമായി ഒന്നുമില്ല.

പോസ്റ്റുമോർട്ടം റിപ്പോർട്ടുമായി ബന്ധപ്പെട്ട സംശയങ്ങളുടെ അടിസ്ഥാനത്തിൽ കേസ് വിശദമായി പരിശോധിക്കാനും അന്വേഷണം വിലയിരുത്താനും കേസ് ഡയറി ഉൾപ്പെടെയുള്ള ഫയലുകൾ മ്യൂസിയം പൊലീസിൽ നിന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു.

2019 ഫെബ്രുവരി 24നാണ്കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശൻ - ഷീല ദമ്പതികളുടെ മകൾ നയനാ സൂര്യയെ തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പത്തുവർഷത്തോളമായി സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന.

ലെനിൻ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയും മരണപ്പെട്ടത്. ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് താമസസ്ഥലത്തെ മുറിക്കുള്ളിൽ ചലനമറ്റ നിലയിൽ നയനയെ കാണുന്നത്. അകത്ത് നിന്ന് പൂട്ടിയിട്ടിരുന്ന മുറി കെട്ടിട ഉടമയുടെ സഹായത്തോടെ തുറന്നാണ് നയനയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രി അധികൃതർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കഴുത്തിൽ ഞെരിച്ച അടയാളങ്ങളുള്ളതായി കണ്ടെത്തിയത്. ഇതേ തുടർന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോ ശശികലയും ഫോറൻസിക് വിദഗ്ദരും നയന താമസിച്ചിരുന്ന മുറിയിലെത്തി പരിശോധനകൾ നടത്തിയിരുന്നെങ്കിലും അസ്വാഭാവികമായി യാതൊന്നും കണ്ടെത്തിയിരുന്നില്ല.

ലെനിൻ രാജേന്ദ്രന്റെ മരണശേഷം നയന വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രമേഹരോഗിയായിരുന്ന നയന ഷുഗർ താഴ്ന്ന് പലതവണ മുറിക്കുള്ളിൽ കുഴഞ്ഞുവീണിട്ടുള്ളതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

publive-image


വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാണെന്ന നിലപാടിൽ അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച ഘട്ടത്തിലാണ് കഴുത്തിനേറ്റ ക്ഷതമുൾപ്പെടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടി നയനയുടെ മരണം കൊലപാതകമാണെന്ന സംശയങ്ങൾ വീണ്ടും ഉയർന്നത്. 'ക്രോസ് റോഡ്' എന്ന ആന്തോളജി സിനിമയിൽ 'പക്ഷികളുടെ മണം' എന്ന സിനിമയും ഒട്ടേറെ പരസ്യചിത്രങ്ങളും നയന ഒരുക്കിയിട്ടുണ്ട്.


ആലപ്പാട് കരിമണൽ ഖനന വിരുദ്ധ പ്രക്ഷോഭങ്ങളിലും സജീവമായിരുന്നു. നയന സ്വയം കഴുത്ത് ഞെരിച്ചപ്പോഴുണ്ടായ അടയാളങ്ങളും അതേ തുടർന്ന് ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതവുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നതെന്നാണ് ഫോറൻസിക് വിദഗ്ദരുൾപ്പെടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് നൽകിയിരിക്കുന്ന വിശദീകരണം.

മുറിയ്ക്കുള്ളിൽ നിന്ന് മറ്റ് സംശയിക്കത്തക്ക തെളിവുകളോ താമസസ്ഥലത്ത് അപരിചിതരുടേതുൾപ്പെടെ മറ്റാരുടെയെങ്കിലും സാന്നിദ്ധ്യമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ

Advertisment