തിരുവനന്തപുരം: ഏകദിന ക്രിക്കറ്റ് മാമാങ്കത്തിന് അണിഞ്ഞൊരുങ്ങി തലസ്ഥാനം. ഇന്ത്യയും ശ്രീലങ്ക തമ്മിലുള്ള മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. മൂന്ന് മത്സര പരമ്പരയിലെ അവസാന ഏകദിനമാണിത്. ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ പരമ്പര വിജയിച്ചു. ഇന്നു കൂടി ജയിച്ച് പരമ്പര തൂത്തുവാരി സമ്പൂർണ ആധിപത്യമാണ് ലക്ഷ്യം. ആശ്വാസജയം തേടിയാണ് ലങ്ക ഇറങ്ങുന്നത്.
/sathyam/media/post_attachments/N5LnQeZDkCt4Q5tYIdky.jpg)
രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമിൽ വിരാട് കൊഹ്‌ലി, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ മുഹമ്മദ് ഷമി, കുൽദീപ് യാദവ് തുടങ്ങിയ സീനിയർ താരങ്ങളും സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ ഉമ്രാൻ മാലിക്ക്, ശുഭ്മാൻ ഗിൽ തുടങ്ങിയ യുവതാരങ്ങളും അണിനിരക്കുന്നു. ഓൾറൗണ്ടർ ദാസുൻ ഷനകയാണ് ലങ്കയെ നയിക്കുന്നത്. ഇന്ത്യൻ താരങ്ങൾ ഇന്നലെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.ലങ്കൻ ടീം ഉച്ചയോടെയും ഇന്ത്യൻ ടീം വൈകുന്നേരത്തോടെയും ഗ്രീൻഫീൽഡിൽ പരിശീലനത്തിനെത്തി.
പട്ടിണിപ്പാവങ്ങൾ ക്രിക്കറ്റ് കാണേണ്ടെന്ന കായികമന്ത്രിയുടെ വിവാദപ്രസ്താവനയോടെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന കുറഞ്ഞിരുന്നു. കഴിഞ്ഞ മത്സരങ്ങളിലേതുപോലെ വലിയ തിരക്ക് ഇന്ന് ഗ്രീൻഫീൽഡിൽ കാണാനിടയില്ലെന്നാണ് കരുതുന്നത്. മത്സരം ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കും. കാണികൾക്ക് 11.30 മുതൽ പ്രവേശനമുണ്ടാവും.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ അഞ്ചാമത്തെ അന്താരാഷ്ട്ര മത്സരമാണിത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പാക്കിയതോടെ, ഇന്ത്യൻ ടീമിൽ പരീക്ഷണങ്ങൾ നടത്തിയേക്കും. രോഹിത് ശർമ നയിക്കുന്ന ടീമിൽ ബാറ്റിങ് നിരയിൽ കാര്യമായ പരീക്ഷണങ്ങൾക്ക് സാധ്യതയില്ലെന്നാണ് സൂചന. അതേസമയം, ബോളിങ് നിരയിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ഗുവാഹത്തിയിലും കൊൽക്കത്തയിലും നടന്ന ആദ്യ രണ്ടു മത്സരങ്ങളിൽ വിജയം നേടിയതോടെയാണ് ഇന്ത്യ പരമ്പര ഉറപ്പാക്കിയത്. തീരെ ചെറിയ ഇടവേളയ്ക്കുശേഷം കരുത്തരായ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാകാനിരിക്കെ, ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ആത്മവിശ്വാസം വർധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.
ഏകദിന ലോകകപ്പ് ഉൾപ്പെടെ വരാനിരിക്കുന്ന സാഹചര്യത്തിൽ തുടർച്ചയായി കളിക്കുന്ന താരങ്ങളിൽ ചിലർക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. അതേസമയം, ബാറ്റിങ് നിരയിൽ കാര്യമായ പരീക്ഷണങ്ങൾക്കു മുതിരുമോ എന്നു സംശയം. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ അവസരം കാത്ത് പുറത്തുണ്ടെങ്കിലും, ശുഭ്മൻ ഗില്ലിനെയും ശ്രേയസ് അയ്യരെയും തിരുവനന്തപുരത്തും കളിപ്പിക്കാനാണ് സാധ്യത.
/sathyam/media/post_attachments/vGIyd2Ab59j6IY0FQcDw.jpg)
ബോളിങ് നിരയിൽ തുടർച്ചയായി കളിക്കുന്ന മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഉൾപ്പെടെ കളിക്കേണ്ട ഷമിക്കു പകരം, ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ് കളിച്ചേക്കും.
കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായെത്തി കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹൽ തിരിച്ചെത്തുന്നതോടെ ടീമിൽ ഇടം നിലനിർത്തുമോ എന്നതും സംശയം. മുൻപ് ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ മാൻ ഓഫ് മാച്ച് പുരസ്കാരം നേടിയ ശേഷം തൊട്ടടുത്ത മത്സരത്തിൽ പുറത്തിരുന്ന ചരിത്രം കുൽദീപിനുണ്ട്. അത് ആവർത്തിക്കപ്പെടുമോ എന്നാണ് സംശയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us