തിരുവനന്തപുരം: കത്തുന്ന പുരയിൽ നിന്ന് കഴുക്കോൽ ഊരുന്ന പണി എന്ന് കേട്ടിട്ടേയുളളു, കാണണമെങ്കിൽ നമ്മുടെ ആനവണ്ടി കോർപ്പറേഷനായ കെ.എസ്.ആർ.ടി.സിയിൽ ചെന്നാൽ മതി. സാമ്പത്തിക പ്രതിസന്ധിയും കണക്കെണിയും മൂലം കോർപ്പറേഷൻ ശ്വാസം മുട്ടുമ്പോൾ ഇല്ലാത്ത പൈസക്ക് വാങ്ങുന്ന ഡീസൽ ഊറ്റിവിൽക്കുന്ന ''സ്ഥാപന സ്നേഹികളായ'' തൊഴിലാളികളാണ് കെ.എസ്.ആർ.ടി.സിയിലുളളത്.
/sathyam/media/post_attachments/rWC0jdFD08J9T5htgxOZ.jpg)
ഇങ്ങനെ പത്ത് പേർ ഉണ്ടെങ്കിൽ കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ എന്തുചെയ്തിട്ടും കാര്യമില്ല, ഇവർ ആത്മാർത്ഥമായി പ്രവർത്തിച്ച് സ്ഥാപനം എത്രയും വേഗം പൂട്ടിച്ചുകൊളളും. എല്ലാ പ്രതിസന്ധിയിലും സ്ഥാപനത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന നല്ലവരായ തൊഴിലാളികൾക്ക് കൂടി നാണക്കേടുണ്ടാക്കുന്ന ഡീസൽ - സ്പെയർപാർട്സ് കളളന്മാരെ പിരിച്ചുവിടാതെ കെ.എസ്.ആർ.ടി.സി രക്ഷപ്പെടുകയുളളു.
അതിനുളള ആർജവം സ്ഥാപനത്തെ നയിക്കുന്നവർക്കും ഉണ്ടാകണം.അല്ലാതെ നടപടിക്രമങ്ങൾ പാലിച്ച് ഫയലിൽ എഴുത്തു കുത്തുമായിരുന്നാൽ സ്ഥാപനം കുത്തുപാളയെടുക്കും. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നാണ് ഡീസൽ മോഷ്ടാവിനെ പിടികൂടുന്നത്. ബുധനാഴ്ച വെളുപ്പിന് അഞ്ച് മണിയോടെയായിരുന്ന സംഭവം.
കൊല്ലം-കുളത്തൂപ്പുഴ സർവീസ് പോകേണ്ട RNC 352 നമ്പർ ബസ് കെഎസ്ആർടിസി ഡിപ്പോയുടെ ഡീസൽ പമ്പിന് സമീപം പാർക്ക് ചെയ്തിരിക്കുകയായിരുന്നു.ബസിൻെറ ഡ്രൈവറായ എസ്. സലീം ഡീസൽ ടാങ്ക് തുറന്ന് പത്ത് ലീറ്ററിൻെറ കന്നാസിലേക്ക് ഡീസൽ മാറ്റി കൊണ്ടിരിക്കുകയായിരുന്നു.വെളുപ്പിനെ ആയതുകൊണ്ട് അധികമാരും പമ്പിൻെറ സമീപത്തില്ല.
ഡീസലിൻെറ മണം വന്നതോടെ ചുറ്റും നോക്കിയ പമ്പ് ഓപ്പറേറ്റർ ദീപു വിശാഖൻ ബസിന് അടുത്തേക്കെത്തി. മോഷണം ശ്രദ്ധയിൽപ്പെട്ടതോടെ സലിമിനെ പിടികൂടിയ പമ്പ് ഓപ്പറേറ്റർ ഉടൻതന്നെ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഡ്രൈവർ സലിം കുറ്റസമ്മതം നടത്തിയതോടെ ഉദ്യോഗസ്ഥർ പോലിസിനെ വിവരം അറിയിച്ചു. പോലീസ് എത്തുമെന്നായതോടെ ജീവനക്കാരുടെ പിടിയിൽ നിന്നും കുതറി ഓടിയ സലിം കടന്നു കളഞ്ഞു.
രാവിലെ 5.40 ന് കൊല്ലം - കുളത്തൂപ്പുഴ സർവ്വീസിന് പോകേണ്ട ഡ്യൂട്ടിയിൽ ഉള്ള ഡ്രൈവറായിരുന്നു എസ്. സലിം. ഇയാൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ട് കടന്നുകളഞ്ഞതിനാൽ കൊല്ലം- കുളത്തൂപ്പുഴ സർവ്വീസ് നടത്താനും കഴിഞ്ഞില്ല. ഡീസൽ മോഷണം നടത്തിയ കൊല്ലം ഡിപ്പോയിലെ ഡ്രൈവറായ എസ്.സലിമിനെതിരെ കെഎസ്ആർടിസി കൊല്ലം അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ പോലീസിൽ പരാതി നൽകി.
ഇയാളെ പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് കെഎസ്ആർടിസി മാനേജിങ്ങ് ഡയറക്ടറുടെ ഉറപ്പ്. ഡ്രൈവറുടെ പ്രവർത്തി കെഎസ്ആർടിസി ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഡീസൽ മോഷണത്തിലുപരി, വിശ്വാസ വഞ്ചനയും പൊതുമുതൽ കൊള്ളയടിക്കലുമാണെന്നാണ് വിലിയിരുത്തൽ.
ഈ കുറ്റങ്ങൾക്ക് പുറമേ ഗതാഗതത്തിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം വരുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്ട്രർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ കൊല്ലം ഈസ്റ്റ് പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us